2011ല്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടി പന്ത്രണ്ട് വര്‍ഷത്തിനിപ്പുറം നാട്ടില്‍ മറ്റൊരു കിരീടം സ്വപ്‌നം കാണുകയാണ് ടീം ഇന്ത്യ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ കിരീടം ഉയര്‍ത്തിയ ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ 23 വയസായിരുന്നു വിരാട് കോഹ്ലിക്ക് പ്രായം.
ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ടീമില്‍ നിന്നുള്ള ഏക സജീവ അംഗമാണ് 34കാരനായ വിരാട് കോഹ്ലി. താരത്തിന്റെ ഫോമിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന ലോകകപ്പ് കോഹ്ലിയുടെ അവസാന ലോകകപ്പ് ആകില്ലെന്നാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ കരുതുന്നത്.
വിരാട് കോഹ്‌ലി നാല് ലോകകപ്പുകള്‍ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്ന് ഗെയ്‌ലിനെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ‘ഇനിയൊരു ലോകകപ്പ് കൂടി അദ്ദേഹം കളിക്കും.
ഇന്ത്യയിലേത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്ത്യ എപ്പോഴും വിജയ സാധ്യതയുള്ള ടീമാണ്. പ്രത്യേകിച്ച് അവര്‍ സ്വന്തം തട്ടകത്തില്‍ കളിക്കുമ്പോള്‍ അത് കൂടും.
ഇന്ത്യന്‍ ടീം എപ്പോഴും പ്രിയപ്പെട്ടവരാണ്. അവര്‍ നാട്ടിലും കളിക്കുന്നു. അതിനാല്‍, ഈ ലോകകപ്പ് വളരെ രസകരമായിരിക്കും. അവര്‍ യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുക്കാന്‍ പോകുന്ന ടീമിനെ കാണാന്‍ അതിയായ ആഗ്രഹമുണ്ട്.
ഒന്നാമതായി ഒരുപാട് കളിക്കാര്‍ അവസരത്തിനായി വാതിലില്‍ മുട്ടുന്നുമുണ്ട്. ഇന്ത്യയ്ക്ക് എല്ലായ്‌പ്പോഴും നാട്ടിലും വലിയ ആരാധകരുണ്ട്. അതിനാല്‍ അത് ഇന്ത്യന്‍ ടീമിനും സമ്മര്‍ദ്ദം കൂട്ടുന്ന കാര്യമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
ഐ.പി.എല്ലില്‍ ഉള്‍പ്പെടെ മിന്നുന്ന ഫോമില്‍ കളിച്ച വിരാട് കോഹ്‌ലിക്ക് ഏകദിന ലോകകപ്പിലും തിളങ്ങാനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.