സിനിമയുടെ പേരില്‍ സാഹിത്യം എഴുതി സി.പി.ഐ.എമ്മിന്റെ ദളിത് വിരുദ്ധത മൂടിവെക്കാമെന്ന് കരുതേണ്ട; ജയ് ഭീം സ്‌നേഹം പി. ആര് മെക്കാനിസമെന്ന് ശബരിനാഥന്‍
Kerala News
സിനിമയുടെ പേരില്‍ സാഹിത്യം എഴുതി സി.പി.ഐ.എമ്മിന്റെ ദളിത് വിരുദ്ധത മൂടിവെക്കാമെന്ന് കരുതേണ്ട; ജയ് ഭീം സ്‌നേഹം പി. ആര് മെക്കാനിസമെന്ന് ശബരിനാഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th November 2021, 1:55 pm

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ ജയ് ഭീം സ്‌നേഹം വെറും പി.ആര് മെക്കാനിസം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശബരിനാഥ്.

ഇടതുക്ഷം ഭരിക്കുന്ന കേരളത്തിലെ എം.ജി യൂണിവേഴ്‌സിറ്റിയില്‍ ജാതി വെറിമൂലം ദളിത് ഗവേഷണ വിദ്യാര്‍ത്ഥിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും ഭരണകൂട സംവിധാനത്തിനെതിരെ വിദ്യാര്‍ത്ഥിനി അനിശ്ചിത കാല നിരാഹര സമരം നടത്തുകയും ചെയ്യുന്നത് കാണാന്‍ കണ്ണിനു കാഴ്ചയില്ലാത്ത സി.പി.ഐ.എം നേതാക്കള്‍ ജയ് ഭീം സിനിമയുടെ പേരില്‍ സാഹിത്യം എഴുതുന്നതിനെ അല്പത്തരം എന്നെ വിശേഷിപ്പിക്കാന്‍ കഴിയൂവെന്ന് ശബരിനാഥന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇന്നലെ രാത്രി മുതല്‍ ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് സൂര്യയുടെ ചിത്രമായ ജയ്ഭീമിനെ കുറിച്ചുള്ള പോസ്റ്റുകളാണ് വരുന്നതെന്നും മന്ത്രിമാരടക്കമുള്ള ആളുകള്‍ കമ്മ്യൂണിസ്റ്റുകാരനായ സിനിമയിലെ നായകന്റെ കഥ പറഞ്ഞു വാഴ്ത്തു പാട്ടുകള്‍ നടത്തുകയാണെന്നും ചന്ദ്രു വക്കീലിന്റെ ജീവിതകഥ പറയുന്ന ജയ് ഭീം മികച്ച സിനിമയാണ് എന്നതില്‍ സംശയമില്ല എന്നാല്‍ ഒരു സമാനവിഷയത്തില്‍
ആത്മാര്‍ത്ഥയുടെ ഒരംശം പോലും ഇല്ലാതെയാണ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് ശബരിനാഥന്റെ ആരോപണം.

‘ദളിത് പക്ഷത്തോട്, ദളിത് സമൂഹത്തോട് ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ എം.ജി യൂണിവേഴ്സിറ്റി വിഷയത്തില്‍ ഇടപെട്ട് വിദ്യാര്‍ത്ഥിനിക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ തയ്യാറാകണം. അല്ലാതെ സിനിമയുടെ പേരില്‍ സാഹിത്യം എഴുതി പെട്രോളിന്റെ വില കേരളത്തില്‍ കുറയ്ക്കാതെ ലാഭം കൊയ്യുന്ന നികുതിയൂറ്റില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാമെന്നോ, ഈ സാഹിത്യം കൊണ്ട് സി.പി.ഐ.എമ്മിന്റെ ദളിത് വിരുദ്ധത മൂടി വെക്കാമെന്നോ കരുതണ്ട, ശബരിനാഥന്‍ പറഞ്ഞു.

ജയ് ഭീം എന്ന സിനിമയുടെ അര്‍ത്ഥം മനസ്സിലായിട്ടുണ്ട് എങ്കില്‍ പോസ്റ്റിട്ട് ലൈക്ക് വാങ്ങിക്കുന്നതിന് പകരം എം.ജി യൂണിവേഴ്‌സിറ്റിയിലെ കുട്ടിയുടെ വിഷമം മനസ്സിലാക്കുവാന്‍ സര്‍ക്കാരിന് കഴിയണമെന്നും അല്ലാത്തവയെല്ലാം പി.ആര്‍ വര്‍ക്കുകള്‍ തന്നെയാണ് ശബരിനാഥന്‍ ഫേസ്ബുക്കിലെഴുതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: Jai Bhim Sabarinadhan against Cpim