Entertainment
ഒരു പാർട്ടിൽ മാത്രം ശ്രദ്ധിച്ചിരുന്നെങ്കിൽ ആ മോഹൻലാൽ ചിത്രം ഇന്ന് തിയേറ്ററിൽ എത്തിയേനെ: ജീത്തു ജോസഫ്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 31, 02:36 am
Saturday, 31st August 2024, 8:06 am

ഒന്നിച്ച ആദ്യ ചിത്രത്തിൽ തന്നെ മലയാളത്തിലെ ഹിറ്റ്‌ കോമ്പോയായി മാറിയ കൂട്ടുകെട്ടാണ് ജീത്തു ജോസഫ് – മോഹൻലാൽ. ദൃശ്യം, ദൃശ്യം 2, നേര് തുടങ്ങി ഇരുവരും ഒന്നിച്ച പടങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ പ്രഖ്യാപനം മുതൽ വലിയ രീതിയിൽ ഹൈപ്പ് കയറി ഇത്‌ വരെ റിലീസാവാത്ത ഒരു മോഹൻലാൽ – ജീത്തു ചിത്രമുണ്ട്, റാം. ഷൂട്ടിങ് തുടങ്ങിയെങ്കിലും കൊവിഡ് സമയത്ത് നിന്ന് പോവുകയായിരുന്നു റാമിന്റെ ഷൂട്ട്‌. പിന്നീട് പുനരാരംഭിച്ചെങ്കിലും പല പ്രശ്നങ്ങൾ കാരണം ചിത്രം മുടങ്ങി പോവുകയായിരുന്നു.

വലിയ സ്ക്രിപ്റ്റ് ആയതിനാൽ രണ്ട് പാർട്ടാക്കി ചെയ്യാമെന്ന് തീരുമാനിച്ചെന്നും മോഹൻലാലിനും നിർമാതാക്കൾക്കും അത് ഓക്കെയായിരുന്നുവെന്നും ജീത്തു പറയുന്നു. ഒരു പാൻ ഇന്ത്യൻ ഫിലിമായി പിടിക്കാൻ പറഞ്ഞത് നിർമാതാക്കളാണെന്നും ഒരു പാർട്ടിൽ മാത്രം ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു സിനിമയെങ്കിലും തിയേറ്ററിൽ എത്തുമായിരുന്നുവെന്നും ജീത്തു പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാധാരണ ഞാൻ എന്റെ സ്ക്രിപ്റ്റിന്റെ ഡ്യൂറേഷൻ കാൽക്കുലേറ്റ് ചെയ്യുന്നതാണ്. പക്ഷെ റാം കുറച്ച് ഹെവിയായത് കൊണ്ട് ഞാൻ ഉദ്ദേശിച്ചതിനെക്കാൾ സമയം വേണ്ടി വരുമെന്ന് മനസിലായി. അങ്ങനെ വന്നപ്പോഴാണ് അത് സ്പ്ലിറ്റ് ചെയ്ത് രണ്ട് പാർട്ട്‌ ആക്കാൻ കഴിയുമെന്ന് മനസിലായത്.

ഞാൻ ലാൽ സാറിനും നിർമാതാക്കൾക്കും ഇതിന്റെ രണ്ട് പാർട്ടും ഇങ്ങനെയാണെന്ന് വിവരിച്ച് കൊടുത്തു. അത് കേട്ടപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു. പക്ഷെ സിനിമ പിന്നെയും കയറി വേറേ ലെവലിലേക്ക് പോയി. നിർമാതാക്കളും പറഞ്ഞു, നമുക്കൊരു പാൻ ഇന്ത്യൻ ലെവലിൽ പടം പിടിക്കാമെന്ന്.

അങ്ങനെ വന്ന് വന്ന് അത് വലിയ പടമായി മാറി. അങ്ങനെയാണ് അത് പറ്റിയത്. ആ ഫസ്റ്റ് പാർട്ട്‌ ശ്രദ്ധിച്ചിരുന്നെങ്കിൽ അതെങ്കിലും ഇന്ന് റിലീസ് ചെയ്യാമായിരുന്നു. യു.കെയിലും മൊറോക്കോയിലുമൊക്കെയായിരുന്നു ഷൂട്ട്‌. ഹോളിവുഡ് സിനിമകളൊക്കെ ഷൂട്ട്‌ ചെയ്യുന്ന സ്ഥലമാണ് മൊറോക്കോ. പക്ഷെ കുറെ പ്രശ്നങ്ങളൊക്കെയായി അത് പിന്നെ ട്യുണിഷ്യയിലേക്ക് മാറ്റി. പിന്നെ തിരിച്ച് ഇവിടെ വന്നു. ഇവിടെ വന്ന് കഴിഞ്ഞപ്പോൾ പിന്നെ സ്റ്റക്കായി,’ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph Talk About Why Mohanlal’s Ram Not Released