തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുദ്ധത്തിനില്ലെന്നും ഇത് തന്റെ കൂടെ സര്‍ക്കാരാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയന് ഏത് സമയത്തും രാജ്ഭവനിലേക്ക് വരാമെന്നും ആശയ വിനിമയത്തിന് തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
ആര്‍.എസ്.എസ് ഏജന്റാണെന്നുള്ള ആരോപണത്തില്‍, ആര്‍.എസ്.എസ് നിരോധിത തീവ്രവാദ സംഘടനയല്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. കണ്ണൂര്‍ വി.സി. ഗോപിനാഥ് രവീന്ദ്രനെതിരെ ഗവര്‍ണര്‍ വിമര്‍ശനം ആവര്‍ത്തിച്ചു.
‘കണ്ണൂര്‍ വി.സി രാഷ്ട്രീയ മേലാളന്മാരെ സേവിക്കുന്നു, അതാണ് തന്റെ ചുമതലയെന്നാണ് അദ്ദേഹം കരുതുന്നത്. രാഷ്ട്രീയക്കാരനെ പോലെ കേന്ദ്രത്തെ വിമര്‍ശിക്കുന്നു.
സര്‍വകലാശാലകളുടെ സ്വയം ഭരണം ചാന്‍സലറുടെ ചുമതലയാണ്. നിലവാരം തകര്‍ക്കാന്‍ അനുവദിക്കില്ല. കണ്ണൂര്‍ വി.സി പുനര്‍നിയമനം മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിരുന്നു. സ്വന്തം ജില്ലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനത്തിന് പിന്നാലെയാണ് പദവി വേണ്ടെന്ന് തീരുമാനിച്ചത്,’ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
പ്രിയ വര്‍ഗീസിന് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത പോലും ഇല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ‘പ്രഥമ ദൃഷ്ടിയാല്‍ പരാതി നില നില്‍ക്കുന്നത് കൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്തത്. എല്ലാവരെയും നേരിട്ട് വിളിപ്പിക്കും. അതിന് ശേഷം നടപടി ഉണ്ടാകും. പ്രിയ വര്‍ഗീസിന് അഭിമുഖത്തിന് വിളിക്കാന്‍ പോലും യോഗ്യത ഇല്ല. റെഗുലേഷന്‍ അനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ല,’ ഗവര്‍ണര്‍ പറഞ്ഞു.