തനിക്ക് മമ്മൂട്ടിയുടെ സിനിമകള്‍ ചെയ്യുമ്പോള്‍ ടെന്‍ഷന്‍ തോന്നാറില്ലെന്ന് പറയുകയാണ് നിര്‍മാതാവായ ജോബി ജോര്‍ജ്. തങ്ങള്‍ ഒന്നിക്കുമ്പോഴൊക്കെ ഒരു പോസിറ്റീവ് എനര്‍ജി വരാറുണ്ടെന്നും തനിക്ക് അറിയാവുന്ന മമ്മൂട്ടി താന്‍ കണ്ട ഏറ്റവും നല്ല ആളുകളില്‍ ഒരാളാണെന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടി നായകനായി 2016ല്‍ പുറത്തിറങ്ങിയ വൈറ്റ് എന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യാന്‍ പറ്റാതെ പോയതിനെ കുറിച്ചും ജോബി പറയുന്നു. ആ സിനിമ പ്ലാന്‍ ചെയ്ത ശേഷം മമ്മൂട്ടി തന്നെ പറഞ്ഞിട്ട് അത് താന്‍ വേണ്ടെന്ന് വെച്ചുവെന്നും എന്നാല്‍ ആ പടം അത്ര വിജയിച്ചില്ലെന്നും ജോബി ജോര്‍ജ് പറഞ്ഞു. ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് മമ്മൂക്കയുടെ സിനിമകള്‍ ചെയ്യുമ്പോള്‍ ടെന്‍ഷന്‍ തോന്നാറില്ല. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാല്‍, ഞങ്ങള്‍ ഒന്നിക്കുമ്പോഴൊക്കെ ഒരു പോസിറ്റീവ് എനര്‍ജി വരാറുണ്ട്. അത് എന്റെ തോന്നലുകളാണ്. പിന്നെ എനിക്ക് അറിയാവുന്ന മമ്മൂക്ക ഞാന്‍ കണ്ട ഏറ്റവും നല്ല ആളുകളില്‍ ഒരാളാണ്.
എനിക്ക് അറിയാവുന്ന മമ്മൂക്കയെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഞങ്ങള്‍ അങ്ങനെ എപ്പോഴും സംസാരിക്കുന്ന ആളൊന്നുമല്ല. പക്ഷെ എനിക്ക് അറിയാവുന്ന അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. ഞങ്ങള്‍ ചെയ്ത സിനിമകളെല്ലാം വിജയിച്ചിരുന്നു. വമ്പന്‍ വിജയങ്ങളാണ് അദ്ദേഹം എനിക്ക് തന്നിട്ടുള്ളത്.
അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും കാണുമ്പോള്‍ എനിക്ക് തോന്നുന്ന ചില കാര്യങ്ങളുണ്ട്. അതായത്, ആ കഥാപാത്രങ്ങളെ നോക്കുമ്പോള്‍ എനിക്ക് അടുത്ത് നില്‍ക്കുന്ന ഒരാളെ പോലെയാണ് തോന്നിയിട്ടുള്ളത്.
ഞാന്‍ അദ്ദേഹത്തിന്റെ ഒരു സിനിമ പ്ലാന്‍ ചെയ്തിട്ട് പിന്നെ അത് പ്രൊഡ്യൂസ് ചെയ്യാതിരുന്നിട്ടുണ്ട്. അത് മമ്മൂക്ക തന്നെ പറഞ്ഞിട്ടായിരുന്നു വേണ്ടെന്ന് വെച്ചത്. അത് അദ്ദേഹത്തിലൊരു പോസിറ്റീവ് എനര്‍ജിയുള്ളത് കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം ആ പടം അത്ര വിജയിച്ചില്ല എന്നതാണ് സത്യം,’ ജോബി ജോര്‍ജ് പറഞ്ഞു.
Content Highlight: Joby George Talks About Mammootty