പദ്മരാജന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ആദ്യ ചിത്രമായ അപരനിലൂടെ തന്നെ മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ ജയറാം 100ലധികം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച ജയറാം ഒരിടവേളക്ക് ശേഷം മലയാളത്തില്‍ നായകനായെത്തിയ ചിത്രമായിരുന്നു ഓസ്ലര്‍. മമ്മൂട്ടി അതിഥിവേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരുന്നു.
തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലും ജയറാം തന്റെ സാന്നിധ്യമറിയിച്ചു. ജെ.എഫ്. ഡബ്ല്യൂ. അച്ചീവേഴ്‌സ് അവാര്‍ഡ് വേദിയില്‍ ജയറാം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അവാര്‍ഡ് ചടങ്ങില്‍ പഞ്ചതന്ത്രം എന്ന ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. കമല്‍ ഹാസന്‍, ശ്രീമന്‍, രമേശ് അരവിന്ദ്, യുഗി സേതു എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ കോമഡി ചിത്രമായിരുന്നു പഞ്ചതന്ത്രം.
ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് നാഗേഷ് എന്ന നടനെയാണെന്ന് ജയറാം പറഞ്ഞു. സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത പല കോമഡികളും അദ്ദേഹം കൈയില്‍ നിന്ന് ഇടുമായിരുന്നെന്നും അതെല്ലാം സിനിമയെ കൂടുതല്‍ രസകരമാക്കിയെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. എല്ലാവരും കാറില്‍ പോകുന്ന സീനിലെ അദ്ദേഹത്തിന്റെ ഡയലോഗെല്ലാം സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നെന്നും ജയറാം പറഞ്ഞു. പഞ്ചതന്ത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്നുണ്ടെങ്കില്‍ ഏറ്റവും മിസ് ചെയ്യുന്നത് അദ്ദേഹത്തെയാണെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.
‘പഞ്ചതന്ത്രം എന്ന സിനിമ ഇന്നും പലരുടെയും ഫേവറെറ്റാണ്. കമല്‍ സാര്‍, ശ്രീമാന്‍, രമേശ് അരവിന്ദ്, യുഗി എല്ലാവരുമുണ്ടെങ്കിലും ആ സിനിമയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന മുഖം നാഗേഷ് സാറിന്റെയാണ്. അദ്ദേഹത്തിന്റെ കോമഡി ടൈമിങ് എന്ന് പറയുന്നത് അപാരമാണ്. സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത പല ഡയലോഗും കൈയില്‍ നിന്ന് ഇട്ട് കൈയടി വാങ്ങും. സെറ്റില്‍ എല്ലാവരോടും അതേ മൂഡില്‍ തന്നെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റവും.
ഞങ്ങള്‍ എല്ലാവരും കാറില്‍ പോകുന്ന സീനിലെ അദ്ദേഹത്തിന്റെ ഡയലോഗ് എല്ലാം കൈയില്‍ നിന്ന് ഇട്ടതാണ്. ഐസ് കോഫി ഡയലോഗ്, ബാംഗ്ലൂരിലേക്ക് പോകുന്ന കാര്യം പറയുന്നത് എല്ലാം പുള്ളിയുടെ കോണ്‍ട്രിബ്യൂഷനാണ്. ആ സിനിമയുടെ രണ്ടാം ഭാഗം വരുന്നുണ്ടെങ്കില്‍ ഞങ്ങള്‍ എല്ലാവരും മിസ് ചെയ്യുന്നത് അദ്ദേഹത്തെയായിരിക്കും. ഞാനും അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്,’ ജയറാം പറഞ്ഞു.
Content Highlight: Jayaram shares the memory about Tamil actor Nagesh and Pancha Thanthram movie