വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചതിന് പിന്നാലെ പ്രസ്താവന ഇറക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യ-യു.എസ് ബന്ധത്തിന്റെ അടിസ്ഥാനം ജനാധിപത്യമായിരിക്കുമെന്ന് ബൈഡന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കൊവിഡ് പ്രതിരോധിക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ടും, കലാവസ്ഥാ വ്യതിയാനം, നയതന്ത്ര ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
”ലോകമമ്പാടുമുള്ള ജനാധിപത്യ സ്ഥാപനങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള ആഗ്രഹം പ്രസിഡന്റ് അടിവരയിട്ടു. ജനാധിപത്യമൂല്യങ്ങളോടുള്ള പ്രതിബന്ധതയാണ് ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ അടിത്തറയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,” വൈറ്റ് ഹൗസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡനുമായി സംസാരിച്ചപ്പോള്‍ നടന്ന ജനാധിപത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ചുള്ള വിവരങ്ങള്‍ തന്റെ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
പകരം യു.എസ് പ്രസിഡന്റ് ജോ ബൈഡനെ വിളിച്ച് അഭിനന്ദിച്ചെന്നും
പ്രാദേശിക വിഷയങ്ങള്‍, കാലാവസ്ഥ വ്യതിയാനം, നയതന്ത്രബന്ധം തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയെന്നുമാണ് മോദി ട്വിറ്ററിലൂടെ പറഞ്ഞത്.
താനും ബൈഡനും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചു മുന്നോട്ടുപോകാന്‍ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു.ബൈഡന്റെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. പ്രാദേശിക വിഷയങ്ങളും ഞങ്ങളും ഇരുവരും മുന്‍ഗണന കല്‍പ്പിക്കുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്തു. കാലാവസ്ഥവ്യതിയാനത്തിനെതിരെ കൂടുതല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനും തീരുമാനമായെന്നുമാണ് മോദിയുടെ ആദ്യ ട്വീറ്റില്‍ പറയുന്നത്.
‘പ്രസിഡന്റ് ജോ ബൈഡനും ഞാനും അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരായവരാണ്. ഇന്തോ-പസഫിക് മേഖലയിലും മറ്റു ഭാഗങ്ങളിലും സമാധാനവും സുരക്ഷിതത്വവും വര്‍ധിപ്പിക്കാനായി നമ്മുടെ നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും പ്രതീക്ഷിക്കുന്നു,’ എന്നാണ് മോദി മറ്റൊരു ട്വീറ്റില്‍ വിശദീകരിച്ചത്.
ഇന്ത്യ-യു.എസ് ഉഭയകക്ഷി ബന്ധം പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് മെച്ചപ്പെടുമെന്ന് പെന്റഗണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ-യു.എസ് ബന്ധം മെച്ചപ്പെടുമെന്ന് പെന്റഗണ്‍ അറിയിച്ചിരുന്നത്.
”ഞങ്ങള്‍ ഇന്ത്യയുമായി പ്രതിബദ്ധതയുള്ള ഒരു ബന്ധം കെട്ടിപ്പടുക്കും,” പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. അവര്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്തുവെന്ന് ജോണ്‍ കിര്‍ബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കഴിഞ്ഞ വര്‍ഷങ്ങളില്‍ ശക്തിപ്പെട്ടിരുന്നു. അമേരിക്കയുടെ മുഖ്യ പ്രതിരോധ പങ്കാളികളില്‍ ഒന്നായി ട്രംപിന്റെ കാലത്ത് ഇന്ത്യയെ അംഗീകരിച്ചിരുന്നു.