എറണാകുളം: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയും. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസിന്റെ വിചാരണ 85 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയാണ് കോടതി വിധി പ്രസ്താവത്തിലേക്ക് കടക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ നാലിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജിഷ വധക്കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിലെ അന്തിമവാദം നവംബര്‍ 21 നായിരുന്നു ആരംഭിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നു 100 സാക്ഷികളെയായിരുന്നു വിസ്തരിച്ചിരുന്നത്. 74 ദിവസമാണ് സാക്ഷി വിസ്താരത്തിനെടുത്തത്.
Also Read: ഞാനൊരു മനുഷ്യനാണ് മോദിയെ പോലെയല്ല; തെറ്റുകള്‍ സംഭവിക്കും; പരിഹാസവുമായി രാഹുല്‍
പ്രതിഭാഗത്തിന്റെ അഞ്ച് സാക്ഷികളെയും കോടതി വിസ്തരിച്ചിരുന്നു. 2016 ഏപ്രില്‍ 28 നാണ് പെരുമ്പാവൂരിലെ വീടിനുള്ളില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്രൂര ബലാത്സംഗത്തിന് ഇരയായ ശേഷമാണ് ജിഷ മരണപ്പെട്ടതെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
കേസില്‍ പ്രതികളെ കണ്ടെത്താന്‍ വൈകിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒന്നര മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അസം സ്വദേശിയായ അമിറുള്‍ ഇസ്ലാമാണ് മുഖ്യപ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്.
സാക്ഷികളുടെ അഭാവത്തെ തുടര്‍ന്ന് ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ കേസ് വാദിച്ചത്. പ്രതിയുടെ ഡി.എന്‍.എ പരിശോധന ഫലം ഉള്‍പ്പെടുത്തി പഴുതടച്ച രീതിയില്‍ തന്നെ വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അതേസമയം കേസില്‍ കൃത്യമായ സാക്ഷി മൊഴികളോ തെളിവുകളോ ഇല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കെട്ടിച്ചമച്ച സാക്ഷി മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ടു പോയതെന്നും അതുകൊണ്ടു തന്നെ അമീറുള്‍ ഇസ്ലാമിനെ കുറ്റവിമുക്തനാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.