Medical negligence
ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ജേക്കബ് വടക്കഞ്ചേരിയ്ക്ക് നാലു ലക്ഷം രൂപ പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 03, 01:45 am
Wednesday, 3rd January 2018, 7:15 am

കോഴിക്കോട്: ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ജേക്കബ് വടക്കഞ്ചേരിയ്ക്ക് നാലു ലക്ഷം രൂപ പിഴ. ഉപഭോക്തൃ തര്‍ക്ക പരിഹാരം ഫോറത്തിന്റെതാണ് വിധി.

12 വര്‍ഷം മുന്‍പ് അഡ്വ. വിനയാനന്ദന്‍ എന്നയാള്‍ ജേക്കബ് വടക്കഞ്ചേരിയുടെ അടുത്ത് ചികിത്സയ്ക്ക് വന്നിരുന്നു. പ്രമേഹവും, കുടലിലെ അള്‍സറും വൃക്കയില്‍ കല്ലും കാരണമാണ് 2005 നവംബര്‍ 7 ന് ജേക്കബ് വടക്കഞ്ചേരി നടത്തുന്ന നാച്വര്‍ ലൈഫ് ഹോസ്പിറ്റലില്‍ വിനയാനന്ദന്‍ സമീപിക്കുന്നത്.

ഇവിടെ അഡ്മിറ്റായി അഞ്ചു ദിവസം കഴിഞ്ഞ് വിനയാനന്ദന്‍ മരിക്കുകയും ചെയ്തു. ഹൃദ്രോഗിയായ വിനയാന്ദനെ എന്നും രാവിലെ യോഗ ചെയ്യിക്കാറുണ്ടെന്നും മുകളിലെ നിലയിലേക്ക് നടത്തിക്കാറുണ്ടെന്നും പരാതിക്കാര്‍ ഫോറത്തെ ധരിപ്പിച്ചു.

ഹൃദ്രോഗത്തിനുള്ള പ്രഥമശുശ്രൂഷ നല്‍കിയില്ല എന്ന ഹര്‍ജിക്കാരുടെ വാദവും ഇത്തരം രോഗികള്‍ക്ക് പൂര്‍ണവിശ്രമമാണ് വേണ്ടതെന്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.വി.കെ.ഗിരീശന്റെ മൊഴിയും സ്വീകരിച്ചാണ് ഫോറത്തിന്റെ നടപടി.

2005 ല്‍ കൊച്ചി ആശുപത്രിയില്‍ ചികിത്സ നടത്തിയതിലെ പോരായ്മകാരണമാണ് മരണമെന്ന് കാണിച്ച് സഹോദരന്‍ പ്രഫ.ഡോ.സി.തിലകാനന്ദനും മറ്റ് കുടുംബാംഗങ്ങളും ഹര്‍ജി നല്‍കുകയായിരുന്നു. വാക്‌സിന്‍ വിരുദ്ധ പ്രചരണത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് ജേക്കബ് വടക്കഞ്ചേരി.