രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ അഡ്മിനിന് പ്രത്യേക ഫാന്‍ബേസ് തന്നെയാണ് ഹല്ലാ ബോല്‍ ആരാധകര്‍ക്കിടയിലുള്ളത്. എക്‌സിലും (ട്വിറ്ററിലും) ഇന്‍സ്റ്റഗ്രാമിലും പങ്കുവെക്കുന്ന പോസ്റ്റുകളും ആരാധകരുമായുള്ള ഇന്ററാക്ഷനുകളുമെല്ലാം തന്നെയാണ് ഇതിന് കാരണവും.
ഐ.പി.എല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ടീം ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തിയെന്ന് അറിയാനുള്ള ആരാധകരുടെ ആകാംക്ഷക്കിടെ രാജസ്ഥാന്‍ റോയല്‍സിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ‘പ്രസ് റിലീസാണ്’ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
റിറ്റെന്‍ഷനെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഓരോ വരി വായിക്കുമ്പോഴും ടീം ആരെ നിലനിര്‍ത്തി എന്നതിനെ സംബന്ധിച്ച് എന്തെങ്കിലും സൂചനകള്‍ ലഭിക്കുമോ എന്നാണ് ആരാധകര്‍ നോക്കിയത്.
PRESS RELEASE FROM RAJASTHAN ROYALS ON IPL RETENTIONS 👊 pic.twitter.com/jgUNORAUAd
— Johns. (@CricCrazyJohns) October 31, 2024
എന്നാല്‍ റിറ്റെന്‍ഷനെ സംബന്ധിച്ച് ഒന്നും തന്നെ ആ കുറിപ്പില്‍ നിന്നും ലഭിച്ചിരുന്നില്ല.
ഒടുവില്‍ കുറിപ്പിന്റെ അവസാനം കൂടുതല്‍ വിവരങ്ങള്‍ക്കായി സ്‌ക്രീനിന്റെ ബോട്ടം ലെഫ്റ്റിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നു. അവിടെ നിന്നും ടോപ് റൈറ്റിലേക്കും, ശേഷം ടോപ് ലെഫ്റ്റിലേക്കും പോകാനാണ് അഡ്മിന്‍ ആവശ്യപ്പെട്ടത്.
ടോപ് ലെഫ്റ്റില്‍ ഇന്‍സ്റ്റഗ്രാമിലെ നാലാം സ്റ്റോറി നോക്കാനാണ് അഡ്മിന്റെ നിര്‍ദേശം. ആദ്യ മൂന്ന് സ്റ്റോറികളിലും റിറ്റെന്‍ഷനെ സംബന്ധിച്ച് സപ്‌സെന്‍സ് ഒളിപ്പിച്ച് നാലാം സ്റ്റോറിയിലെത്തുമ്പോള്‍, വെബ്‌സൈറ്റിലേക്ക് മടങ്ങിപ്പോയി കുറിപ്പിലെ ഓരോ വരിയുടെയും ആദ്യ അക്ഷരങ്ങള്‍ കൂട്ടി വായിക്കാനാണ് ആവശ്യപ്പെട്ടത്.
ഇത്തരത്തില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ ‘RR ADMIN RETAINED‘ എന്ന മെസേജാണ് ആരാധകര്‍ക്ക് ലഭിക്കുന്നത്. ഫാന്‍ ഫേവറിറ്റായ രാജസ്ഥാന്‍ റോയല്‍സിന്റെ അഡ്മിന്‍ ഇത്തവണയും ടീമിനൊപ്പമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
അതേസമയം, നാല് താരങ്ങളെ നിലനിര്‍ത്താനാണ് രാജസ്ഥാന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, സ്റ്റാര്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍, യുവതാരം റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ എന്നിവരാണ് രാജസ്ഥാന്റെ റിട്ടെന്‍ഷന്‍ ലിസ്റ്റിലുള്ളതെന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജെയ്സ്വാളിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ ജോസ് ബട്‌ലറിനെയും സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിനെയും ടീം നിലനിര്‍ത്തിയേക്കില്ലെന്നും ആര്‍.ടി.എമ്മിലൂടെ തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതേസമയം, യുവതാരം ധ്രുവ് ജുറെലിന്റെ കാര്യത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് കണ്‍ഫ്യൂഷനിലായിരിക്കുന്നത്. 2022 താരലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററെ രാജസ്ഥാന്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെത്തിച്ചത്. ലഭിച്ച അവസരങ്ങള്‍ കൃത്യമായി വിനിയോഗിച്ച താരം തുടര്‍ന്ന് പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു.
പിന്നാലെ ഇന്ത്യക്കായും ജുറെല്‍ അരങ്ങേറ്റം കുറിച്ചു.
ജുറെലിനെ ലേലത്തിന്റെ ഭാഗമാക്കിയാല്‍ ഈ യുവപ്രതിഭയെ തങ്ങള്‍ക്ക് നഷ്ടമാകുമോ എന്ന പേടിയും ടീമിനുണ്ട്. ഇക്കാരണത്താല്‍ താരത്തെ അവസാന നിമിഷം നിലനിര്‍ത്താനും സാധ്യതകളേറെയാണ്.
Content Highlight: IPL 2025: Rajasthan Royals retained their social media admin