'ജിഹാദ് പ്രചരിക്കുന്നത് ഇന്റര്‍നെറ്റിലൂടെ'; കശ്മീരിലെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി ഇങ്ങനെ
Kashmir Turmoil
'ജിഹാദ് പ്രചരിക്കുന്നത് ഇന്റര്‍നെറ്റിലൂടെ'; കശ്മീരിലെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2019, 1:24 pm

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നു. കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ എന്നുമുതലാണ് അനുവാദം കൊടുക്കുകയെന്ന കോടതിയുടെ ചോദ്യത്തിന് ‘ജിഹാദ് പ്രചരിക്കുന്നത് ഇന്റര്‍നെറ്റിലൂടെയാണ്’ എന്നും പാസ്സുകള്‍ വാങ്ങി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സെന്ററുകളില്‍ പോകാമെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

‘ഇന്റര്‍നെറ്റ് ജിഹാദി ദൗര്‍ഭാഗ്യവശാല്‍ വിജയകരമായ ഒന്നാണ്. ഇതൊരു ആഗോള പ്രതിഭാസമാണ്. വിദ്വേഷം നിറഞ്ഞതും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ ജിഹാദി നേതാക്കള്‍ നടത്തുന്നത് ഇന്റര്‍നെറ്റിലൂടെയാണ്.’- അദ്ദേഹം വാദിച്ചു.

‘എന്‍ക്രിപ്റ്റഡ് രൂപത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോഗം കണ്ടെത്താനാവില്ല. ഇങ്ങനെയുള്ള ഡാര്‍ക്ക് വെബ് ഉപയോഗത്തിലൂടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാനാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പാക് അധീന കശ്മീരില്‍ ഉപയോഗിച്ചിരുന്നു. ഇപ്പോഴത് കശ്മീര്‍ താഴ്‌വരയിലും എത്തിയിരിക്കുകയാണ്. അതുണ്ടാക്കുന്ന നഷ്ടം വലുതാണ്. വിദ്വേഷവും ഭീകരവാദവും നടത്താനുള്ള ഏറ്റവും വലിയ ഉപകരണമാണ് സാമൂഹ്യമാധ്യമങ്ങള്‍.’- മേത്ത പറഞ്ഞു.

എന്നാല്‍ മോര്‍ഫിങ് നടക്കുന്നതുകൊണ്ട് ഇന്റര്‍നെറ്റ് പൂര്‍ണമായി വിലക്കാനാവില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഇതിനുശേഷം ഏറെനാള്‍ കശ്മീരില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ പാസ്സ് വാങ്ങി ഇന്റര്‍നെറ്റ് സെന്ററുകളില്‍ ചെല്ലേണ്ട അവസ്ഥയിലേക്കും എത്തിയിരുന്നു.

ഈ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്താണ് ഹരജികള്‍ കോടതിയില്‍ എത്തിയിട്ടുള്ളത്.