ഫ്രാന്‍സ് - അയര്‍ലന്‍ഡ് മത്സരത്തിലും താരമായി മെസി; തോല്‍വിയിലും ചിരിച്ച് ഐറിഷ് ആരാധകര്‍
Sports News
ഫ്രാന്‍സ് - അയര്‍ലന്‍ഡ് മത്സരത്തിലും താരമായി മെസി; തോല്‍വിയിലും ചിരിച്ച് ഐറിഷ് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th September 2023, 4:25 pm

യുവേഫ യൂറോ ക്വാളിഫയേഴ്‌സില്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ച് ഫ്രാന്‍സ്. പാര്‍ക് ഡെസ് പ്രിന്‍സെസില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാന്‍സ് ഐറിഷ് ആര്‍മിയെ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ സിംഹഭാഗവും കയ്യടക്കിവെച്ചുകൊണ്ടാണ് ഫ്രാന്‍സ് അയര്‍ലന്‍ഡിനെ നിലംപരിശാക്കിയത്. പാസുകളിലും ബോള്‍ പൊസെഷനിലുമെല്ലാം മുന്‍ ചാമ്പ്യന്‍മാര്‍ മുന്നിട്ട് നിന്നു.

മത്സരത്തിന്റെ 19ാം മിനിട്ടില്‍ ഔറാലിയന്‍ ചൗമെനിയിലൂടെയാണ് ഫ്രാന്‍സ് മുമ്പിലെത്തിയത്. കിലിയന്‍ എംബാപ്പെയുടെ അസിസ്റ്റിലൂടെയാണ് ചൗമെനി ഗോള്‍ നേടിയത്.

മത്സരത്തിന്റെ 26ാം മിനിട്ടില് ഫ്രഞ്ച് കോച്ച് ദിദയര്‍ ദെഷാംപ്‌സ് ഒലിവര്‍ ജിറൂദിനെ പിന്‍വലിക്കുകയും മാര്‍കസ് ടുറാമിനെ കളത്തിലിറക്കുകയും ചെയ്തിരുന്നു. ആദ്യ പകുതിയില്‍ പിന്നെയും അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ മാത്രം ഫ്രാന്‍സിന് സാധിച്ചില്ല.

ഒറ്റ ഗോളിന്റെ ലീഡില്‍ രണ്ടാം പകുതി ആരംഭിച്ച ഫ്രാന്‍സ് എതിരാളികളെ ഞെട്ടിച്ചു. ഇത്തവണ ടുറാമായിരുന്നു ഗോള്‍ നേടിയത്. മത്സരത്തിന്റെ 48ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. തുടര്‍ന്ന് ഇരുടീമിനും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ മത്സരത്തില്‍ രണ്ട് ഗോളിന് ഫ്രാന്‍സ് വിജയിച്ചിരുന്നു.

അതേസമയം, മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും എംബാപ്പെയെ കളിയാക്കാനുള്ള അവസരവും ഐറിഷ് ആരാധകര്‍ പാഴാക്കിയില്ല. മെസിയുടെ പത്താം നമ്പര്‍ ജേഴ്‌സി ഉയര്‍ത്തിയായിരുന്നു ആരാധകര്‍ ഗ്യാലറിയില്‍ നിറഞ്ഞത്.

പി.എസ്.ജിയില്‍ മെസി കളിച്ചിരുന്നതും 2022 ലോകകപ്പില്‍ അര്‍ജന്റീന ഫ്രാന്‍സിനെ തോല്‍പിച്ചതുമെല്ലാം ആരാധകര്‍ എംബാപ്പെയെ ഓര്‍മപ്പെടുത്തുകയായിരുന്നു. മെസിയുടെ അര്‍ജന്റൈന്‍ ജേഴ്‌സി ഉയര്‍ത്തി നില്‍ക്കുന്ന ഐറിഷ് ആരാധകരുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

 ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ കളിച്ച അഞ്ച് മത്സരത്തിലും വിജയിച്ച ഫ്രാന്‍സ് ഒന്നാമതായി തുടരുകയാണ്. ഒറ്റ ഗോള്‍ പോലും വഴങ്ങാതിരിക്കുകയും 11 ഗോള്‍ തിരിച്ചടിച്ചുമാണ് ഫ്രാന്‍സ് അപരാജിത കുതിപ്പ് തുടരുന്നത്.

അതേസമയം, നാല് മത്സരത്തില്‍ ഒരു വിജയവുമായി നാലാം സ്ഥാനത്താണ് അയര്‍ലന്‍ഡ്. ഇതോടെ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അയര്‍ലന്‍ഡിന് ജയം അനിവാര്യമായി വന്നിരിക്കുകയാണ്.

 

Content highlight: Ireland fans mock kylian Mbappe