മുംബൈ കാത്തുവെച്ചവന്റെ അഴിഞ്ഞാട്ടത്തില്‍ പിറന്നത് ഇരട്ടചരിത്രം
Sports News
മുംബൈ കാത്തുവെച്ചവന്റെ അഴിഞ്ഞാട്ടത്തില്‍ പിറന്നത് ഇരട്ടചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th April 2024, 1:27 pm

2024 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യവിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ക്യാപ്പിറ്റല്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന കൂറ്റന്‍ ടോട്ടലാണ് ക്യാപിറ്റല്‍സിന് മുന്നില്‍ പടുത്തുയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

മുംബൈ ബൗളിങ്ങില്‍ ജെറാള്‍ഡ് കോട്‌സി നാല് വിക്കറ്റും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും റൊമാരിയോ ഷെപ്പാര്‍ഡ് ഒരു വിക്കറ്റും നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ മുംബൈ ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് വിക്കറ്റ് നേടി ടീമിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറും രണ്ടാമത്തെ പേസ്
ബൗളറുമായിട്ടാണ് ജസ്പ്രീത് ചരിത്രം രചിച്ചത്. വാംഖഡെ സ്റ്റേഡിയത്തില്‍ തന്റെ 125-ാം ഐ.പി.എല്‍ മത്സരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളെന്ന നിലയില്‍ തന്റെ കഴിവ് പ്രദര്‍ശിപ്പിച്ചുകൊണ്ട് ബുംറ ഈ സുപ്രധാന നാഴികക്കല്ല് തികച്ചത്.

മുന്‍ മുംബൈ ഇന്ത്യന്‍സ് താരവും നിലവിലെ ബൗളിങ് പരിശീലകനുമായ ലസിത് മലിങ്ക വെറും 105 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്, രാജസ്ഥാന്‍ റോയല്‍സിന്റെ തന്ത്രശാലിയായ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ 118 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ഡ്വെയ്ന്‍ ബ്രാവോ (137), ഭുവനേശ്വര്‍ കുമാര്‍ (138) എന്നിവരാണ് റാങ്കിങ്ങില്‍ തൊട്ടുപിന്നിലാണ്.

 

Content Highlight: Jasprit Bumrah In Record Achievement