മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു രീതി പരിചയപ്പെടുത്തിയ സംവിധായകനാണ് ജീത്തു ജോസഫ്. ആദ്യ ചിത്രമായ ഡിറ്റക്ടീവ് മികച്ച ത്രില്ലറായിരുന്നെങ്കിലും പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്ത ദൃശ്യം ഭാഷാതിര്‍ത്തികള്‍ കടന്ന് വന്‍ വിജയമായി മാറി. ചൈനീസ് അടക്കം ഏഴ് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട ഒരേയൊരു മലയാളസിനിമ കൂടിയാണ് ദൃശ്യം.
ചിത്രത്തിന്റെ തമിഴ് റീമേക്ക് സംവിധാനം ചെയ്തത് ജീത്തുവായിരുന്നു. കമല്‍ ഹാസന്‍ നായകനായ പാപനാസം വന്‍ വിജയമായിരുന്നു. മോഹന്‍ലാല്‍ ചെയ്ത ജോര്‍ജുകുട്ടിയെ തമിഴില്‍ കമല്‍ ഹാസനെ വെച്ച് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ജീത്തു ജോസഫ്. മറ്റ് സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ കമല്‍ ഹാസന്‍ സംവിധാനത്തില്‍ കൈകടത്താറുണ്ടെന്ന് തനിക്ക് പലരും വാണിങ് തന്നിരുന്നുവെന്ന് ജീത്തു ജോസഫ് പറഞ്ഞു.
എന്തൊക്കെയായാലും ഏറ്റവുമൊടുവില്‍ സംവിധായകന്റെ പേര് വരുമ്പോള്‍ തന്റെ പേരാകുമല്ലോ വരുകയെന്ന് താന്‍ അവരോട് പറഞ്ഞുവെന്ന് ജീത്തു പറഞ്ഞു. ഇതില്‍ കൈ കടത്തിയാലും കമല്‍ ഹാസനെ വെച്ച് സിനിമ ചെയ്തുവെന്ന് തനിക്ക് ബാക്കിയുള്ളവരോട് പറഞ്ഞ് നില്‍ക്കാമല്ലോ എന്ന ചിന്തയിലാണ് ആ സിനിമ ചെയ്തതെന്ന് ജീത്തു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവര്‍ പറഞ്ഞതുപോലെ സംഭവിച്ചില്ലെന്നും ജീത്തു പറഞ്ഞു. റെഡ് എഫ്.എം മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൃശ്യം തമിഴില്‍ കമല്‍ ഹാസനെ വെച്ച് ഞാന്‍ ചെയ്യുന്നുവെന്ന് ഉറപ്പിച്ചപ്പോള്‍ പലരും എന്നെ ഉപദേശിച്ചു. ‘കമല്‍ ഹാസന്‍ പലപ്പോഴും സംവിധാനത്തില്‍ ഇടപെടും, നമ്മള്‍ വിചാരിച്ചതുപോലെ സിനിമ ചെയ്യാന്‍ പറ്റില്ല’ എന്നാണ് അവര്‍ പറഞ്ഞത്. എത്രയൊക്കെ കൈകടത്തിയാലും അവസാനം സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് നമ്മുടെ പേരായിരിക്കുമല്ലോ എന്ന് ഞാന്‍ അവരോട് തിരിച്ചു പറഞ്ഞു.
എന്നെ സംബന്ധിച്ച് കമല്‍ സാറിനെ വെച്ച് ഒരു സിനിമ ചെയ്യുന്നു എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനി ആ പടം മുഴുവന്‍ കമല്‍ സാര്‍ ഡയറക്ട് ചെയ്താലും എനിക്ക് കുഴപ്പമില്ല. ബാക്കിയുള്ളവരോട് പറയുമ്പോള്‍ കമല്‍ ഹാസനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ പറ്റി എന്ന് പറയാമല്ലോ എന്ന് മാത്രമേ ചിന്തിച്ചുള്ളൂ. പക്ഷേ അദ്ദേഹം അധികം കൈകടത്തല്‍ നടത്തിയിട്ടില്ല. സ്വയംഭൂലിംഗ നാടാര്‍ എന്ന പേരും പാപനാസം എന്ന ടൈറ്റിലും അദ്ദേഹം സജസ്റ്റ് ചെയ്തതാണ്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph about Kamal Haasan and Papanasam movie