കുടുബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം. പത്മരാജന്‍ സംവിധാനം ചെയ്ത ‘അപരന്‍’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന താരം 34 വര്‍ഷത്തെ കരിയറില്‍ ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചു.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ‘പട്ടാഭിരാമന്‍’ എന്ന ചിത്രമാണ് താരത്തിന്റെതായി മലയാളത്തില്‍ അവസാനം റിലീസ് ചെയ്തത്. എന്നാല്‍ അതേസമയത്ത് തന്നെ തമിഴിലും തെലുങ്കിലും ജയറാം സജീവമായിരുന്നു.
മൂന്ന് വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന സിനിമയിലൂടെ ജയറാം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികയാണ്. ഏപ്രില്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
മലയാള സിനിമകളില്‍ നിന്നും വിട്ട് നിന്നതിന്റെ കാരണം തുറന്നുപറയുകയാണ് ഇപ്പോള്‍ ജയറാം. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”മലയാള സിനിമകളില്‍ നിന്നും ഞാന്‍ മനപൂര്‍വ്വം ഗ്യാപ്പ് എടുത്തതാണ്. എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് അമ്മമാര്‍, സഹോദരിമാര്‍, സഹോദരന്മാര്‍ അവരൊക്കെ എന്നെ വിട്ട് കുറച്ച് അകന്ന് പോകുന്നുണ്ടോ എന്ന് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. കാരണം, പലപ്പോഴും അങ്ങനെ തോന്നിയ സമയങ്ങളിലൊക്കെ എനിക്ക് ഒരുപാട് പരാജയങ്ങള്‍ വന്നു.
എന്റെ പടങ്ങളൊക്കെ പരാജയപ്പെട്ട സമയത്തും, അവര്‍ക്ക് ഇഷ്ടപ്പെട്ട സിനിമകളും, എന്നില്‍ നിന്നും ഉദ്ദേശിച്ച സിനിമകളും വന്നപ്പോള്‍ അവര്‍ തിരിച്ച് തിയേറ്ററുകളില്‍ വന്നിട്ടുണ്ട്.
അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. എന്റെ ഒരുപാട് സിനിമകള്‍ ഡൗണില്‍ പോയ്‌ക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു രാജസേനന്റെ മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമ വന്നത്. അങ്ങനെ പ്രേക്ഷര്‍ക്ക് ഇഷ്ടപ്പെട്ട ഒരു സ്ഥാനം വീണ്ടും എനിക്ക് തിരിച്ചുതന്നു. അതിന് ശേഷം കുറേക്കാലം കഴിഞ്ഞ് വീണ്ടും ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ വന്നപ്പോള്‍ തിരിച്ച് ആ സ്ഥാനം ലിഫ്റ്റ് ചെയ്ത് കിട്ടി.
ഈ 34 വര്‍ഷത്തെ കരിയറില്‍ അങ്ങനെ പലപ്പോഴും സിനിമ പരാജയപ്പെട്ടപ്പോഴും, പ്രേക്ഷകര്‍ എന്നെ കൈവിടാതെ തിരിച്ച് തിയേറ്ററുകളില്‍ വന്നിട്ടുണ്ട്.
2019 ആയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയിലാണ് ഞാന്‍ പോവുന്നത് എന്ന് തോന്നി. അങ്ങനെ കുറച്ചുകാലത്തേക്ക് ഞാന്‍ സിനിമകള്‍ ചെയ്യുന്നില്ല എന്ന് സ്വയം തീരുമാനമെടുത്തു.
ഞാന്‍ ഇനി കുറേ കാലത്തേക്ക് സിനിമ ചെയ്യുന്നില്ല, പ്രത്യേകിച്ച് മലയാളം, എന്ന് തീരുമാനിച്ചു. മനസ്സിന് ഒരു സ്പാര്‍ക്കായി തോന്നുന്ന ഒരു സിനിമ എന്നെങ്കിലും ദൈവം കൊണ്ടുതരുമ്പോള്‍ അത് ചെയ്യാം എന്ന്് എന്റെ പിള്ളേരോടും പറഞ്ഞു.