സ്പാനിഷ് ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് ബാഴ്സലോണ.
നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരും ലീഗ് ജേതാക്കളുമായ റയലിനെ തങ്ങളുടെ നിഴലിലാക്കി കൊണ്ടാണ് ബാഴ്സലോണയുടെ ലീഗിലെ മുന്നോട്ടുള്ള കുതിപ്പ്.
എന്നാൽ ലീഗിൽ മികവോടെ മുന്നേറിക്കൊണ്ടിരുന്ന ബാഴ്സലോണക്ക് വലിയ തിരിച്ചടി ഉണ്ടാക്കിയ കാര്യമായിരുന്നു ക്ലബ്ബിനെ സംബന്ധിച്ച് ഉയർന്ന് വന്ന കോഴയാരോപണം.
2001 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ 7.2 മില്യൺ യൂറോ സ്പാനിഷ് റഫറിയിങ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായ ജോസ് മരിയ എൻറിക്വസിന് കോഴ നൽകി എന്നതാണ് ക്ലബ്ബിനെതിരെ ഉയരുന്ന പ്രധാന ആരോപണം.
എന്നാൽ ബാഴ്സക്കെതിരെയുള്ള ഈ ആരോപണങ്ങളിൽ എതിർപ്പ് രേഖപ്പെടുത്തി ക്ലബ്ബ് പ്രസിഡന്റായ ലപോർട്ട രംഗത്തെത്തി.
“ബാഴ്സക്കെതിരെയുള്ള ക്യാമ്പെയ്ൻ ഒട്ടും യാദ്യശ്ചികമല്ല. ക്ലബ്ബിനെ മനപ്പൂർവം അപഹസിക്കാനുള്ള പദ്ധതികളുടെ ഭാഗമാണിത്,’ ലപോർട്ട പറഞ്ഞു.
“എല്ലാ ഡോക്യുമെന്റ്സും രേഖകളും ഞങ്ങളുടെ പക്കലുണ്ട്. ക്ലബ്ബിനെ അപമാനിക്കാൻ രംഗത്ത് ഇറങ്ങുന്നവർക്കെതിരെ ശക്തമായ മറുപടി ഞങ്ങളുടെ പക്കലുണ്ട്. എതിർക്കുന്നതിനെക്കാൾ അക്രമിക്കുന്ന രീതിയാകും ഞങ്ങൾ വിമർശകർക്കെതിരെ പുറത്തെടുക്കുക,’ ലപോർട്ട കൂട്ടിച്ചേർത്തു.
അതേസമയം ബാഴ്സയുമായി ഉയർന്ന് കേൾക്കുന്ന വിവാദങ്ങളോട് ബാഴ്സ കൈക്കൂലി വാങ്ങില്ലെന്ന് താൻ കരുതുന്നതായും എന്നാൽ അന്വേഷണം മുറപോലെ നടക്കുമെന്നും ലാ ലിഗ ചീഫായ ജവിയർ തെബാസ് അഭിപ്രായപ്പെട്ടിരുന്നു.