Autobeatz
അപകടത്തില്‍ ജീപ്പ് കോംപസിന്റെ ഫ്രണ്ട് വീല്‍ ഒടിഞ്ഞു തൂങ്ങി; കമ്പനിയുടെ കോമ്പന്‍സേഷനില്‍ ഞെട്ടിത്തരിച്ച് ഉടമസ്ഥന്‍!
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 03, 04:09 pm
Saturday, 3rd February 2018, 9:39 pm

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ജനപ്രിയവാഹനം കോംപസ് ഇന്ത്യയിലെത്തിയിട്ട് കുറച്ചു മാസങ്ങളായിട്ടേയുള്ളുവെങ്കിലും മികച്ച വില്‍പ്പന നേടി വളരെ വേഗം തന്നെ ഇന്ത്യന്‍ വിപണി കീഴടക്കാന്‍ മോഡലിന് കഴിയുകയുണ്ടായി. പക്ഷേ കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ ഉണ്ടായ ഒരപകടത്തില്‍ കോമ്പസിന്റെ ഫ്രണ്ട് വീല്‍ ഒടിഞ്ഞു തൂങ്ങിയത് കമ്പനിയുടെ ഇമേജിനാകെ കോട്ടം തട്ടിയിരുന്നു.

അസാമിലെ ഗുവാഹത്തി സ്വദേശി ജയന്ത പുകാന്‍ എന്നയാള്‍ക്കായിരുന്നു വണ്ടി വാങ്ങി വെറും മൂന്നു മണിക്കൂറിനെയുണ്ടായ അപകടത്തില്‍ വണ്ടിയുടെ ഫ്രണ്ട് വീല്‍ ഒടിഞ്ഞു തൂങ്ങിയ ദുരനുഭവം ഉണ്ടായത്. എന്നാല്‍ അപകടത്തില്‍പെട്ട വണ്ടിക്ക് പുതിയൊരു കോംപസ് തന്നെ പകരം നല്‍കാനാണ് ജീപ്പ് ഇന്ത്യയുടെ തീരുമാനം. ജയന്ത തന്നെയാണ് ഈ വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

അപകടത്തിന്റെ വിവരവും നേരത്തെ ജയന്ത് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. ഇത് വൈറലായതോടെയാണ് കമ്പനിയുടെ പുതിയ തീരുമാനം. ഗുവഹാത്തിയിലെ മഹേഷ് മോട്ടോഴ്‌സില്‍ നിന്നും ജീപ്പ് കോംപസ് സ്വന്തമാക്കി ദുലാജാനിലേക്കു പോകുന്നതിനിടയില്‍ വാഹനത്തിന്‌റെ മുന്‍ പാസഞ്ചര്‍ സൈഡ് വീല്‍ ഇളകിപ്പോകുകയായിരുന്നു. ഷോറൂമില്‍ നിന്നും പുറത്തിറങ്ങി  172 കിലോമീറ്റര്‍ മാത്രം ഓടിച്ചപ്പോഴാണ് ഈ ദുരനുഭവം. അപകടത്തില്‍ നിന്നും ജയന്ത അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ജീപ്പിനെ പോലൊരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ നിന്നും ഇത്ര നിലവാരമില്ലായ്മ പ്രതീക്ഷിച്ചിരുന്നില്ലെന്നു പറഞ്ഞായിരുന്നു അപകട ദൃശ്യങ്ങള്‍ക്കൊപ്പം ജയന്തയുടെ പോസ്റ്റ്. ഇത് വൈറലായതിനെ തുടര്‍ന്ന് പുതിയ വാഹനം നല്‍കാന്‍ തയാറാണെന്ന് പറഞ്ഞ് കമ്പനി തന്നെ ബന്ധപ്പെട്ടുവെന്നാണ് ജയന്തന്‍ തന്റെ പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ഇത്തരത്തിലൊരു അപകടം നടക്കാന്‍ പാടില്ലാത്തതാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജീപ്പ് ഇന്ത്യയും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.