ബൈഡന്റെ ആദ്യ കോളിലും കല്ലുകടി തന്നെ; സൗദിക്കുള്ള താക്കീതുകള്‍ വീണ്ടും ആവര്‍ത്തിച്ച് അമേരിക്ക; ചിത്രത്തിലില്ലാതെ സല്‍മാന്‍ രാജകുമാരന്‍
World News
ബൈഡന്റെ ആദ്യ കോളിലും കല്ലുകടി തന്നെ; സൗദിക്കുള്ള താക്കീതുകള്‍ വീണ്ടും ആവര്‍ത്തിച്ച് അമേരിക്ക; ചിത്രത്തിലില്ലാതെ സല്‍മാന്‍ രാജകുമാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th February 2021, 12:29 pm

വാഷിംഗ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട രഹസ്യ റിപ്പോര്‍ട്ട് അമേരിക്ക പുറത്തുവിടാനിരിക്കെ സൗദി രാജാവ് സല്‍മാന്‍ അബ്ദുള്ള അസീസിനെ നേരിട്ട് വിളിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. മനുഷ്യാവകാശങ്ങള്‍ക്കും നിയമവാഴ്ചക്കും അമേരിക്ക നല്‍കുന്ന പ്രാധാന്യത്തെ കുറിച്ച് ബൈഡന്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

നേരത്തെയും യെമനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന്് അമേരിക്ക സൗദിയോട് ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വര്‍ഷങ്ങളില്‍ കിരീടവകാശിയായ സല്‍മാന്‍ രാജകുമാരനുമായിട്ടായിരുന്നു അമേരിക്ക പ്രധാനമായും നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയിരുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഇപ്പോള്‍ സല്‍മാന്‍ രാജാവ് വഴി ബൈഡന്‍ ചര്‍ച്ചകള്‍ നടത്തുന്നത്.

ലൗജെയ്ന്‍ അല്‍-ഹധ്‌ലൂല്‍ അടക്കമുള്ള നിരവധി സൗദി-അമേരിക്ക ആക്ടിവിസ്റ്റുകളെ തടവില്‍ നിന്നും മോചിപ്പിച്ച സൗദി അറേബ്യയുടെ നടപടിയെ അഭിനന്ദിച്ചുകൊണ്ടും ബൈഡന്‍ സംസാരിച്ചു. ഇറാനില്‍ നിന്നും സൗദി അറേബ്യ നേരിടുന്ന ഭീഷണികള്‍ ചെറുക്കാന്‍ അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയ ബൈഡന്‍ യെമനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെ കുറിച്ചും സംസാരിച്ചുവെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു.

സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തതിനെ കുറിച്ച് സല്‍മാന്‍ രാജാവും ജോ ബൈഡനും സംസാരിച്ചുവെന്ന് സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും തന്നെ ഇരു രാജ്യങ്ങളും പുറത്തുവിട്ട പ്രസ്താവനയില്‍ പ്രതിപാദിക്കുന്നില്ല. എന്നാല്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ വിശദീകരണം തേടി ബൈഡന്‍ സൗദി അറേബ്യയിലേക്ക് ഉടന്‍ വിളിക്കുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്താന്‍ സൗദി ഏജന്റുമാര്‍ ഉപയോഗിച്ച രണ്ട് സ്വകാര്യ ജെറ്റുകള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പിടിച്ചെടുത്തവയാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ജെറ്റുകള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കിയിട്ട് ഒരു വര്‍ഷത്തിനുള്ളിലാണ് കൊലപാതകം നടന്നതെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌കൈ പ്രൈം ഏവിയേഷന്റേതാണ് ഈ ജെറ്റുകള്‍. മുന്‍ സൗദി ഉദ്യോഗസ്ഥന്‍ സാദ് അല്‍- ജബ്രിയുടെ കേസില്‍ വാദം കേള്‍ക്കവെ കനേഡിയന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതീവ രഹസ്യമായിട്ടാണ് സ്‌കൈ പ്രൈം ഏവിയേഷന്റ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തത്. ധൃതിപ്പെട്ടാണ് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ എല്ലാം ചെയ്തു തീര്‍ത്തതും.

400 ബില്ല്യണ്‍ ഡോളറിന്റെ ഡീലായിരുന്നു നടന്നത്. ജമാല്‍ ഖഷോഗ്ജി വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരായുള്ള പ്രധാന തെളിവായി ഈ രഹസ്യ രേഖകള്‍ മാറിയേക്കാമെന്നാണ് നിരീക്ഷണങ്ങള്‍.

സൗദി രാജാവിന്റെ മക്കളില്‍ ഒരാള്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ പിടിവീഴുമെന്നും ആക്‌സിയോസ് മാധ്യമ സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേര് പരാമര്‍ശിക്കാതെയാണ് ഇക്കാര്യം ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്താംബുളില്‍ വെച്ചാണ് സൗദി ഏജന്റുമാര്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റും സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ബൈഡന്‍ അധികാരത്തിലേറിയാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു.

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് മുതിര്‍ന്ന ഡെമോക്രാറ്റിക്ക് നേതാവും ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനുമായ ആദം ഷിഫ് ആവശ്യപ്പെട്ടിരുന്നു.

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്‌റില്‍ ഹൈന്‍സിന് ഇതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കത്തയച്ചിരുന്നു.

ഖഷോഗ്ജിയുടെ മരണത്തില്‍ പങ്കുള്ള സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം പേരുകള്‍ വെളിപ്പെടുത്തുമെന്നും കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിടുമെന്നും ഹൈന്‍സ് പറഞ്ഞിരുന്നു. നേരത്തെയും കോണ്‍ഗ്രസ് ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് വിഷയത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിസമ്മതിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഇന്റലിജന്‍സ് സോഴ്‌സുകളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.

ഖഷോഗ്ജിയുടെ കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടതിന് ശേഷമാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്നും എന്നാല്‍ രാജ്യത്തിന്റെ നേതൃത്വത്തിന്റ അറിവില്ലാതെയാണ് കൊലപാതകം നടന്നത് എന്നും സൗദി പറഞ്ഞത്. ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര തലത്തിലും സൗദിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സൗദി രാജകുടുംബത്തെ രക്ഷിക്കാന്‍ ശ്രമിച്ചതും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വഴി സൗദി അറേബ്യവുമായി അടുത്ത ബന്ധമായിരുന്നു നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ സൗദിയുമായി വിവിധ മേഖലകളിലുണ്ടായിരുന്ന പങ്കാളിത്തമടക്കമുള്ള വിഷയങ്ങള്‍ പുനപരിശോധിക്കുമെന്ന് ബൈഡന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Joe Biden Saudi King Salman ahead of release of Khashoggi report