പ്രഖ്യാപനം മുതല്‍ക്ക് തന്നെ വലിയ ശ്രദ്ധ നേടിയ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് തരുണ്‍ മൂര്‍ത്തിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഈയിടെയായിരുന്നു തുടരും സിനിമയിലെ ‘കണ്‍മണിപ്പൂവേ’ എന്നാരംഭിക്കുന്ന ഗാനം പുറത്തിറങ്ങിയത്. എം.ജി ശ്രീകുമാര്‍ ആലപിച്ച ഈ പാട്ടിന് സംഗീതം പകര്‍ന്നത് ജേക്സ് ബിജോയ് ആയിരുന്നു. ഇപ്പോള്‍ മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ പാട്ടുകളെ കുറിച്ച് പറയുകയാണ് ജേക്സ് ബിജോയ്.
‘ലാലേട്ടന്‍ – ശോഭനച്ചേച്ചി കൂട്ടുകെട്ടിന് ചേരുന്ന സംഗീതമൊരുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. നിലവില്‍ ഇത്തരത്തിലുള്ള കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും സിനിമയില്‍ ഇല്ലാതാകുന്നതായി തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളസിനിമയില്‍നിന്ന് അകന്നുപോകുന്ന കാഴ്ചകളെ തിരിച്ചു കൊണ്ടുവരാനാണ് പാട്ടിലൂടെ ശ്രമിച്ചത്.
ഈരാറ്റുപേട്ട പാലായിലാണ് എന്റെ വീട്. അമ്മവീട് ആലപ്പുഴയിലും. ഇവിടങ്ങളിലൂടെ മുമ്പ് ബസില്‍ യാത്രചെയ്യുമ്പോള്‍ മനസിന് സന്തോഷം നല്‍കുന്ന ഒരുപാട് പാട്ടുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. നാടിന്റെ ഗ്രാമീണതയും പച്ചപ്പും മനസില്‍ പെയ്തിറങ്ങുന്ന ഈണങ്ങള്‍, നാടൊരു നൊസ്റ്റാള്‍ജിയയായിമാറുന്ന മാജിക്ക് പാട്ടിലൂടെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
അവയെ പുനഃസൃഷ്ടിക്കാനാണ് ശ്രമിച്ചത്. കുളിരും സന്തോഷവും സമ്മാനിച്ച ഗാനമെന്നെല്ലാം ചിലര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്കഭിമാനം തോന്നുന്നുണ്ട്. ‘മോനേ നന്നായിട്ടുണ്ട്’ എന്ന ലാലേട്ടന്റെ പ്രതികരണം സന്തോഷം ഇരട്ടിയാക്കി. സിനിമയുടെ ഭാഗമായുള്ള രണ്ട് മെലഡികള്‍ കൂടി ഉടന്‍ റിലീസ് ചെയ്യും.
ലാലേട്ടന്‍ അവതരിപ്പിക്കുന്ന ഷണ്‍മുഖന്റെ ഓര്‍മകളിലൂടെയാണ് കഥ പലപ്പോഴും സഞ്ചരിക്കുന്നത്. അതിനുകൂട്ടായി പാട്ടുകളെത്തും. തമിഴ് സംസ്‌കാരത്തോട് ചേര്‍ന്നുനില്‍ക്കുന്ന കൊണ്ടാട്ടം പാട്ട് പ്രേക്ഷകര്‍ക്ക് ആഘോഷിക്കാനുള്ള വകനല്‍കുമെന്നാണ് പ്രതീക്ഷ.
മുരുകഭക്തനായ ഷണ്‍മുഖനെ മുന്‍നിര്‍ത്തിയുള്ള ഒരടിപൊളി പാട്ടാണ് കൊണ്ടാട്ടം. സര്‍പ്രൈസുകള്‍ ചിലത് വേറെയുമുണ്ട്. അതെല്ലാം പടമിറങ്ങുമ്പോള്‍ നിങ്ങളിലേക്ക് എത്തും,’ ജേക്‌സ് ബിജോയ് പറയുന്നു.
Content Highlight: Jakes Bijoy Talks About Thudarum Movie And Mohanlal