ആക്രമണം പ്രതിരോധിക്കാൻ ഇസ്രഈലിന് ചെലവായത് 11,000 കോടി, ആക്രമണത്തിന് ഇറാന് ചെലവായത് പത്ത് ശതമാനം മാത്രം: ഇസ്രഈൽ മുൻ സൈനിക ഉപദേഷ്ടാവ്
World News
ആക്രമണം പ്രതിരോധിക്കാൻ ഇസ്രഈലിന് ചെലവായത് 11,000 കോടി, ആക്രമണത്തിന് ഇറാന് ചെലവായത് പത്ത് ശതമാനം മാത്രം: ഇസ്രഈൽ മുൻ സൈനിക ഉപദേഷ്ടാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th April 2024, 8:26 am

ടെല്‍അവീവ്: ശനിയാഴ്ച ഇറാന്‍ നടത്തിയ ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചു എന്നാണ് ഇസ്രഈല്‍ അവകാശപ്പെടുന്നത്. ഇറാന്റെ വ്യോമാക്രമണം പ്രതിരോധിക്കാന്‍ രാജ്യം ചെലവാക്കിയ തുക വെളിപ്പെടുത്തിയിരിക്കുകയാണ് ഇസ്രഈല്‍.

ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ രാജ്യത്തിന് വലിയ വില നല്‍കേണ്ടി വന്നെന്നാണ് ഇസ്രഈല്‍ ബ്രിഗേഡിയര്‍ ജനറല്‍ റീം അമിനോച്ച് പറഞ്ഞത്. ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രഈലിന് ചെലവായതിന്റെ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് ഇറാന് ചെലവായിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ആളില്ലാ വിമാനങ്ങളും മിസൈലുകളും വെടിവെച്ചിടാന്‍ ഉപയോഗിച്ച ഇന്റര്‍സെപ്റ്ററുകള്‍, ജെറ്റ് ഇന്ധനം എന്നിവക്ക് ഏകദേശം നാല് ബില്യണ്‍ മുതല്‍ അഞ്ച് ബില്യണ്‍ ഷെക്കല്‍ വരെ ചെലവായെന്നാണ് ഇസ്രഈല്‍ ബ്രിഗേഡിയര്‍ പറഞ്ഞത്.

ഇസ്രഈലിലെ പ്രാദേശിക മാധ്യമമായ യെനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണം ചെറുക്കുന്നതിന് വേണ്ടി ഇസ്രഈല്‍ നേരിട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുടെ കണക്കുകള്‍ മാത്രമാണിത്. എന്നാല്‍ യു.എസും മറ്റ് സഖ്യകക്ഷികളും ചെലവാക്കിയതിന്റെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നും ഇസ്രഈല്‍ അധികൃതര്‍ പറഞ്ഞു.

ഇറാനെ ചെറുക്കാന്‍ ഉപയോഗിച്ച ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ക്ക് 3.5 മില്യണ്‍ ഡോളര്‍ വരെ വില വരുമെന്നാണ് ഐ.ഡി.എഫിന്റെ മുഖ്യ ഉപദേഷ്ടാവ് കൂടിയായ അമിനോച്ച് പറഞ്ഞത്. അതേസമയം, ഇറാന്‍ തൊടുത്തുവിട്ട 300ലധികം ഡ്രോണുകളിലും മിസൈലുകളിലും 99 ശതമാനവും തകര്‍ക്കാന്‍ സാധിച്ചെന്നാണ് ഐ.ഡി.എഫ് അവകാശപ്പെടുന്നത്.

എല്ലാ യു.എ.വികളും ക്രൂയിസ് മിസൈലുകളും വെടിവച്ചിട്ടതായി ഇസ്രഈല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. അതേസമയം കുറച്ച് ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രഈലില്‍ പതിച്ചതായും അവര്‍ സമ്മതിച്ചു.

മിസൈലുകളില്‍ ചിലത് ഇസ്രഈലിന്റെ ചില സൈനിക കേന്ദ്രങ്ങളില്‍ പതിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും ആളപായം ഉണ്ടായിട്ടില്ല.

അതിനിടെ, ഇറാനെ ഇപ്പോള്‍ തിരിച്ചടിക്കേണ്ടില്ലെന്നാണ് ഇസ്രഈല്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സമയമാകുമ്പോള്‍ മറുപടി നല്‍കുമെന്നാണ് ഇസ്രഈല്‍ അറിയിച്ചത്.

Content Highlight: Israeli general reveals cost of defending against attack