പൂജ്യത്തിന് തീരേണ്ടവന്‍ 195.74ല്‍ 92 റണ്‍സ് 🐐 🔥 ഐതിഹാസിക നേട്ടത്തില്‍ കിങ് കോഹ്‌ലി
IPL
പൂജ്യത്തിന് തീരേണ്ടവന്‍ 195.74ല്‍ 92 റണ്‍സ് 🐐 🔥 ഐതിഹാസിക നേട്ടത്തില്‍ കിങ് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th May 2024, 10:08 pm

ഐ.പി.എല്‍ 2024ലെ 58ാം മത്സരം ധര്‍മശാലയില്‍ തുടരുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഹോം ടീമായ പഞ്ചാബ് കിങ്‌സിന്റെ എതിരാളികള്‍. പരാജയപ്പെട്ടാല്‍ പുറത്താകുമെന്നതിനാല്‍ രണ്ട് ടീമിനും ഈ മത്സരം നിര്‍ണായകമാണ്.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ സാം കറന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് അടിച്ചെടുത്തത്. വിരാട് കോഹ്‌ലി, രജത് പാടിദാര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളും കാമറൂണ്‍ ഗ്രീനിന്റെ വെടിക്കെട്ടുമാണ് ആര്‍.സി.ബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

വിരാട് 47 പന്തില്‍ 92 റണ്‍സ് നേടി. പാടിദാര്‍ 23 പന്തില്‍ 55 റണ്‍സടിച്ചപ്പോള്‍ 27 പന്തില്‍ 46 റണ്‍സാണ് ഗ്രീന്‍ സ്വന്തമാക്കിയത്. ഏഴ് പന്തില്‍ 18 റണ്‍സടിച്ച ദിനേഷ് കാര്‍ത്തിന്റെ കാമിയോയും റോയല്‍ ചലഞ്ചേഴ്‌സിന് കരുത്തായി.

ആറ് സിക്‌സറും ഏഴ് ഫോറും അടക്കം 195.74 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിരാട് വെടിക്കെട്ട് പുറത്തെടുത്തത്. ഐ.പി.എല്ലില്‍ ഇത് ഏഴാം തവണയാണ് വിരാട് നെര്‍വസ് നയന്റീസില്‍ പുറത്താകുന്നത്.

മത്സരത്തില്‍ രണ്ട് തവണ വിരാടിന് ജീവന്‍ നല്‍കിയ പഞ്ചാബിന് നല്‍കേണ്ടി വന്നത് വളരെ വലിയ വിലയായിരുന്നു. വിദ്വത് കവേരപ്പെയെറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ അശുതോഷ് ശര്‍മ വിരാടിനെ താഴെയിട്ടു. പൂജ്യത്തില്‍ നില്‍ക്കുമ്പോഴാണ് വിരാടിന് ആദ്യ ലൈഫ് ലഭിച്ചത്.

വ്യക്തിഗത സ്‌കോര്‍ പത്തില്‍ നില്‍ക്കവെ വീണ്ടും പഞ്ചാബ് വിരാടിന്റെ ക്യാച്ച് കൈവിട്ടുകളഞ്ഞു. കവേരപ്പയെറിഞ്ഞ മൂന്നാം ഓവറിലെ അവസാന പന്തില്‍ റിലി റൂസോയാണ് വിരാടിന് രണ്ടാം തവണ ജീവന്‍ നല്‍കിയത്.

ഈ മികച്ച ഇന്നിങ്‌സിന് പിന്നാലെ ടൂര്‍ണമെന്റില്‍ 600 റണ്‍സ് പിന്നിടാനും വിരാടിനായി. ഐ.പി.എല്‍ കരിയറില്‍ ഇത് നാലാം തവണയാണ് വിരാട് ഒരു സീസണില്‍ 600 റണ്‍സ് മാര്‍ക് മറികടക്കുന്നത്.

പഞ്ചാബ് കിങ്‌സിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി. ദിനേഷ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരായിരുന്നു പട്ടേലിന്റെ ഇരകള്‍. അവസാന ഓവറിലാണ് താരം മൂന്ന് വിക്കറ്റും സ്വന്തമാക്കിയത്. ഇതോടെ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കാനും പട്ടേലിനായി.

അരങ്ങേറ്റക്കാരന്‍ വിദ്വത് കവേരപ്പ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്ങും സാം കറനും ഓരോ വിക്കറ്റും നേടി.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, രജത് പാടിദാര്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സ്വപ്‌നില്‍ സിങ്, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ്, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), റിലി റൂസോ, ശശാങ്ക് സിങ്, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറന്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, രാഹുല്‍ ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വിദ്വത് കവേരപ്പ.

 

 

Content highlight: IPL 2024: RCB vs PBKS: Virat Kohli’s brilliant batting performance