ഷെഫ് ഇനി ഒറ്റയ്ക്കല്ല; സച്ചിന്റെ റെക്കോഡ് തകര്‍ക്കാനെത്തുന്നവന്‍ ഇപ്പോള്‍ വീഴ്ത്തിയത് ഇംഗ്ലീഷ് ഇതിഹാസത്തെ
Sports News
ഷെഫ് ഇനി ഒറ്റയ്ക്കല്ല; സച്ചിന്റെ റെക്കോഡ് തകര്‍ക്കാനെത്തുന്നവന്‍ ഇപ്പോള്‍ വീഴ്ത്തിയത് ഇംഗ്ലീഷ് ഇതിഹാസത്തെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th August 2024, 10:12 pm

ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ലോര്‍ഡ്‌സില്‍ തുടരുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ്.

ഓപ്പണറായ ഡാന്‍ ലോറന്‍സിനെയും മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഒലി പോപ്പിനെയും ഒറ്റയക്കത്തിന് നഷ്ടമായ ഇംഗ്ലണ്ടിനെ സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് താങ്ങി നിര്‍ത്തിയത്.

മോഡേണ്‍ ഡേ ക്രിക്കറ്റിലെ വണ്‍ ഓഫ് ദി ബെസ്റ്റ് എന്ന വിളിപ്പേരിന് എന്തുകൊണ്ടും യോഗ്യനാണെന്ന് തെളിയിച്ചുകൊണ്ടാണ് ‘ദി ഗോള്‍ഡന്‍ ചൈല്‍ഡ്’ ഇംഗ്ലണ്ട് ഇന്നിങ്‌സിനെ മുമ്പോട്ട് ചലിപ്പിച്ചത്.

ടെസ്റ്റിലെ 145ാം മത്സരത്തിലാണ് റൂട്ട് തന്റെ 33ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് റൂട്ട്. ആക്ടീവ് ക്രിക്കറ്റര്‍മാരുടെ പട്ടികയെടുക്കുമ്പോള്‍ ഒന്നാമനും.

ഈ സെഞ്ച്വറി നേട്ടത്തോടെ മറ്റൊരു റെക്കോഡും റൂട്ടിനെ തേടിയെത്തി. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ അലിസ്റ്റര്‍ കുക്കിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടുകൊണ്ടാണ് റൂട്ട് റെക്കോഡിട്ടത്.

 

ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – മത്സരം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ജോ റൂട്ട് – 145* – 264 – 33*

അലിസ്റ്റര്‍ കുക്ക് – 161 – 291 – 33

കെവിന്‍ പീറ്റേഴ്‌സണ്‍ – 104 – 181 – 23

വാള്‍ട്ടര്‍ ഹാമ്മണ്ട് – 85 – 140 – 22

മൈക്കല്‍ കൗഡ്രേ – 114 – 188 – 22

അതേസമയം, ആദ്യ ദിനം ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ 278ന് ആറ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 181 പന്തില്‍ 128 റണ്‍സുമായി ജോ റൂട്ടും 37 പന്തില്‍ 31 റണ്‍സുമായി ഗസ് ആറ്റ്കിന്‍സണുമാണ് ക്രീസില്‍.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ഡാന്‍ ലോറന്‍സ്, ഒലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, മാത്യു പോട്‌സ്, ഒലി സ്‌റ്റോണ്‍, ഷോയ്ബ് ബഷീര്‍.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

ദിമുത് കരുണരത്‌നെ, നിഷാന്‍ മധുശങ്ക (വിക്കറ്റ് കീപ്പര്‍), പാതും നിസങ്ക, ഏയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമല്‍, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), കാമിന്ദു മെന്‍ഡിസ്, മിലന്‍ രത്‌നനായകെ, പ്രഭാത് ജയസൂര്യ, അസിത ഫെര്‍ണാണ്ടോ, ലാഹിരു കുമാര.

 

 

Content highlight: Joe Root equals Alister Cook’s record of most test centuries for England