നെയ്മർ, മെസി, എംബാപ്പെ, റാമോസ് എന്നിവരടങ്ങിയ പി.എസ്.ജി തന്നെയാണ് ഫ്രഞ്ച് ലീഗിലെ കിരീടം വെക്കാത്ത രാജാക്കൻമാർ.
മെസി, നെയ്മർ, എംബാപ്പെ എന്നിവരടങ്ങിയ സൂപ്പർ താരങ്ങൾ ഉണ്ടെങ്കിലും പി.എസ്.ജി സ്ഥിരതയില്ലാത്ത ടീമാണെന്നും ഈ സൂപ്പർ താരങ്ങളുടെ പ്രതിരോധിച്ച് കളിക്കാനുള്ള ശേഷി വളരെ കുറവാണെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ പി.എസ്.ജി മിഡ്‌ഫീൽഡറായ ജീൻ-മിച്ചൽ-ലാർക്കെ.
നിലവിൽ സ്പോർട്സ് ജേർണലിസ്റ്റുകൂടിയായ ലാർക്കെ ഇത്തവണയും ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് ലഭിക്കാൻ സാധ്യതയില്ലെന്ന് അഭിപ്രായപ്പെട്ടു.
“റാമോസിന്റെ പ്രകടനം വിമർശനത്തിന് വിധേയമാക്കേണ്ടതാണ്. ഒരു പ്ലെയർ പോലും ടീമിൽ സ്ഥിരതയോടെ കളിക്കുന്നില്ല. ഒരു ബാലൻസ്ഡായ ടീമിനെയാണ് ടൈറ്റിലുകൾ വിജയിക്കാനായി ആവശ്യമുള്ളത്. പി.എസ്. ജി അത്തരമൊരു ടീമല്ല. ടീമിന്റെ പ്രതിരോധ സംവിധാനം ആകെ താറുമാറായി കിടക്കുകയാണ്. മെസി, നെയ്മർ, എംബാപ്പെയടക്കം ഒരു താരവും സംതൃപ്തിയുള്ള ഒരു മത്സരം പി.എസ്.ജിക്കായി കാഴ്ച വെക്കുന്നില്ല,’ ലാർക്കെ പറഞ്ഞു.
“മാർക്കീന്യോസ് കഴിഞ്ഞ മൂന്ന്-നാല് വർഷമായി കളിക്കുന്നത് പോലെയല്ല ഇപ്പോൾ കളിക്കുന്നത്. ഈ ടീമിന് ചാമ്പ്യൻസ് ലീഗ് ജയിക്കാൻ സാധിക്കുമെന്ന് എനിക്ക് വിശ്വാസമില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മെസിയും, നെയ്മറും, എംബാപ്പെയും അടങ്ങുന്ന മുന്നേറ്റ നിര ലോക ഫുട്ബോളിലെ തന്നെ ഏറ്റവും അപകടകരമായ അറ്റാക്കിങ് നിരയാണ്.