World News
'ഇസ്രഈലിന്റെ പ്രതിച്ഛായ വികൃതമാക്കി'; നോ അദര്‍ ലാന്‍ഡിനെതിരെ വംശീയവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 04, 11:53 am
Tuesday, 4th March 2025, 5:23 pm

ടെല്‍ അവീവ്: ഇസ്രഈല്‍ അധിനിവേശത്തിന്റെ കഥ പറഞ്ഞ ഫലസ്തീനി-ഇസ്രഈലി ഡോക്യുമെന്ററി നോ അദര്‍ ലാന്‍ഡിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധവുമായി ഇസ്രഈലിലെ വംശീയവാദികള്‍. കഴിഞ്ഞ ദിവസം ലോസ് ആഞ്ചലസില്‍വെച്ച് നടന്ന 97ാമത് ഓസ്‌കര്‍ അവാര്‍ഡില്‍ നോ അദര്‍ ലാന്‍ഡിന് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിലുള്ള പുരസകാരം ലഭിച്ചിരുന്നു.

പുരസ്‌കാരം ഏറ്റുവാങ്ങിയ ഇസ്രഈലി, ഫലസ്തീനി സംവിധായകര്‍ ഫലസ്തീനിലെ വംശഹത്യയില്‍ പങ്കാളികളായ ഇസ്രഈലിനേയും അമേരിക്കയേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഇസ്രഈലിലെ രാഷട്രീയക്കാരും സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുന്നത്.

സിനിമയും അതിന്റെ അണിയറപ്രവര്‍ത്തകരും ഇസ്രഈലിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും, ജൂതവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നുമാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.

‘ആവിഷ്‌കാര സ്വാതന്ത്ര്യം ഒരു പ്രധാന മൂല്യമാണ്, പക്ഷേ ഇസ്രഈലിനെ അപകീര്‍ത്തിപ്പെടുത്തി അന്താരാഷ്ട്ര നേട്ടങ്ങള്‍ക്കുള്ള ഒരു ഉപകരണമാക്കി മാറ്റുന്നത് കലയല്ല. അത് ഇസ്രഈല്‍ രാഷ്ട്രത്തിനെതിരായ അട്ടിമറിയാണ്,’ ഇസ്രഈല്‍ സാംസ്‌കാരിക-കായിക മന്ത്രിയായ മിക്കി സോഹര്‍ പറഞ്ഞു. ചിത്രത്തിന്റെ വിജയം സിനിമാ ലോകത്തിന് ഒരു ദുഃഖകരമായ നിമിഷമായിരുന്നെന്നും അന്താരാഷ്ട്ര വേദിയില്‍ ഇസ്രഈലിന്റെ പ്രതിച്ഛായയെ ചിത്രം വികൃതമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോസ് ആഞ്ചലസിലെ ഇസ്രഈല്‍ കോണ്‍സുലറ്റ് ജനറലായ ഇസ്രഈല്‍ ബച്ചാര്‍, 2023 ഒക്ടോബര്‍ ഏഴിന് ഇസ്രഈലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാണണമെന്നും അതാണ് യഥാര്‍ത്ഥ ഡോക്യുമെന്ററിയെന്നും പറയുകയുണ്ടായി.

പത്രപ്രവര്‍ത്തകനായ യുവാല്‍ കര്‍ണി ഡോക്യുമെന്ററി കാണില്ലെന്നും ഇസ്രഈലിനോടുള്ള വിദ്വേഷത്തില്‍ നിന്നാണ് ഈ ഓസ്‌കാര്‍ നേട്ടമെന്നും അഭിപ്രായപ്പെട്ടു.

അക്കാദമി അവാര്‍ഡുകളുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഇസ്രഈലി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് ലഭിക്കുന്നത് എന്നാല്‍ ഈ ചിത്രം ഇസ്രഈലില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് നരീക്ഷകരുടെ വിലയിരുത്തല്‍. നിലവില്‍, ഇടതുപക്ഷ വാര്‍ത്താ വെബ്സൈറ്റായ ലോക്കല്‍ കോള്‍ വഴി മാത്രമേ ഇസ്രഈലിലെ ജനങ്ങള്‍ക്ക് ഇത് കാണാന്‍ കഴിയൂ.

ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണില്‍ നിന്ന് സ്വന്തം വീടുകള്‍ സംരക്ഷിക്കാന്‍ പോരാടുന്ന ഫലസ്തീനികളുടെ കഥ പറയുന്ന ചിത്രമാണ് ‘നോ അദര്‍ ലാന്‍ഡ്.

2019 നും 2023 നും ഇടയില്‍ നിര്‍മിച്ച ഈ ചിത്രം, വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്തുള്ള പ്രദേശമായ മസാഫര്‍ യാട്ടയെ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാന്‍ ഇസ്രഈല്‍ സൈന്യം കൈയേറുന്നതിന്റെ കഥയാണ് പറയുന്നത്. സിനിമയുടെ സംവിധായകനായ ബേസല്‍ അദ്ര തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അദ്ദേഹത്തിന്റെ ജന്മനാടാണ് മസാഫര്‍ യാട്ട.
ഇസ്രഈലിയായ യുവാല്‍ എബ്രഹാമുമായുള്ള ബാസല്‍ അദ്രയുടെ സൗഹൃദവും ചിത്രത്തിന്റെ ഇതിവൃത്തമാണ്.

Content Highlight: ‘Israel’s image is damaged’; Israeli racists against No Other Land