'പേര് മാറ്റാന്‍ നേതാക്കള്‍ മരിക്കാനൊന്നും ഞങ്ങള്‍ കാത്തിരിക്കാറില്ല'; മോദി സ്റ്റേഡിയത്തെ ട്രോളി ധ്രുവ് റാഠിയും ജിഗ്നേഷ് മേവാനിയും
national news
'പേര് മാറ്റാന്‍ നേതാക്കള്‍ മരിക്കാനൊന്നും ഞങ്ങള്‍ കാത്തിരിക്കാറില്ല'; മോദി സ്റ്റേഡിയത്തെ ട്രോളി ധ്രുവ് റാഠിയും ജിഗ്നേഷ് മേവാനിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th February 2021, 4:23 pm

അഹമ്മദാബാദ്: അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റിയ നടപടിക്ക് പിന്നാലെ ബി.ജെ.പിക്ക് നേരെ പരിഹാസമുയരുന്നു. ഇതിനോടകം നിരവധി പേരാണ് സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേര് മാറ്റി നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേരിട്ടതിനെതിരെ വിമര്‍ശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി, യൂട്യൂബര്‍ ധ്രുവ് റാഠി തുടങ്ങി അനേകം പേരാണ് സ്റ്റേഡിയത്തിന് മോദിയുടെ പേരിട്ടതിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.

”സാധാരണ കോണ്‍ഗ്രസുകാര്‍ തങ്ങളുടെ നേതാക്കളുടെ മരണശേഷം സ്റ്റേഡിയങ്ങള്‍ക്ക് സ്വന്തം നേതാക്കളുടെ പേര് നല്‍കാറുണ്ട്.

ബി.ജെ.പി: ഞങ്ങള്‍ കോണ്‍ഗ്രസുകാരേക്കാള്‍ ബെറ്റര്‍ ആണ്.നേതാക്കള്‍ മരിക്കുന്നതിന് മുന്നേ തന്നെ ഞങ്ങള്‍ പേരുമാറ്റും” ധ്രുവ് റാഠി ട്വീറ്റ് ചെയ്തു.

”ആദ്യം തന്നെ മൃഗങ്ങളോടും ജീവികളോടും ക്ഷമ ചോദിച്ചുകൊണ്ട് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ ഒരു അപേക്ഷ വെക്കെട്ടെ. കങ്കാരിയ മൃഗശാലയുടെ പേര് നരേന്ദ്ര സൂ എന്നാക്കി മാറ്റണം,” എന്നാണ് ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തത്.
ആര്‍.എസ്.എസിനെ നിരോധിച്ചതിന് സര്‍ദാര്‍ വല്ലഭായ് പട്ടേലിനോട് പകരം തീര്‍ക്കുകയാണ് മോദി എന്ന തരത്തിലും നിരവധി വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്.

പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് ഭൂമി പൂജ നടത്തി നവീകരിച്ച മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, കായിക വകുപ്പ് മന്ത്രി കിരണ്‍ റിജ്ജു, തുടങ്ങിയവരും സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലെ ദുഃഖം അറിയിച്ച് ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ എത്താന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും സ്റ്റേഡിയം മിസ് ചെയ്യുന്നുണ്ട് എന്നുമാണ് സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തത്.

ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ് ചികിത്സയിലായതിനാലാണ് ബി.സി.സി.ഐ പ്രസിഡന്റുകൂടിയായ സൗരവ് ഗാംഗുലിക്ക് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്.

സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Jignesh Mevani and Dhruv Rathee Trolls Narendra Modi Cricket Stadium