ഇന്ത്യയിലെ എറ്റവും പഴയ പള്ളി; കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദിലെ തന്റെ ചിത്രം പങ്കുവെച്ച് ഇര്‍ഫാന്‍ പത്താന്‍
Social Media
ഇന്ത്യയിലെ എറ്റവും പഴയ പള്ളി; കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദിലെ തന്റെ ചിത്രം പങ്കുവെച്ച് ഇര്‍ഫാന്‍ പത്താന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th June 2021, 9:52 pm

കൊടുങ്ങല്ലൂര്‍: ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദിലെ തന്റെ ചിത്രം പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. ഇത് ഇന്ത്യയിലെ ഏറ്റവും പഴയ പള്ളി. ഞാന്‍ എവിടെയാണെന്ന് പറയാമോ? എല്ലാവര്‍ക്കും വെള്ളിയാഴ്ച ആശംസകള്‍ നേരുന്നു എന്നാണ് പത്താന്‍ പള്ളിയുടെ അകത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് എഴുതിയത്.

ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു. നിരവധി പേരാണ് ഇര്‍ഫാന്റെ ചോദ്യത്തിന് മറുപടിയായി എത്തിയത്. ചിലര്‍ കാസര്‍ഗോഡുള്ള മാലിക്ക് ദീനാര്‍ പള്ളിയിലാണെന്ന് കമന്റ് ചെയ്തപ്പോള്‍ ചിലര്‍ ഇത് കൊച്ചിയിലെ പള്ളിയാണെന്നും പറയുന്നുണ്ട്.

2018ല്‍ കേരളത്തിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഇര്‍ഫാന്‍ വെള്ളിയാഴ്ച ആശംസനേര്‍ന്ന് പങ്കുവെച്ചത്. മസ്ജിദിനെ കുറിച്ച് നേരത്തെ കേട്ടിട്ടുണ്ടെന്നും രാജ്യത്തെ ആദ്യത്തെ മസ്ജിദായ ചേരമാന്‍ മസ്ജിദിനെ കുറിച്ച് തന്റെ പിതാവ് പഠിപ്പിച്ചിരുന്നുവെന്നും ഇര്‍ഫാന്‍ അന്ന് പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായ ചേരമാന്‍ മസ്ജിദ് എ.ഡി. 629ലാണ് പണികഴിപ്പിച്ചതെന്നാണ് ചരിത്രം.

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാര്‍ക്കിടയിലാണ് ഇര്‍ഫാന്‍ പത്താന്റെ സ്ഥാനം. 2003-04 സീസണില്‍ ബൗളറായി ടീമിലെത്തിയ ഇര്‍ഫാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മികച്ച ഓള്‍റൗണ്ടര്‍ എന്ന നിലയിലേക്ക് മാറുകയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം ഈയിടെ നടന്ന റോഡ് സേഫ്റ്റി സീരിസില്‍ സച്ചിന്‍ നയിച്ച ഇന്ത്യ ലെജന്‍ഡ്‌സ് ടീമിലും അംഗമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Irfan Pathan shares his picture at Cheraman Masjid in Kodungallur