Bollywood
'മുഖത്ത് നോക്കാറില്ല, സെറ്റില്‍ രണ്ട് കോണിലാണ് ഞങ്ങള്‍ ഇരിക്കുക'; ശ്രീദേവിയുമായി കനത്ത ശത്രുതയിലായിരുന്നുവെന്ന് ജയപ്രദ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 18, 04:21 pm
Monday, 18th January 2021, 9:51 pm

മുംബൈ: വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ജയപ്രദ. സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ചുവടുറപ്പിച്ച ശേഷം ബോളിവുഡിലും തന്റെ അഭിനയമികവ് തെളിയിക്കാന്‍ ജയപ്രദയ്ക്ക് സാധിച്ചിരുന്നു.

ഈയടുത്തിടെ നടി ശ്രീദേവിയുമൊത്തുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് ജയപ്രദ രംഗത്തെത്തിയിരുന്നു. ഒരു സ്വകാര്യ ടിവി ചാനല്‍ പരിപാടിക്കിടെയായിരുന്നു ജയപ്രദ മനസ്സു തുറന്നത്.

നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചെങ്കിലും ശ്രീദേവിയും താനും കനത്ത ശത്രുതയിലായിരുന്നുവെന്നാണ് ജയപ്രദയുടെ വെളിപ്പെടുത്തല്‍. ക്യാമറയ്ക്ക് മുന്നില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ തങ്ങള്‍ക്ക് സാധിച്ചെങ്കിലും അഭിനയം കഴിയുമ്പോള്‍ രണ്ടുപേരും രണ്ട് കോണിലായിരിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ശ്രീദേവിയെ ഇപ്പോള്‍ വളരെയധികം മിസ്സ് ചെയ്യുന്നുണ്ടെന്നും ജയപ്രദ പറഞ്ഞു.

നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ ഞങ്ങള്‍ രണ്ട് ധ്രുവങ്ങളിലായിരുന്നു. ചില ചിത്രങ്ങളില്‍ സഹോദരിമാരായി അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ ക്യാമറ മുഖത്ത് നിന്ന് മാറ്റിയാല്‍ രണ്ടുപേരും സെറ്റില്‍ രണ്ട് കോണിലായിരിക്കും ഇരിക്കുക. പരസ്പരം മുഖത്ത് നോക്കാറുപോലുമില്ല, ജയപ്രദ പറഞ്ഞു.

തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാന്‍ ഒരിക്കല്‍ നടന്‍ ജിതേന്ദ്ര രണ്ടുപേരെയും ഒരു മുറിയില്‍ പൂട്ടിയിട്ടുവെന്നും ജയപ്രദ പറഞ്ഞു.

ഉച്ചഭക്ഷണം കഴിക്കാനുള്ള ബ്രേക് ടൈമില്‍ ജിതേന്ദ്ര ജി ഞങ്ങളെ ഒരു റൂമില്‍ പൂട്ടിയിട്ടു. എല്ലാ പ്രശ്‌നങ്ങളും തീര്‍ത്തിട്ട് തുറക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ രണ്ടാള്‍ക്കും നല്ലപോലെ വിശക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ജിതേന്ദ്ര വാതില്‍ തുറന്നു. ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടാതെ മുറിയില്‍ നിന്ന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ രണ്ട് ഭാഗത്തേക്ക് പോയി. പൂട്ടിയിട്ട സമയത്തു പോലും പരസ്പരം ഞങ്ങള്‍ ഒരക്ഷരം മിണ്ടിയിട്ടില്ല, ജയപ്രദ പറഞ്ഞു.

അതേസമയം ഇത്രയ്ക്ക് ശത്രുതയുണ്ടാകാന്‍ എന്താണ് കാരണമെന്ന ചോദ്യത്തിന്, ഇരുവരും മികച്ച അഭിനേതാക്കളും നൃത്തം നന്നായി വഴങ്ങുന്നവരുമായിരുന്നു.

ഇതാകാം പരസ്പരം ഒരു മത്സരത്തിന് കാരണമെന്നായിരുന്നു ജയപ്രദയുടെ ഉത്തരം. എന്നാല്‍ ഇപ്പോള്‍ ശ്രീദേവിയെ വല്ലാതെ മിസ് ചെയ്യാറുണ്ടെന്നും അവരുടെ സാന്നിദ്ധ്യം ഇല്ലാതായതില്‍ വിഷമമുണ്ടെന്നും ജയപ്രദ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Jayaprada Opens About Rivalry With  Sridevi