ദേശസ്‌നേഹത്തിനിടക്ക് കുറച്ച് മുസ്‌ലിം വിരുദ്ധതയും റേപ് ജോക്കും | DMovies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപി നായകനായ മേ ഹൂം മൂസ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ജിബു ജോക്കബാണ് മേ ഹൂം മൂസ സംവിധാനം ചെയ്തിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരുന്നു. സ്വന്തം നാട്ടിലേക്ക് വന്നപ്പോള്‍ അയാള്‍ക്ക് മനസിലാകാത്തതും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുമായ നിരവധി കാര്യങ്ങളാണ് സംഭവിച്ചത്.

വളരെ കൗതുകമുണര്‍ത്തുന്ന സബ്‌ജെക്റ്റാണ് സംവിധായകന്റെ കയ്യില്‍ കിട്ടിയത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെയും അതിനോട് ബന്ധപ്പെട്ടുള്ള പ്രസ്താവനകളുടെയും പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട സുരേഷ് ഗോപി മലപ്പുറത്തെ മുസ്‌ലിമായി എത്തുന്നു എന്ന വാര്‍ത്ത വലിയ ശ്രദ്ധ നേടിയിരുന്നു. ദേശസ്‌നേഹിയായ, ഇന്ത്യയ്ക്കായി ജീവന്‍ വരെ കൊടുക്കാന്‍ തയാറാവുന്ന പട്ടാളക്കാരനാണ് മൂസ.

എന്നാല്‍ മൂസയില്‍ ചില മുസ്‌ലിം വിരുദ്ധതയും കടന്നുകൂടിയിരിക്കുന്നത് പ്രേക്ഷകനെ നിരാശപ്പെടുത്തും. റിലീസിന് തൊട്ടുമുമ്പേ പുറത്ത് വന്ന പോസ്റ്റര്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നു. ‘കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്‌ളയല്ല മൂസ, ഇന്ത്യക്ക് വേണ്ടി ചാകാനിറങ്ങിയ ഇസ്‌ലാമാണ് മൂസ,’ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്ററാണ് പുറത്ത് വന്നത്. ചിത്രത്തിലും ഈ ഡയലോഗ് മൂസ ആവര്‍ത്തിക്കുന്നുണ്ട്. സാഹചര്യത്തിന് ഒട്ടും ചേരാത്ത ഒരു രാജ്യസ്‌നേഹ പ്രസംഗം കൂടി മൂസ കാച്ചുന്നുണ്ട്. ഇവിടെ ഈ ഡയലോഗ് എന്തിനാണ് കുത്തിക്കയറ്റിയതെന്ന് മനസിലാവുന്നില്ല. സാഹചര്യത്തോട് ഒട്ടും ചേരാത്ത ഒന്നായി ഇത്.

സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ഇസ്‌ലാമോഫോബിയയുടെ സ്വരം തന്നെയാണ് ഇവിടെ ചിത്രത്തിനും കൈ വരുന്നത്. കണ്ടോനെ കൊന്നാല്‍ സ്വര്‍ഗം ലഭിക്കുമെന്ന് ഏത് ഇസ്‌ലാമാണ് വിചാരിക്കുന്നത് എന്നുകൂടി ചിത്രത്തിന്റെ അണിയറക്കാര്‍ പറയണം.

മൂസ പള്ളിയില്‍ കയറി നിസ്‌കരിക്കരിച്ചതിന് ശേഷം അവിടുത്തെ ജീവനക്കാരനോട് സംസാരിക്കുന്ന രംഗമുണ്ട്. പാകിസ്ഥാനിലെ ജയിലില്‍ കിടന്നിട്ടാണ് മൂസയുടെ വരവ്. പള്ളിയിലെ ജീവനക്കാരന്‍ മൂസയോട് ഉത്സാഹത്തോടെ ചോദിക്കുന്നത് പാകിസ്ഥാന്‍ ഐ.എസ്. സ്‌ട്രോങ് അല്ലേയെന്നും അവിടുത്തെ ജയിലില്‍ ബിരിയാണി അല്ലേയെന്നുമൊക്കെയാണ്. ഇവിടെ ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത്? മലപ്പുറത്തെ മുസ്‌ലിങ്ങള്‍ ഐ.എസിനേയും പാകിസ്ഥാനിലെ ജയിലുകളെ വരെയും ആരാധനയോടെയാണ് നോക്കുന്നത് എന്നാണോ?

മലപ്പുറത്തെ മുസ്‌ലിം പശ്ചാത്താലത്തില്‍ മുസ്‌ലിം നായകനെ കൊണ്ടുവന്ന് സംഘപരിവാര്‍ വാദങ്ങളാണ് ഇവിടെയൊക്കെ തിരുകി കയറ്റിയിരിക്കുന്നത്.

മാറിയ കാലഘട്ടത്തില്‍ പറയാന്‍ പാടില്ലാത്ത തമാശ മേ ഹൂം മൂസയില്‍ വന്നിട്ടുണ്ട്. സീരിയസായ വിഷയമാണ് കാണിക്കുന്നതെങ്കിലും ഡാര്‍ക്ക് കോമഡി മോഡിലാണ് കഥ മുമ്പോട്ട് പോകുന്നത്. വെള്ളിമൂങ്ങയിലൂടെ കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്‌നര്‍ ഒരിക്കിയ ജിബു ജേക്കബ് കോമഡി ട്രാക്ക് തന്നെയാണ് ഇവിടെയും ഉദ്ദേശിച്ചത്. നന്നായി ചിരിപ്പിക്കുന്ന നിരവധി കോമഡികള്‍ ചിത്രത്തിലുണ്ട്. പ്രത്യേകിച്ചും ഹരീഷ് കണാരന്റെയും ശ്രിന്ദയുടെയുമടക്കം പ്രകടനങ്ങള്‍ ഇക്കാര്യത്തില്‍ മുന്നിട്ട് നിന്നിരുന്നു.

ഒരു ഘട്ടത്തില്‍ മൂസയോട് ഏതെങ്കിലും കേസ് ഒപ്പിക്കാന്‍ അയാളുടെ വക്കീല്‍ ആവശ്യപ്പെടുന്നുണ്ട്. ഉദാഹരണമായി അദ്ദേഹം പറയുന്നത് കൊലപാതകവും പിടിച്ചുപറിയും ബലാല്‍സംഗവുമാണ്. അപ്പോള്‍ കൂട്ടുകാരനായ താമി മൂസയോട് പറയുന്നത് ബലാല്‍സംഗമായാലോ എന്നാണ്.

2000ള്‍ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ബലാല്‍സംഗ തമാശകള്‍ ഒരു പുത്തരിയല്ലായിരുന്നു. പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്ന സമയത്ത് ഇതെല്ലാം നിശിതമായി വിമര്‍ശിക്കപ്പെട്ടതാണ്. സംവിധായകനും തിരക്കഥാകൃത്തും ഈ രംഗത്തില്‍ അഭിനയിച്ചവരുമൊന്നും ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്.

ഇനി പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിനെ പറ്റി വിചാരിച്ചില്ലെങ്കിലും മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ബലാല്‍സംഗത്തെ എങ്ങനെയാണ് ഇപ്പോഴും ഇവര്‍ക്ക് കോമഡിയായി കാണാന്‍ തോന്നുന്നത്.
ഒരു കാലഘട്ടത്തിലും അംഗീകരിക്കാനോ ആസ്വദിക്കാനോ പറ്റാത്ത തമാശയാണിത്. ഇത് കേട്ട് ആളുകള്‍ ഇപ്പോഴും ചിരിക്കുമെന്നാണോ തിരക്കഥാകൃത്ത് കരുതിയിരിക്കുന്നത്?

ദേശീയതയും രാജ്യസ്‌നേഹവുമെല്ലാ ഉയര്‍ത്തി പിടിക്കുന്നു എന്ന് നായകനടന്‍ തന്നെ അവകാശപ്പെടുന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയും മനുഷ്യത്വവിരുദ്ധതയും ഈ നടന്‍ കണ്ടില്ലേ?

Content Highlight: islamophobia in mei hoom moosa video story