ടെസ്റ്റില്‍ ഇടിവെട്ട് റെക്കോഡുമായി റൂട്ട്; അടിച്ച് കേറിയത് ഇതിഹാസങ്ങള്‍ക്കൊപ്പം
Sports News
ടെസ്റ്റില്‍ ഇടിവെട്ട് റെക്കോഡുമായി റൂട്ട്; അടിച്ച് കേറിയത് ഇതിഹാസങ്ങള്‍ക്കൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th October 2024, 12:02 pm

പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം മുള്‍ത്താനില്‍ നടക്കുകയാണ്. ബംഗ്ലാദേശിനെതിരെ ഹോം ടെസ്റ്റ് മത്സരത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന്റെ വമ്പന്‍ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ആദ്യ ഇന്നിങ്സ് അവസാനിച്ചപ്പോള്‍ 149 ഓവറില്‍ 556 റണ്‍സ് നേടി പാകിസ്ഥാന്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു.

നിലവില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണിങ്ങിന് ഇറങ്ങിയ ക്യാപ്റ്റന്‍ ഒല്ലി പോപ്പിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് പാകിസ്ഥാന്‍ ബൗളിങ് തുടങ്ങിയത്. എന്നാല്‍ സാക്ക് ക്രോളിയുടെ മിന്നും പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 85 പന്തില്‍ 13 ഫോര്‍ അടക്കം 78 റണ്‍സ് നേടിയാണ് താരം പുറത്തായത്

നിലവില്‍ ത്രീ ലയണ്‍സിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് 50 റണ്‍സ് നേടിയും ബെന്‍ ഡക്കറ്റ് 42 റണ്‍സ് നേടിയും ബാറ്റിങ് തുടരുകയാണ്. 76 പന്തില്‍ നിന്ന് നാല് ഫോര്‍ ഉള്‍പ്പെടെയാണ് റൂട്ട് ക്രീസില്‍ തുടരുന്നത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് നേടാനും റൂട്ടിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ ഓരോ കലണ്ടര്‍ വര്‍ഷത്തിലും ഏറ്റവും കൂടുതല്‍ 1000+ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കാനാണ് റൂട്ടിന് സാധിച്ചത്. ഈ നേട്ടത്തില്‍ അഞ്ച് ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് റൂട്ട്.

ടെസ്റ്റില്‍ ഓരോ കലണ്ടര്‍ വര്‍ഷത്തിലും ഏറ്റവും കൂടുതല്‍ 1000+ റണ്‍സ് നേടുന്ന താരം, രാജ്യം, എണ്ണം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – ഇന്ത്യ – 6

ജോ റൂട്ട് – ഇംഗ്ലണ്ട് – 5

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്ഡീസ് – 5

മാത്യു ഹൈഡന്‍ – ഓസ്‌ട്രേലിയ – 5

ജാക്വസ് കാലിസ് – സൗത്ത് ആഫ്രിക്ക – 5

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 5

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 5

മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ സയിം അയൂബിനെ നാല് റണ്‍സിന് നഷ്ടമായ ശേഷം ഓപ്പണര്‍ അബ്ദുള്ള ഷഫീഖിന്റെയും ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെയും ഇടിവെട്ട് സെഞ്ച്വറി കരുത്തില്‍ പാകിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.

അബ്ദുള്ള 184 പന്തില്‍ 10 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് പുറത്തായത്. ത്രീ ലയണ്‍സിന്റെ സ്റ്റാര്‍ പേസര്‍ ഗസ് ആറ്റ്കിന്‍സനാണ് താരത്തിന്റെ വിക്കറ്റ്.

ഷാന്‍ മസൂദ് 177 പന്തില്‍ നിന്ന് 13 ഫോറും രണ്ട് സിക്സും അടക്കം 151 റണ്‍സ് നേടിയാണ് തിളങ്ങിയത്. ജാക്ക് ലീച്ചാണ് താരത്തെ പുറത്താക്കിയത്. ഇരുവര്‍ക്കും പുറമെ അവസാനഘട്ടത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത് സല്‍മാന്‍ അലി ആഘയാണ്. 119 പന്തില്‍ നിന്ന് 10 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 104 റണ്‍സാണ് നേടിയത്. പാകിസ്ഥാന്റെ മൂന്ന് താരങ്ങള്‍ സെഞ്ച്വറി അടിച്ചതോടെ വമ്പന്‍ തിരിച്ചുവരവാണ് ടീം കാഴ്ചവെച്ചത്.

എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി 30 റണ്‍സിന് ബാബര്‍ അസം പടിയിറങ്ങിയപ്പോള്‍ സൗദ് ഷക്കീലിന്റെ മിന്നും പ്രകടനം ടീമിന് തുണയായി. 177 പന്തില്‍ എട്ട് ഫോര്‍ അടക്കം 82 റണ്‍സ് നേടിയാണ് ഷക്കീല്‍ കൂടാരം കയറിയത്. സ്പിന്‍ ബൗളര്‍ ഷൊയ്ബ് ബഷീറാണ് താരത്തെ പറഞ്ഞയച്ചത്.

ശേഷം യുവതാരം നസീം ഷാ 33 റണ്‍സിന് പുറത്തായപ്പോള്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ പൂജ്യം റണ്‍സിന് മടങ്ങി.

ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച്ച് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഗസ് ആറ്റ്കിന്‍സണും ബ്രൈഡന്‍ കാര്‍സിയും രണ്ട് വിക്കറ്റ് നേടി. ക്രിസ് വോക്സും ഷൊയ്ബ് ബഷീറും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

 

Content Highlight: Joe Root In Great Record Achievement In Test