ചില നിലപാടുകളെ കുറച്ചുകാണുകയോ ചില പ്രശ്‌നങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കാതിരിക്കുന്നതോ ശരിയല്ല; പ്ലീനറി സമ്മേളനത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ശശി തരൂര്‍
national news
ചില നിലപാടുകളെ കുറച്ചുകാണുകയോ ചില പ്രശ്‌നങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കാതിരിക്കുന്നതോ ശരിയല്ല; പ്ലീനറി സമ്മേളനത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th February 2023, 1:46 pm

ന്യൂദല്‍ഹി: റായ്പൂരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ഹിന്ദുത്വ, ബുള്‍ഡോസര്‍ ആക്രമണങ്ങള്‍ക്കെതിരെ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എല്ലാവരേയും ഉള്‍ക്കൊള്ളണമെന്ന രാജ്യത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ നേതാക്കള്‍ ഉറച്ചുനില്‍ക്കണമെന്നും ചില വിഷയങ്ങളില്‍ നിലപാടെടുക്കാതിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ എല്ലാവരേയും ഉള്‍ക്കൊള്ളുക എന്ന രാജ്യത്തിന്റെ പ്രത്യയശാസ്ത്രത്തെ കൃത്യമായി മനസിലാക്കുന്നവരായിരിക്കണം കോണ്‍ഗ്രസ്. ചില നിലപാടുകളെ കുറച്ചുകാണുകയോ ചില പ്രശ്‌നങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കാതിരിക്കുന്നതോ പാര്‍ട്ടിയുടെ രീതിയല്ല.

ഇത്തരം പ്രവര്‍ത്തികള്‍ ബി.ജെ.പിക്ക് അനുകൂലമാകുകയേ ഉള്ളൂ,’ ശശി തരൂര്‍ പറഞ്ഞു.

നമ്മുടെ ബോധ്യങ്ങളെ കുറിച്ച് നമുക്ക് ധൈര്യമുണ്ടാകണം. ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരായ ആക്രമണം, ഗോസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകം, ബുള്‍ഡോസര്‍ ആക്രമണം, ബില്‍ക്കിസ് ബാനു വിഷയം തുടങ്ങിയവയില്‍ പ്ലീനറിയില്‍ കൂടുതല്‍ ചര്‍ച്ച നടത്താമായിരുന്നുവെന്നും തരൂര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ മതേതര അടിത്തറ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ വിമര്‍ശനങ്ങളുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പല തീരുമാനങ്ങളും കൂടിയാലോചിക്കാതെ എടുക്കുന്നുവെന്നും കെ.പി.സി.സി അംഗങ്ങളെ തെരഞ്ഞെടുത്തത് ആരും അറിഞ്ഞില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പ്ലീനറിക്ക് ശേഷം കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കെ.പി.സി.സിയിലെ വര്‍ക്കിങ് പ്രസിഡന്റായ താന്‍ പോലും തെരഞ്ഞടുക്കപ്പെട്ട അംഗങ്ങളുടെ പേരുകള്‍ സമൂഹമാധ്യമം വഴിയാണ് അറിഞ്ഞതെന്നും എക്കാലവും കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നത് കൂടിയാലോചിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പരിഹരിക്കേണ്ട വിഷയങ്ങളുണ്ടെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്. കൃത്യമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു.

 

Content Highlight: It is not okay to belittle certain positions or not take a definite stand on certain issues; Shashi Tharoor on plenary session