മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായിരുന്നു നെടുമുടി വേണു. ഏകദേശം അഞ്ഞൂറോളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം സംസ്ഥാന, ദേശീയ തലങ്ങളിലെല്ലാം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവരുമായി അസാധ്യ കോമ്പിനേഷൻ വർക്കാവുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
നെടുമുടി വേണുവിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ജഗദീഷ്. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഗാന രംഗങ്ങളിൽ നെടുമുടി വേണു സംഗീതം ആസ്വദിക്കുന്നതായി അഭിനയിക്കുന്നത് ഗംഭീരമായിട്ടാണെന്നും അത് വളരെ പ്രയാസമുള്ള ഒന്നാണെന്നും ജഗദീഷ് പറയുന്നു.
അതുപോലെ ചിത്രം എന്ന പ്രിയദർശൻ സിനിമയിൽ മൃദംഗം വായിച്ചുകൊണ്ട് നെടുമുടി വേണു ഗാനമാലപിക്കുന്നുണ്ട്. എന്നാൽ ലോകത്ത് ഇതുവരെ ആരും അങ്ങനെ ചെയ്തിട്ടില്ലെന്നും അദ്ദേഹം ഭംഗിയായി അത് അവതരിപ്പിച്ചെന്നും ജഗദീഷ് പറഞ്ഞു. അമൃത ടി.വിയിലെ ഓർമയിൽ എന്നും എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുമുടി വേണുവിന് മികച്ച സഹ നടനുള്ള ദേശീയ അവാർഡ് കിട്ടിയ ചിത്രമായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള.
‘പാട്ട് ആസ്വദിക്കുന്ന ആളായി അഭിനയിക്കുന്നത് ഒരു വലിയ കാര്യമാണ്. ഹിസ് ഹൈനസ് അബ്ദുള്ളയിൽ മോഹൻലാൽ ദാസേട്ടന്റെ ശബ്‌ദത്തിലും എം.ജി ശ്രീകുമാറിന്റെ സൗണ്ടിലുമെല്ലാം പാടുന്നുണ്ട്. ഇത് ആസ്വദിക്കുന്ന മഹാരാജാവായി വേണു ചേട്ടൻ ഇരിക്കുന്നുണ്ട്.
ആ സംഗീതത്തെ ഉയർത്തി കാണിക്കുന്ന ഭാവങ്ങൾ ആ മഹാരാജാവ് പ്രേക്ഷകർക്ക് നൽകുന്നുണ്ട്. ചിത്രം എന്ന സിനിമയിലും അങ്ങനെയാണ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ വിഷ്ണു എന്ന കഥാപാത്രം കഥ മുഴുവൻ പറഞ്ഞ ശേഷം പാട്ട് പാടുമ്പോൾ ആ ദുഃഖവും വേദനയുമെല്ലാം ഉൾക്കൊണ്ടാണ് അദ്ദേഹം ഇരിക്കുന്നത്.
ലോകത്തിൽ ഇതുവരെ നടന്നിട്ടില്ലാത്ത ഒരു കാര്യം പ്രിയദർശൻ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി വേണു ചേട്ടൻ വന്നിട്ടുമുണ്ട്. എന്താണെന്ന് ചോദിച്ചാൽ മൃദംഗം വായിച്ച് കൊണ്ട് ഒരാളും പാട്ട് പാടാറില്ല.
പക്ഷെ വേണു ചേട്ടൻ അതിൽ ചെയ്തിട്ടുണ്ട്. മൃദംഗം അടിക്കുകയും ചെയ്യുന്നുണ്ട്, പാട്ട് പാടുന്നുമുണ്ട്. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്,’ജഗദീഷ് പറയുന്നു.
Content Highlight: Jagadeesh Talk About Nedumudi Venu’s Character In Chithram Movie