ഏക സിവില്‍ കോഡ് മുസ്‌ലിം സ്‌ത്രീകളുടെ പരിപാലന അവകാശങ്ങളെ ബാധിക്കും; ജംഇയ്യത്തുല്‍ ഉലമ ഐ ഹിന്ദ്
national news
ഏക സിവില്‍ കോഡ് മുസ്‌ലിം സ്‌ത്രീകളുടെ പരിപാലന അവകാശങ്ങളെ ബാധിക്കും; ജംഇയ്യത്തുല്‍ ഉലമ ഐ ഹിന്ദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th July 2023, 8:42 am

ന്യൂദല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ എതിര്‍പ്പറിയിച്ച് ജംഇയ്യത്തുല്‍ ഉലമ ഐ ഹിന്ദ്. ഏക സിവില്‍ കോഡ് മുസ്‌ലിം സത്രീകളുടെ പരിപാലന അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് നിയമ കമ്മീഷനെ ജംഇയ്യത്തുല്‍ ഉലമ ഐ ഹിന്ദ് അറിയിച്ചിരിക്കുന്നത്.

ജൂണ്‍ 14 ന് ജനങ്ങളോടും മതസംഘടനകളോടും ഏക സിവില്‍ കോഡിനെ കുറിച്ചുള്ള അഭിപ്രായം നിയമ കമ്മീഷന്‍ തേടിയിരുന്നു. 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇതിന് മറുപടിയായാണ് ജംഇയ്യത്തുല്‍ ഉലമ ഐ ഹിന്ദ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മുസ്‌ലിം വ്യക്തി നിയമ പ്രകാരം കുടുംബത്തെ പരിപാലിക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പിതാവിനോ ഭര്‍ത്താവിനോ ആണ്. എന്നാല്‍ ഏക സിവില്‍ കോഡിലെ തുല്യ സമത്വത്തെ അടിസ്ഥാനമാക്കുമ്പോള്‍ ഭാര്യയും അമ്മയും കുടുംബത്തിന്റെ പരിപാലന ഉത്തരവാദിത്തം പങ്കിടേണ്ടി വരുമെന്ന് ജംഇയ്യത്തുല്‍ ഉലമ ഐ ഹിന്ദ് പറയുന്നു.

മുസ്‌ലിം വ്യക്തി നിയമ പ്രകാരം സ്ത്രീകളുടെ വരുമാനത്തിനും സ്വത്തിനും അവര്‍ക്ക് തന്നെയാണ് ഉടമസ്ഥാവകാശം. വിവാഹ ജീവിതത്തിന് ഇടയിലോ വിവാഹമോചനത്തിന് ശേഷമോ ഇത് ഭര്‍ത്താവുമായോ കുട്ടികളുമായോ പങ്കിടേണ്ടി വരുന്നില്ല. എന്നാല്‍ ഇത് നിഷേധിക്കുന്നതാണ് ഏക സിവില്‍ കോഡിലെ തുല്യ സമത്വ വ്യാഖ്യാനം.

മുസ്‌ലിം വ്യക്തി നിയമ പ്രകാരം ഭര്‍ത്താവിന്റെ മരണം, വിവാഹ മോചനം എന്നീ സാഹചര്യങ്ങളില്‍ പ്രായ പൂര്‍ത്തിയാകുന്നത് വരെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം പിതാവിനോ (വിവാഹ മോചിതര്‍) സഹോദരന്മാര്‍ക്കോ, പിതൃസഹോദരന്മാര്‍ക്കോ ആയിരിക്കും. എന്നാല്‍ ഏക സിവില്‍ കോഡില്‍ ഇത് സ്ത്രീകള്‍ വഹിക്കേണ്ട സാഹചര്യമുണ്ടാകും. മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹ സമയത്ത് ഭര്‍ത്താവ് ഭാര്യക്ക് മഹര്‍ നല്‍കുന്നു. എന്നാല്‍ ഏക സിവില്‍ കോഡ് ഇത് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്നതാണെന്നും ജംഇയ്യത്തുല്‍ ഉലമ ഐ ഹിന്ദ് നിയമ കമ്മീഷനെ അറിയിച്ചു.

രാജ്യത്തിന്റെ വൈവിധ്യത്തെയും ദേശീയ അഖണ്ഡതയെയും ഏക സിവില്‍ കോഡ് ബാധിക്കും. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരമുള്ള വ്യക്തികളുടെയും മതവിഭാഗങ്ങളുടെയും അവകാശങ്ങളെ ഇത് ബാധിക്കും. മൗലികാവകാശത്തിന് കീഴില്‍ സംരക്ഷിക്കപ്പെടുന്ന സംസ്‌കാരിക അവകാശങ്ങളെയും ഇത് ബാധിക്കുമെന്ന് കത്തില്‍ പറയുന്നു. സമുദായങ്ങള്‍, മതസംഘടനകള്‍, മറ്റ് സംഘടനകള്‍ എന്നിവയുടെ അനുമതിയില്ലാതെ ഏക സിവില്‍ കോഡുമായി മുന്നോട്ട് പോകുന്നതില്‍ നിന്നും പിന്മാറണമെന്നും ജംഇയ്യത്തുല്‍ ഉലമ ഐ ഹിന്ദ് നിയമ കമ്മീഷനോട് ആവശ്യപ്പെട്ടു.

 

 

Content Highlight: Jamiat-ul-Ulama  i hind Opposes uniform civil code