Entertainment news
കൊലമാവ് കോകിലക്ക് റീമേക്ക്; ഗുഡ് ലക്ക് ജെറി ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 14, 09:32 am
Thursday, 14th July 2022, 3:02 pm

ജാന്‍വി കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഗുഡ്‌ലക്ക് ജെറിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നെല്‍സണ്‍ ദിലീപിന്റെ സംവിധാനത്തില്‍ പുറത്തുവന്ന നയന്‍താര ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ്‌ലക്ക് ജെറി.

ജയകുമാരി-ജെറി എന്നാണ് ജാന്‍വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമ്മയുടെ ചികിത്സയ്ക്കായി പണം ആവശ്യമായി വരുമ്പോള്‍ ജെറിയും കുടുംബവും ചേര്‍ന്ന് മയക്കുമരുന്ന് കടത്തുവാന്‍ തുടങ്ങുന്നതും പിന്നീടുള്ള രസകരമായ സംഭവവികസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ബ്ലാക്ക് ഹ്യൂമര്‍ വിഭാഗത്തിലുള്ള ചിത്രമാണ് ഗുഡ് ലക്ക് ജെറി. ഈ മാസം 29നാണ് ചിത്രം റിലീസ് ചെയ്യുക.

അഗ്‌നിപത്, ഓയ്‌ലക്കി ലക്കി ഓയ് തുടങ്ങിയ സിനിമകളുടെ സഹസംവിധായകന്‍ ആയിരുന്ന സിദ്ധാര്‍ഥ് സെന്‍ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് എല്‍ റായ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പങ്കജ് മേത്തയുടേതാണ് തിരക്കഥ. ദീപക് ഡോബിയാല്‍, നീരജ് സൂദ്, മിത വസിഷ്ത് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം മിലിയാണ് ജാന്‍വിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ദേശീയ പുരസ്‌കാരം നേടിയ മലയാളം ചിത്രം ഹെലന്റെ റീമേക്കാണ് മിലി. ബോണി കപൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഹെലന്റെ സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ്.

Content Highlight : Janvi Kapoor starring Good luck jerry movie trailer released