കണക്കുകളും ചരിത്രവും പറയുന്നു ദല്‍ഹി തോല്‍ക്കില്ല; കോളടിക്കുക രാജസ്ഥാന്
IPL
കണക്കുകളും ചരിത്രവും പറയുന്നു ദല്‍ഹി തോല്‍ക്കില്ല; കോളടിക്കുക രാജസ്ഥാന്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th May 2024, 10:24 pm

ഐ.പി.എല്‍ 2024ലെ 64ാം മത്സരത്തിനാണ് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍. സീസണില്‍ ക്യാപ്പിറ്റല്‍സിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരമാണിത്.

മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ നായകന്‍ കെ.എല്‍. രാഹുല്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെയും അഭിഷേക് പോരലിന്റെയും കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.

സ്റ്റബ്‌സ് 25 പന്തില്‍ പുറത്താകാതെ 57 റണ്‍സാണ് നേടിയത്. നാല് സിക്‌സറും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അതേസമയം, 33 പന്തില്‍ 58 റണ്‍സാണ് അഭിഷേക് പോരല്‍ സ്വന്തമാക്കിയത്.

ലഖ്‌നൗവിനായി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രവി ബിഷ്‌ണോയിയും അര്‍ഷദ് ഖാനും ഓരോ വിക്കറ്റും നേടി.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇതിന് മുമ്പ് 12 തവണയാണ് ക്യാപ്പിറ്റല്‍സ് 200+ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്തത്. ഈ 12 തവണയും ടീമിന് പരാജയമറിയേണ്ടി വന്നിട്ടില്ല.

ടീമിന്റെ ചരിത്രം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചാല്‍ ക്യാപ്പിറ്റല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ കൂടിയാണ് കെടാതെ തുടരുക.

ഈ മത്സരത്തില്‍ ദല്‍ഹിക്ക് വിജയം അനിവാര്യമാണ്. ലഖ്‌നൗവിനെതിരെ പരാജയപ്പെട്ടാല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യാത്ര ഇതോടെ അവസാനിക്കും. മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്ക് ശേഷം പുറത്താകുന്ന നാലാമത് ടീമായാണ് ക്യാപ്പിറ്റല്‍സ് മാറുക.

ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിജയത്തിനായാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ആരാധകരും ആഗ്രഹിക്കുന്നത്. മത്സരത്തില്‍ ദല്‍ഹി ലഖ്നൗവിനെ പരാജയപ്പെടുത്തുകയാണെങ്കില്‍ രാജസ്ഥാന് നേരിട്ട് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കും. അങ്ങനെ സംഭവിച്ചാല്‍ പ്ലേ ഓഫിന് യോഗ്യത നേടുന്ന രണ്ടാമത് ടീമായി റോയല്‍സ് മാറും.

നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മാത്രമാണ് പ്ലേ ഓഫില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം ബാക്കിയുണ്ടെന്നിരിക്കെ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിക്കാനും ക്വാളിഫയര്‍ ഒന്നിന് യോഗ്യത നേടാനും കൊല്‍ക്കത്തക്ക് സാധിച്ചു.

അതേസമയം, പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 59ന് നാല് എന്ന നിലയിലാണ് ലഖ്‌നൗ. 11 പന്തില്‍ 32 റണ്‍സുമായി നിക്കോളാസ് പൂരനും അഞ്ച് പന്തില്‍ മൂന്ന് റണ്‍സുമായി അയുഷ് ബദോണിയുമാണ് ക്രീസില്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

അഭിഷേക് പോരല്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ഗുലാബ്ദീന്‍ നയീബ്, റാസിഖ് സലാം, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍) ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്‌റ്റോയ്‌നിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ക്രുണാല്‍ പാണ്ഡ്യ, അര്‍ഷദ് ഖാന്‍, യുദ്ധ്‌വീര്‍ സിങ്, രവി ബിഷ്‌ണോയ്, നവീന്‍ ഉള്‍ ഹഖ്, മൊഹ്‌സിന്‍ ഖാന്‍.

 

 

Content Highlight: IPL 2024: DC vs LSG: Delhi never lost a game while defending 200+