ശ്രീലങ്കയിലെ സ്‌ഫോടനങ്ങള്‍ സിറിയയിലെ നഷ്ടത്തിനുളള പ്രതികാരം; ഐ.എസ് തലവന്റെ വീഡിയോ പുറത്ത്
World
ശ്രീലങ്കയിലെ സ്‌ഫോടനങ്ങള്‍ സിറിയയിലെ നഷ്ടത്തിനുളള പ്രതികാരം; ഐ.എസ് തലവന്റെ വീഡിയോ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2019, 7:54 am

മൊസൂള്‍: ശ്രീലങ്കയിലെ ഭീകരാക്രമണത്തെ കുറിച്ചുള്‍പ്പടെ പരാമര്‍ശിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ പുറത്ത്. ഐ.എസ് ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന ബാഗൂസിലുണ്ടായ തിരിച്ചടിയ്ക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ.

ബാഗ്ദാദിയുടെ അനുയായികളെന്ന് തോന്നിയ്ക്കുന്ന മൂന്ന് പേരെ അഭിസംബോധന ചെയ്യുന്നതാണ് വീഡിയോ. ബാഗൂസ് യുദ്ധം കഴിഞ്ഞെന്നും അനുയായികളെ കൊന്നവരോടും ജയിലിലടച്ചവരോടും പകരം ചോദിക്കണമെന്നും ശ്രീലങ്കയിലെ സ്‌ഫോടനങ്ങള്‍ സിറയയിലെ നഷ്ടത്തിനളള പ്രതികാരമെന്നും വീഡിയോയില്‍ പറയുന്നു. കിഴക്കന്‍ സിറിയയിലെ ബാഗൂസ് പോരാട്ടം അവസാനിച്ചതായി ഇദ്ദേഹം പറയുന്നു.

18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അല്‍ ഫുര്‍ഖാന്‍ മീഡിയയാണ് പുറത്തുവിട്ടത്. അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ബാഗ്ദാദി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ബഗ്ദാദി നിലത്തിരിക്കുന്ന നിലയിലാണ് വിഡിയോയില്‍ ഉള്ളത്. ഒപ്പമുള്ള മൂന്നുപേരുടെ മുഖം അവ്യക്തമാക്കിയ നിലയിലാണ്.

വീഡിയോയില്‍ ഉള്ളത് ബാഗ്ദാദിയാണോ എന്നതിലും എന്നാണ് റെക്കോര്‍ഡ് ചെയ്തത് എന്നതിലും വ്യക്തതയില്ല. 2014ലാണ് അവസാനമായി ബാഗ്ദാദി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ബാഗ്ദാദിയുടേത് എന്ന് അവകാശപ്പെടുന്ന ഒരു ശബ്ദ സന്ദേശവും ഐഎസ് പുറത്ത് വിട്ടിരുന്നു.

ശ്രീലങ്കയില്‍ ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് വിവിധ ആരാധനാലയങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 359 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഭീകരാക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലിനിടെയും ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന 140 പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നിലവില്‍ തുടര്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാനും ആരാധനാലയങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും പതിനായിരത്തോളം സൈനികരെയാണ് വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. നിലവില്‍ 76 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ സിറിയ ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും.

സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ പള്ളികളില്‍ പോകാതെ വീടുകളില്‍ നിന്ന് പ്രാര്‍ത്ഥന നടത്തണമെന്ന് രാജ്യത്തെ മുസ്ലിംങ്ങള്‍ക്കും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.