ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നതിനിടെ കോളേജുകളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിക്കുന്ന ക്ലാസ് റൂമിലെ മറ പൊളിച്ചുനീക്കി വിദ്യാര്‍ത്ഥികള്‍.
ബന്ദര്‍ അബ്ബാസിലെ ഹോര്‍മോസ്ഗാന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ക്ലാസ് മുറിയിലെ ലിംഗ വിഭജന മറപൊളിച്ചു നീക്കിയത്.
സംഭവത്തിന്റെ വീഡിയോ മിഡില്‍ ഈസ്റ്റ് ഐ പുറത്തുവിട്ടിട്ടുണ്ട്. ‘സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം’എന്ന് മുദ്രാവാക്യം വിളിച്ചാണ് വിദ്യാര്‍ത്ഥികള്‍ മറ പൊളിച്ചുനീക്കുന്നത്.
ഇറാനിലെ സാക്വസ് സ്വദേശിയായ മഹ്‌സ അമിനി സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയായിരുന്നു കൊല്ലപ്പെട്ടത്. പിന്നാലെ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു. ഈ പ്രതിഷേധമാണ് രാജ്യത്തെ ക്യാമ്പസുകളിലേക്കും വ്യാപിച്ചിരിക്കുന്നത്.