തെക്കൻ ഗസയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ഇസ്രഈൽ; കെയ്റോയിൽ ഇന്ന് വെടിനിർത്തൽ ചർച്ചകൾ തുടങ്ങും
World News
തെക്കൻ ഗസയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ഇസ്രഈൽ; കെയ്റോയിൽ ഇന്ന് വെടിനിർത്തൽ ചർച്ചകൾ തുടങ്ങും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th April 2024, 9:43 am

ഗസ: തെക്കൻ ഗസയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ഇസ്രഈൽ. നാലുമാസത്തിന് ശേഷമാണ് 98ാം ഡിവിഷന്റെ നാലു ബ്രിഗേഡുകളെ പിൻവലിച്ചത്. ഈ പിന്മാറ്റത്തിന് പിന്നിൽ അടുത്തഘട്ട സൈനിക നീക്കത്തിന്റെ മുന്നൊരുക്കമാണെന്നാണ് ഐ. ഡി. എഫിന്റെ വിശദീകരണം. ഒരു ഡിവിഷൻ തെക്കൻ ഗസയിൽ തുടരും.

അതേസമയം, സി. ഐ.എ ഡയറക്ടർ ബിൽ ബേൺസും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനിയും വെടിനിർത്തൽ ചർച്ചകൾക്കായി ഈജിപ്തിലെ കെയ്റോയിലെത്തി. ചർച്ചയിൽ പങ്കുടുക്കുമെന്നും ഇസ്രഈലും അറിയിച്ചു. പ്രതിനിധി സംഘം ഇതിനായി കെയ്റോയിലേക്ക് പോകുമെന്നാണ് കാബിനറ്റ് യോഗത്തിന് ശേഷം സർക്കാർ ഉദ്യോഗസ്ഥൻ ഇസ്രാഈലി ബ്രോഡ്കാസ്റ്റിങ്‌ അതോറിറ്റിയോട് പറഞ്ഞത്.

സൈന്യം പൂർണമായി പിന്മാറണമെന്നും സമ്പൂർണ്ണ വെടി നിർത്തൽ വേണമെന്നും ഹമാസ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഷിൻ ബെത്തി തലവനും മൊസാദ് തലവൻ ഡേവിഡ് ബാർണിയയും ചർച്ചയിൽ ഭാഗമാവുമെന്നാണ് സൂചന. അതേസമയം പതിനായിരകണക്കിനാളുകളുടെ നേതൃത്വത്തിൽ ബന്ദികളെ തിരിച്ചെത്തിക്കാൻ ഹമാസുമായി കരാറുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് തെൽ അവിവിലും ഇസ്രഈലിന്റെ വിവിധ ഭാഗങ്ങളിലും വലിയ റാലികൾ നടന്നു.

ദേശ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ബെൻ ഗവിർ തീവ്രവാദിയാണെന്ന് വിളിച്ചു പറഞ്ഞ അവർ യുദ്ധം ആരംഭിച്ച് ആറുമാസം കഴിഞ്ഞിട്ടും ബന്ദികളെ മോചിപ്പിക്കാൻ കഴിയാത്ത ബെഞ്ചബിൻ നെതന്യാഹു രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധക്കാരും സുരക്ഷ സേനയും തെൽ അവീവിൽ ഏറ്റുമുട്ടി.

ഖാൻ യുനിസിന് സമീപം നടന്ന ഏറ്റുമുട്ടലിൽ പതിനാല് ഇസ്രഈൽ സൈനികരെ വധിച്ചതായും 3 ടാങ്കുകൾ തകർത്തതായും ഹമാസ് പറഞ്ഞു. നാലു സൈനികർ കൊല്ലപ്പെട്ടതായും ഇസ്രാഈൽ സൈന്യം അറിയിച്ചു.

അതേസമയം ഒരു ഇസ്രഈലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്നാണ് ഇറാന്റെ പരമോന്നത നേതാവിന്റെ മുതിർന്ന ഉപദേഷ്ടാവ് യഹ്യ റഹീം സഫാവി മുന്നറിയിപ്പ് നൽകിയത്. ഇസ്രഈലുമായുള്ള ഏറ്റുമുട്ടൽ നിയമപരമായ അവകാശമായാണ് തെഹ്‌റാൻ വീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ സമാന പ്രസ്താവനയുമായി ഇറാൻ രംഗത്തെത്തിയിരുന്നു.

Content Highlight: Israel withdraws troops from southern Gaza