നേടാന്‍ അതുമാത്രം ബാക്കിയാക്കി അവന്‍ പടിയിറങ്ങി; നിങ്ങള്‍ നല്‍കിയതിനെല്ലാം നന്ദി
Sports News
നേടാന്‍ അതുമാത്രം ബാക്കിയാക്കി അവന്‍ പടിയിറങ്ങി; നിങ്ങള്‍ നല്‍കിയതിനെല്ലാം നന്ദി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th July 2024, 9:37 am

 

2003 മുതല്‍ 2024 വരെ നീണ്ട 21 വര്‍ഷങ്ങള്‍, 704 ടെസ്റ്റ് വിക്കറ്റുകള്‍, ഏകദിനത്തില്‍ 269ഉം ടി-20യില്‍ 18ഉം വിക്കറ്റുകള്‍, ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ടാലന്റുകളിലൊരാള്‍ കൂടി പടിയിറങ്ങുകയാണ്.

ലോര്‍ഡ്സില്‍ ആരംഭിച്ച ആ ഐതിഹാസിക കരിയറിന്റെ അവസാന മത്സരത്തിനും ക്രിക്കറ്റിന്റെ മക്ക സാക്ഷിയായി. അവസാന ടെസ്റ്റില്‍ നാല് വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച് ജെയിംസ് ആന്‍ഡേഴ്‌സണ്‍ കളി മതിയാക്കി.

രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയ റെക്കോഡ് നേട്ടങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. റെഡ് ബോള്‍ ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഏറ്റവുമധികം മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത് താരം, ടെസ്റ്റില്‍ 700 വിക്കറ്റ് നേടുന്ന മൂന്നാമത് താരം, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസറും ആദ്യ ഇംഗ്ലണ്ട് താരവും, ടെസ്റ്റ് ഫോര്‍മാറ്റില്‍ 40,000 പന്തുകളെറിയുന്ന നാലാമത് താരം, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസര്‍, കരിയര്‍ ആരംഭിച്ച 2003 മുതല്‍ 2024 വരെ എല്ലാ വര്‍ഷവും ഏറ്റവും കുറഞ്ഞത് ഒരു ടെസ്റ്റ് വിക്കറ്റ്, ഏറ്റവുമധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ വീഴ്ത്തുന്ന മൂന്നാമത് താരം… ആന്‍ഡേഴ്‌സണിന്റെ ലെഗസി അന്ത്യമില്ലാതെ തുടരുന്നു.

എന്നാല്‍ ആ കരിയര്‍ സമ്പൂര്‍ണമാകാന്‍ ഒരു റെക്കോഡ് കൂടി ബാക്കിയുണ്ടായിരുന്നു, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1,000 വിക്കറ്റ് എന്ന നേട്ടം കണ്‍മുമ്പില്‍ നില്‍ക്കെയാണ് ആന്‍ഡേഴ്‌സണ്‍ ക്രിക്കറ്റിനോട് വിടപറയുന്നത്.

ഒരുപക്ഷേ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഈ പരമ്പരയിലെ മറ്റ് മത്സരങ്ങളിലും പന്തെറിഞ്ഞിരുന്നെങ്കില്‍ അനായാസം ഈ നേട്ടവും ജിമ്മിയുടെ പേരില്‍ കുറിക്കപ്പെടുമായിരുന്നു.

ഈ നേട്ടത്തിലെത്താന്‍ വെറും ഒമ്പത് വിക്കറ്റ് മാത്രമായിരുന്നു ആന്‍ഡേഴ്‌സണിന് വേണ്ടിയിരുന്നത്. ഒരുപക്ഷേ ഈ നേട്ടം സ്വന്തമാക്കിയിരുന്നെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ മൂന്നാമത് താരമെന്ന നേട്ടവും ജിമ്മിയെ തേടിയെത്തുമായിരുന്നു.

 

ഇതിഹാസ താരങ്ങളായ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ ക്രിക്കറ്റര്‍മാര്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍

(താരം – ടീം – മത്സരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 495 – 583 – 1347

ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – 339 – 464 – 1001

ജെയിംസ് ആന്‍ഡേഴ്‌സണ്‍ – 401 – 560 – 991

അനില്‍ കുംബ്ലെ – ഇന്ത്യ – 403 – 501 – 956

ഗ്ലെന്‍ മഗ്രാത് – ഓസ്‌ട്രേലിയ – 376 – 493 – 949

വസീം അക്രം – പാകിസ്ഥാന്‍ – 460 – 532 – 916

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 114 റണ്‍സിനുമാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്.

ആദ്യ ഇന്നിങ്‌സില്‍ സന്ദര്‍ശകരെ വെറും 121 റണ്‍സിന് എറിഞ്ഞിട്ടാണ് ഇംഗ്ലണ്ട് ലോര്‍ഡ്‌സ് പിടിച്ചടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. അരങ്ങേറ്റക്കാരന്‍ ഗസ് ആറ്റ്കിന്‍സണിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. അഞ്ച് മെയ്ഡന്‍ അടക്കം 12 ഓവര്‍ പന്തെറിഞ്ഞ താരം 45 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് നേടി.

ജെയിംസ് ആന്‍ഡേഴ്‌സണ്‍, ക്രിസ് വോക്‌സ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്. 58 പന്തില്‍ 27 റണ്‍സ് നേടിയ മിഖൈല്‍ ലൂയിസാണ് ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അഞ്ച് അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ 371 റണ്‍സ് നേടി. സാക്ക് ക്രോളി (89 പന്തില്‍ 76), വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത് (119 പന്തില്‍ 70), ജോ റൂട്ട് (114 പന്തില്‍ 68), ഒല്ലി പോപ്പ് (74 പന്തില്‍ 57), ഹാരി ബ്രൂക് (64 പന്തില്‍ 50) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്.

250 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് കളത്തിലിറങ്ങിയ വിന്‍ഡീസിന് വീണ്ടും പിഴച്ചു. ഒടുവില്‍ 136 റണ്‍സിന് ടീം പുറത്തായി.

രണ്ടാം ഇന്നിങ്‌സില്‍ ഗസ് ആറ്റികിന്‍സണ്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡേഴ്‌സണ്‍ മൂന്നും ബെന്‍ സ്‌റ്റോക്‌സ് രണ്ടും വിക്കറ്റ് നേടി.

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ടെന്‍ഫര്‍ നേടിയ ഗസ് ആറ്റ്കിന്‍സണാണ് കളിയിലെ താരം.

ജൂലെ 18നാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ട്രെന്റ് ബ്രിഡ്ജാണ് വേദി.

 

 

Content highlight: James Anderson ends his career with 991 international wickets