കോണ്‍ഗ്രസിന് വേണ്ടാതായോ രാഹുല്‍ ഗാന്ധിയെ?; രാജ്യ തലസ്ഥാനത്തുനിന്നുള്ള ആലോചനകള്‍ ഇങ്ങനെ
national news
കോണ്‍ഗ്രസിന് വേണ്ടാതായോ രാഹുല്‍ ഗാന്ധിയെ?; രാജ്യ തലസ്ഥാനത്തുനിന്നുള്ള ആലോചനകള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th February 2020, 10:11 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ രാഷ്ട്രീയമായിത്തന്നെ ഏറെ വ്യത്യാസങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും പ്രതിപക്ഷത്തെ മിക്കവരും തന്നെ ഈ വസ്തുത അംഗീകരിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങളില്‍ അത് പ്രകടവുമായിരുന്നു. ഒരുസമയത്ത് രാഹുല്‍ നേതൃ സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ശക്തമായി ആഗ്രഹിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളില്‍ത്തന്നെ മറിച്ചൊരു ആലോചനയുണ്ടായോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം.

ദല്‍ഹി കലാപത്തിന് പിന്നാലെ രാജ്യതലസ്ഥാനത്ത് സമാധാനം പുലര്‍ത്തണമെന്ന് അവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിനെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്ത് സോണിയ രംഗത്തെത്തിയിരുന്നു. മോദിയുടെ മൗനത്തെ സോണിയ കടന്നാക്രമിച്ചു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പാലിച്ച നിശബ്ദതയെയും സോണിയ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാള്‍ കലാപ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത് പോലും.

സോണിയയുടെ ആരോപണങ്ങളെ തള്ളിക്കളയാനോ പ്രത്യാക്രമണം നടത്താനോ ബി.ജെ.പിക്കോ ആംആദ്മിക്കോ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാലാകട്ടെ, രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങളോട് ഇങ്ങനെയല്ല ഇരുപാര്‍ട്ടികളും പ്രതികരിച്ചത്.

ദല്‍ഹി പൊലീസിനെ വിമര്‍ശിച്ച് സംസാരിച്ച ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ സ്ഥലം മാറ്റിയതിന് പിന്നാലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. സോഹ്‌റാബുദ്ദീന്‍ കേസ് പരിഗണിച്ചിരുന്ന സി.ബി.ഐ ജഡ്ജിയായിരുന്ന ബി.എച്ച് ലോയയുടെ അനുഭവം പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

രാഹുലിന്റെ ട്വീറ്റിന് നേരെ കടുത്ത ആരോപണങ്ങളാണ് ബി.ജെ.പി നേതാക്കള്‍ തൊടുത്തുവിട്ടത്. രാഹുല്‍ ജുഡീഷ്യറിയോട് അനാദരവ് കാണിക്കുകയാണെന്നും സുപ്രീംകോടതിക്കും മുകളിലായാണോ രാഹുല്‍ സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നതെന്നുമായിരുന്നു കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദിന്റെ ചോദ്യം.

രാഹുലിന്റെ അഭിപ്രായത്തെ ഏറെക്കുറെ അപ്രസക്തമാക്കുന്ന തരത്തിലായിരുന്നു ഈ പ്രതികരണങ്ങളെല്ലാം. സോണിയാ ഗാന്ധിയാവട്ടെ, പ്രതിപക്ഷത്തിന് തള്ളിക്കളയാനാവാത്ത ആഴത്തില്‍ ഇടപെടല്‍ നടത്തുമ്പോഴാണിത്.

ബി.ജെ.പിയിലോ മറ്റ് എതിരാളികളിലോ പ്രഹരമേല്‍പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നില്ല എന്ന തിരിച്ചറിവ് കോണ്‍ഗ്രസ് നേതാക്കളില്‍തന്നെ ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ ശശി തരൂര്‍ ഇത് കഴിഞ്ഞ ദിവസം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ന്യൂസ് ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുലിന്റെ മനസുറപ്പില്ലായ്മയെ കുറ്റപ്പെടുത്തിയ തരൂര്‍, രാഹുല്‍ തയ്യാറല്ലെങ്കില്‍ പാര്‍ട്ടിക്ക് മറ്റൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കേണ്ടതുണ്ട് എന്നും വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയും ശശി തരൂരും

ഊര്‍ജസ്വലനായ മുഴുവന്‍ സമയ നേതൃത്വത്തെയാണ് പാര്‍ട്ടിക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃസ്ഥാനത്തിരുന്നപ്പോള്‍ അത്ര സജീവമല്ലാത്ത പ്രകടനമായിരുന്നു രാഹുലിന്റേത്. രാഹുലിന്റെ രാജിയെതുടര്‍ന്ന് ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും കടന്നുവന്ന സോണിയാ ഗാന്ധിയാവട്ടെ, പ്രായത്തെ പോലും വകവെക്കാതെ ഇടതടവില്ലാത്ത പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്.

വ്യത്യസ്ത സമയങ്ങളിലായി കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിംഗ്‌വിയും സന്ദീപ് ദീക്ഷിതും തരൂരിന്റെ അഭിപ്രായത്തോട് സമാനമായ പരമര്‍ശങ്ങള്‍ നടത്തിയിരുന്നു.

ഏറ്റവുമൊടുവില്‍ മനിഷ് തിവാരിയും ഇതിനെ ശരിവക്കുന്ന രീതിയില്‍ സംസാരിച്ചു. ഈ കാലത്ത് കോണ്‍ഗ്രസിനെ നയിക്കാന്‍ എന്തുകൊണ്ടും മികച്ച വ്യക്തിയാണ് സോണിയയെന്ന് മനിഷ് തിവാരി മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ധാപ്പറുമായുള്ള അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തിന് സോണിയ പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വെളിപ്പെടുത്തി. രാഹുല്‍ തിരിച്ചുവരണമെന്ന് ഒരുവിഭാഗം വാദിക്കുമ്പോഴാണ് ഇത്.

മനിഷ് തിവാരി

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തരൂരും സിംഗ്‌വിയുമെല്ലാം ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍, പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

അത് പ്രിയങ്കാ ഗാന്ധിയാവണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. എന്നാലത് പാര്‍ട്ടിക്കുള്ളില്‍ നിലവിലുള്ള ചില ഭിന്നതയെ വളര്‍ത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കൂടാതെ, പ്രിയങ്കയുടെ അധ്യക്ഷ പദവി ബി.ജെ.പിക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള പാത്രമായി മാറുകയും ചെയ്യും.

ഇവയെ എല്ലാം തള്ളി സല്‍മാന്‍ ഖുര്‍ഷിദിനെപ്പോലെയുള്ള ഒരു ചെറിയ വിഭാഗം നേതാക്കള്‍ രാഹുല്‍ തിരിച്ചുവരണമെന്ന ആവശ്യത്തില്‍നിന്നും പിന്മാറിയിട്ടുമില്ല. അതേസമയം അധ്യക്ഷ സ്ഥാനത്ത് സോണിയ തുടരട്ടെ എന്ന് പറയുന്നവരുടെ എണ്ണം കൂടിവരികയുമാണ്.

കോണ്‍ഗ്രസിന്റെ നിലനില്‍പും നിലവിലെ ആശങ്കയും രണ്ടും രണ്ടാണെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്കുള്ളത്. രാഹുല്‍ ഇല്ലെങ്കില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. രാഹുലില്ലെങ്കില്‍ പാര്‍ട്ടി എവിടേക്ക് പോകുമെന്നാണ് നിങ്ങള്‍ ഭയക്കുന്നത്? കോണ്‍ഗ്രസ് ഒരുകാലത്തും മാഞ്ഞ് ഇല്ലാതാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അധിര്‍ രഞ്ജന്‍ ചൗധരി

ഇത് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് തിരസ്‌കരിക്കുന്നതിന് തുല്യമല്ലേ? ഈ ചോദ്യമാണ് പലരുടെയും മനസില്‍ ഉദിക്കുന്നത്. നിഷ്‌ക്രിയമായിരിക്കുന്ന രാഹുലിന്റെ രീതികളോട് കോണ്‍ഗ്രസ് നേതാക്കള്‍ വൈമുഖ്യം കാണിച്ചുതുടങ്ങിയിരിക്കുന്നു. ബി.ജെ.പിയും മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ പോലും തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ട് ദിനംപ്രതി പ്രവര്‍ത്തനങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട നേതാവ് കൂറുകാണിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇച്ഛാഭംഗമുണ്ടാക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ഒന്നുകില്‍ അധ്യക്ഷ സ്ഥാനത്ത് സോണിയാഗാന്ധി തുടരുകയോ അല്ലെങ്കില്‍, പുതിയ മുഖം ഉണ്ടാവുകയോ വേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതി പ്രധാനമായിത്തീര്‍ന്നിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ