പഞ്ചാബ് കലമുടച്ചു; ഡല്‍ഹി ചിരിച്ചു
Ipl 2020
പഞ്ചാബ് കലമുടച്ചു; ഡല്‍ഹി ചിരിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th September 2020, 11:43 pm

ദുബായ്: ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റലിന് മിന്നും ജയം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ മൂന്ന് റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി നിഷ്പ്രയാസം മറികടന്നു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വിജയത്തിലേക്ക് കുതിക്കെവെ അവസാന നിമിഷം അവിശ്വസനീയമാം വിധം തകര്‍ന്നടിയുകയായിരുന്നു.

60 പന്തില്‍ 89 റണ്‍സെടുത്ത മയാങ്ക് അഗര്‍വാളിന്റെ പ്രകടനമാണ് കൈവിട്ട് പോയ മത്സരത്തില്‍ പഞ്ചാബിനെ സഹായിച്ചത്. എന്നാല്‍ വിജയത്തിലേക്ക് കുതിക്കവെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ മയാങ്ക് പുറത്താകുകയായിരുന്നു.

ഒരു പന്തില്‍ ഒരു റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ ജോര്‍ദാനും പുറത്തായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.

ആദ്യ പന്തില്‍ രാഹുല്‍ രണ്ട് റണ്‍സെടുത്തു. രണ്ടാം പന്തില്‍ ഔട്ട്. അടുത്ത പന്ത് നേരിട്ട പൂരനും ഡക്കായതോടെ പഞ്ചാബിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.

 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. ആറാം സ്ഥാനത്തിറങ്ങി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച മാര്‍ക്കസ് സ്റ്റോയ്നിസാണ് ഡല്‍ഹിയെ 157-ല്‍ എത്തിച്ചത്.

21 പന്തുകള്‍ നേരിട്ട സ്റ്റോയ്നിസ് മൂന്നു സിക്സും ഏഴു ഫോറുമടക്കം 52 റണ്‍സെടുത്തു. ക്രിസ് ജോര്‍ദന്റെ അവസാന ഓവറില്‍ തകര്‍ത്തടിച്ച സ്റ്റോയ്നിസ് ഡല്‍ഹി സ്‌കോര്‍ 150 കടത്തി. 30 റണ്‍സാണ് ആ ഓവറില്‍ പിറന്നത്.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു പഞ്ചാബ് ബൗളര്‍മാരുടെ പ്രകടനം. നാല് ഓവറിനുള്ളില്‍ മൂന്നു വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (0) റണ്ണൗട്ടായപ്പോള്‍ പൃഥ്വി ഷാ (5), ഷിംറോണ്‍ ഹെറ്റ്മയര്‍ (7) എന്നിവരെ മുഹമ്മദ് ഷമി മടക്കി.

പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ – ഋഷഭ് പന്ത് സഖ്യമാണ് ഡല്‍ഹി ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയത്. ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

29 പന്തില്‍ നിന്ന് നാലു ഫോറുകളോടെ ഋഷഭ് 31 റണ്‍സെടുത്തു. 32 പന്തില്‍ നിന്ന് മൂന്നു സിക്സറുകളടക്കം 39 റണ്‍സെടുത്ത ശ്രേയസ് അയ്യരെ തന്റെ രണ്ടാം സ്പെല്ലില്‍ ഷമി മടക്കി. മുഹമ്മദ് ഷമി നാല് ഓവറില്‍ വെറും 15 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IPL 2020 Delhi Capitals vs Kings XI Punjab