World News
കടുത്ത പട്ടിണിക്കിടയിലും കൊടുംക്രൂരത; ഗസയിലേക്കുള്ള സഹായ ട്രക്കുകള്‍ ആക്രമിച്ച് ഇസ്രഈലി കുടിയേറ്റക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 14, 01:02 pm
Tuesday, 14th May 2024, 6:32 pm

ജെറുസലേം: ഗസയിലെ പട്ടിണി പ്രദേശങ്ങളിലേക്ക് സഹായവുമായി എത്തിയ ട്രക്കുകള്‍ക്ക് നേരെ ഫലസ്തീനിലെ ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണം. ജോര്‍ദാന്‍ സഹായ സംഘത്തിന് നേരെ തിങ്കളാഴ്ചയാണ് ഇസ്രഈലി കുടിയേറ്റക്കാര്‍ ആക്രമണം അഴിച്ചുവിട്ടത്.

ഗസയിലേക്ക് സഹായവുമായി എത്തിയ ട്രക്കുകളെ ഇസ്രഈലി കുടിയേറ്റക്കാര്‍ തടഞ്ഞുവെച്ച് പരിശോധിച്ചന്നൊണ് റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അധിനിവേശ വെസ്റ്റ്ബാങ്കിലെ ഹെബ്രോണിന് സമീപമുള്ള തുകുമിയ, കിര്യത്, അര്‍ബ മേഖലകളിലെ ചെക്ക്‌പോസ്റ്റുകളില്‍ സഹായവുമായി എത്തിയ ട്രക്കുകള്‍ ഇവര്‍ തടഞ്ഞുവെക്കുകയും വാഹനത്തിലുണ്ടായിരുന്നവരെ ക്രൂരമായി ആക്രമിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈല്‍ പതാകയുമായി എത്തിയ സംഘം ട്രക്കുകളില്‍ കയറി അതിലെ സാധനങ്ങള്‍ വലിച്ച് പുറത്തേക്കിടുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ പിന്നീട് ട്രക്കുകള്‍ക്ക് തീയിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന്റെ ദൃശ്യങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗസയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ യുദ്ധത്തിനിടയില്‍ കടുത്ത പട്ടിണിയാണ് അഭിമുഖീകരിക്കുന്നതിനിടയിലാണ് ഇസ്രഈലി കുടിയേറ്റക്കാരുടെ ഈ കൊടും ക്രൂരത.

ഇതാദ്യമായല്ല ഗസയിലേക്ക് എത്തിയ സഹായ ട്രക്കുകളെ കുടിയേറ്റക്കാര്‍ ആക്രമിക്കുന്നത്. ഗസയിലേക്ക് സഹായമെത്തുന്നത് തടയാന്‍ കഴിഞ്ഞ മാസവും ഇവര്‍ സമാനമായ ആക്രമണം നടത്തിയിരുന്നു.

വടക്കന്‍ ഗസ കടുത്ത ഭക്ഷ്യ ക്ഷാമമാണ് നേരിടുന്നതെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗസയില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടാകുന്നത് തടയാൻ സഹായ വിതരണം വര്‍ധിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ഉള്‍പ്പടെ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്.

Content Highlight: Israeli settler mobs attack Gaza aid trucks as millions face famine