കാര്‍ഷിക നിയമങ്ങള്‍ പാസാക്കി പഞ്ചാബ്?; ഉത്തരവാദിത്തമില്ലാത്ത മാധ്യമങ്ങളാണ് വാര്‍ത്തയ്ക്ക് പിന്നിലെന്ന് അമരീന്ദര്‍സിംഗ്
farmers protest
കാര്‍ഷിക നിയമങ്ങള്‍ പാസാക്കി പഞ്ചാബ്?; ഉത്തരവാദിത്തമില്ലാത്ത മാധ്യമങ്ങളാണ് വാര്‍ത്തയ്ക്ക് പിന്നിലെന്ന് അമരീന്ദര്‍സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th January 2021, 6:54 pm

അമൃത്സര്‍: കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പഞ്ചാബ് സര്‍ക്കാര്‍ പാസാക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ഉത്തരവാദിത്തമില്ലാത്ത ചില മാധ്യമങ്ങളാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ഭരത് ഭൂഷണ്‍ ആഷൂവിന്റെ പ്രസ്താവന ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. മറ്റ് മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തു, അമരീന്ദര്‍ സിംഗ് പറഞ്ഞു.

കേന്ദ്രം പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയോടാവശ്യപ്പെട്ട സിംഗ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആദ്യം മുന്നോട്ട് വന്ന സംസ്ഥാനമാണ് പഞ്ചാബ് എന്ന് പറഞ്ഞു.

ഈ നിയമങ്ങള്‍ കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന അപകടം മുന്‍കൂട്ടിക്കണ്ട് അതിന്‍മേല്‍ ഭേദഗതി വേണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായി സിംഗ് പറഞ്ഞു.

കര്‍ഷകസമരം സംബന്ധിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ ആം ആദ്മി പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നുവെന്നും സിംഗ് ചൂണ്ടിക്കാട്ടി.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിര കര്‍ഷകര്‍ നടത്തുന്ന സമരം ഒരുമാസം പിന്നിടുകയാണ്. ജനുവരി നാലിന് കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഏഴാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷകരുമായി ഏഴാംഘട്ട ചര്‍ച്ച നടന്നത്. കേന്ദ്രവും കര്‍ഷക സംഘടനകളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടത്. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും.

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നത് പ്രായോഗികമല്ലെന്ന് തോമറാണ് ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്. തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയിക്കഴിഞ്ഞു. കാര്‍ഷിക മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ നിയമങ്ങള്‍ എന്നും കേന്ദ്ര കൃഷിമന്ത്രി അവകാശപ്പെട്ടു.

നാലിന അജണ്ട മുന്‍നിര്‍ത്തിയാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞ തവണ തയ്യാറായത്. ഇതില്‍ രണ്ട് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തിരുന്നു. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്, വൈദ്യുതി ചാര്‍ജുമായി ബന്ധപ്പെട്ട നിയമം എന്നിവയില്‍ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയ്യാറായിരുന്നു.

എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാട് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. ഇതോടെയാണ് കേന്ദ്ര സര്‍ക്കാരും നിലപാട് വ്യക്തമാക്കിയത്.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയെന്നത് ആത്മഹത്യാപരമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.

പ്രതികൂല കാലാവസ്ഥയും മഴയും കൊടും തണുപ്പും അവഗണിച്ചാണ് കര്‍ഷക സംഘടനകള്‍ നാല്‍പ്പതാം ദിവസവും സമരം തുടരുന്നത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ജനുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അടുത്ത ചര്‍ച്ച.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Punjab Cm Amarinder Singh On Farm Laws