Entertainment
ഒരൊറ്റ സീനില്‍ മാത്രം വന്ന് കൈയടി വാങ്ങാമെന്ന് ആ നടന്‍ അന്ന് തെളിയിച്ചു: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 15, 11:58 am
Thursday, 15th August 2024, 5:28 pm

മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച സംവിധായനാണ് ജീത്തു ജോസഫ്. ആദ്യ ചിത്രമായ ഡിറ്റക്ടീവ് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ലെങ്കിലും മികച്ച ത്രില്ലറായിരുന്നു. പിന്നീട് പൃഥ്വിരാജിനെ നായകനാക്കി മെമ്മറീസ് ചെയ്ത ജീത്തു ജോസഫ് മോഹന്‍ലാലിനെ വെച്ച് ചെയ്ത ദൃശ്യം ഭാഷാതിര്‍ത്തികള്‍ ഭേദിച്ച് വന്‍ വിജയമായി മാറി.

ഒരു സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെടാന്‍ ഒരു മണിക്കൂറൊന്നും സ്‌ക്രീനില്‍ വരേണ്ട എന്ന അഭിപ്രായക്കാരനാണ് താനെന്ന് പറയുകയാണ് ജീത്തു ജോസഫ്. അതിനുദാഹരണമാണ് ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജിന്റെ കഥാപാത്രമെന്ന് ജീത്തു പറഞ്ഞു. വെറും രണ്ട് സീനില്‍ മാത്രമേ ആ സിനിമയില്‍ സുരാജ് ഉണ്ടായിരുന്നുള്ളൂവെന്നും ആ സിനിമയിലൂടെ അയാളുടെ കരിയര്‍ മാറിയെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.

നായികമാരിലാണ് താന്‍ ഇക്കാര്യം കൂടുതലായി കണ്ടിട്ടുള്ളതെന്നും പല നടിമാരും വലിയ റോളുകള്‍ ചെയ്ത് നിറഞ്ഞ് നില്‍ക്കുമ്പോള്‍ ചില നടിമാര്‍ ഒറ്റ സീനില്‍ മാത്രം വന്ന് കൈയടി നേടാറുണ്ടെന്ന് ജീത്തു പറഞ്ഞു. പുതിയ ചിത്രമായ നുണക്കുഴിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം പറഞ്ഞത്.

‘ഒരു കഥാപാത്രത്തെ ശ്രദ്ധിക്കപ്പെടാന്‍ ഒരുപാട് നേരം സ്‌ക്രീനില്‍ വരണമെന്നൊന്നും ഇല്ല. അയാളുടെ പെര്‍ഫോമന്‍സ് കൊണ്ട് ചുമ്മാ വന്നുപോകുന്ന റോള്‍ ആണെങ്കില്‍ പോലും ഓഡിയന്‍സ് അയാളെ ശ്രദ്ധിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജിന്റെ ക്യാരക്ടര്‍. ആകെ രണ്ട് സീനില്‍ മാത്രമേ അയാള്‍ ഉള്ളൂ. പക്ഷേ ആ കഥാപാത്രം എത്രമാത്രം ശ്രദ്ധിക്കെപ്പെട്ടെന്ന് നോക്കൂ.

സുരാജ് എന്ന നടന്റെ കരിയര്‍ ആ ഒരൊറ്റ റോള്‍ കാരണം മാറിയല്ലോ. ഇക്കാര്യം നടന്മാരുടെ കാര്യത്തെക്കാള്‍ നടിമാരുടെ കാര്യത്തിലാണ് കൂടുതലും കണ്ടിട്ടുള്ളത്. പല നടിമാരും കഥാപാത്രത്തിന്റെ വലുപ്പം നോക്കിയിട്ടാണ് പല സിനിമകളും ചെയ്യുന്നത്. പക്ഷേ അവരെക്കാള്‍ ആളുകള്‍ ശ്രദ്ധിക്കുന്നത് ഒരു സീനിലെങ്ങാണ്ട് വന്നുപോകുന്നവരെയാണ്,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph about Suraj Venjarmoodu’s character in Action Hero Biju