Kerala
കളമശ്ശേരി സ്‌ഫോടനം; സര്‍ക്കാറിനെ പ്രശംസിച്ച് ജിഫ്രി തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 31, 12:00 pm
Tuesday, 31st October 2023, 5:30 pm

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടന വിഷയം കൈകാര്യം ചെയ്തതില്‍ സര്‍ക്കാറിന് പ്രശംസയുമായി സമസ്ത. വര്‍ഗീയ പ്രശ്‌നം ആകുന്നതിനു മുന്‍പേ സര്‍ക്കാര്‍ ശരിയായ രീതിയില്‍ ഇടപ്പെട്ടുവെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ലീഗ് പരിപാടിയിലെ തരൂരിന്റെ പ്രസംഗത്തെ പറ്റി അത് സംഘടിപ്പിച്ചവരോട് ചോദിക്കണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു . മുസ്ലിം ലീഗുമായി സമസ്തയ്ക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞ അദ്ദേഹം എല്ലാ രാഷ്ട്രീയ കക്ഷികളുമായും നല്ല ബന്ധമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.

‘സ്‌ഫോടനവുമായി ബന്ധപ്പെട്ട് സത്യം പുറത്ത് വരുന്നതിന് മുന്‍പ് തന്നെ വ്യാജപ്രചാരണങ്ങള്‍ നടന്നു. സ്‌ഫോടനത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ഇപ്പോഴത്തെ വിഷയം ഏത് സര്‍ക്കാര്‍ ആണെങ്കിലും അത് മാന്യമായി കൈകാര്യം ചെയ്യേണ്ട വിഷയമാണ്.

അത് ഈ സര്‍ക്കാര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു സര്‍ക്കാര്‍ എന്ന നിലയ്ക്ക് ഈ നാട്ടില്‍ എന്തെങ്കിലും ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെ വര്‍ഗീയ വല്‍ക്കരിക്കുക അല്ലല്ലോ വേണ്ടത്.

ഇപ്പോഴത്തെ സര്‍ക്കാര്‍ അത് തന്നെയാണ് ചെയ്തത്. അവര്‍ അത് വര്‍ഗീയവല്‍ക്കരിച്ചില്ല. സര്‍ക്കാര്‍ ഉടനെ തന്നെ ഇടപെട്ടു. അത് വര്‍ഗീയമാകുന്ന ഒരു പ്രശ്‌നമാകുന്നതിനു മുന്‍പ് തന്നെ അതിനെ തടുത്തു. കൂടാതെ പ്രതി തന്നെ കുറ്റം സമ്മതിച്ചല്ലോ. അതുകൊണ്ട് വലിയ പ്രതിസന്ധി ഒന്നുമില്ലാതെ തന്നെ ആളെ കണ്ടു പിടിക്കാന്‍ സാധിച്ചു,’ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ഞായറാഴ്ചയാണ് കൊച്ചി കളമശ്ശേരിയില്‍ യഹോവ വിശ്വാസികളുടെ പ്രാര്‍ത്ഥന കണ്‍വെന്‍ഷനില്‍ സ്‌ഫോടനമുണ്ടായത്. ഇതുവരെ സ്‌ഫോടനത്തില്‍ മൂന്നു പേരാണ് മരണപ്പെട്ടത്. 51 പേര്‍ക്ക് പരിക്കേറ്റു.

സംഘടിത ഭീകരാക്രമണമെന്ന സംശയമുണര്‍ത്തിയെങ്കിലും പിന്നീട് യഹോവ സാക്ഷികളുടെ വിശ്വാസികളില്‍ ഒരാളായിരുന്ന മാര്‍ട്ടിന്‍ ഡൊമനിക്കാണ് സ്‌ഫോടനം നടത്തിയത് എന്ന സ്ഥിരീകരണത്തില്‍ പൊലീസെത്തി.

താനാണ് സ്‌ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട മാര്‍ട്ടിന്‍ ഡൊമനിക് തൃശ്ശൂര്‍ കൊടകര സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.ഉത്തരവാദിത്തമേറ്റുകൊണ്ടുള്ള വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. പെരുമ്പാവൂര്‍ സ്വദേശി ലിയോണ പൗലോസ്(55), തൊടുപുഴ സ്വദേശി കുമാരി (52), മലയാറ്റൂര്‍ സ്വദേശി ലിബിന (12) എന്നിവരാണ് കൊല്ലപ്പെട്ടത്.

Content Highlight: Jiffri thangal response on Kalamassery bomb blast