അഭിമുഖം: അമിത് ചക്കാലക്കല്‍/ അശ്വിന്‍ രാജ്; ലാല്‍ ബഹദൂര്‍ ശാസ്ത്രിയിലെ 'സിനിമാ മോഹി' വാരിക്കുഴിയില്‍ നായകനായ കഥ..
അശ്വിന്‍ രാജ്

ഹണിബിയിലെ മാര്‍ട്ടിന്‍, പ്രേതം 2വിലെ തപസ് മേനോന്‍, വാരിക്കുഴിയിലെ വിന്‍സന്റ് കൊമ്പന അച്ചന്‍ എന്നിങ്ങനെ ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം മലയാളികള്‍ ഏറ്റെടുത്ത ഒരു യുവ സിനിമാ താരം. അമിത് ചക്കാലക്കല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാല്‍ ബഹുദൂര്‍ ശാസ്ത്രി എന്ന ചിത്രത്തില്‍ സിനിമാ മോഹിയായ ഒരു യുവാവായി അഭിനയിച്ച അമിത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സംവിധായകന്റെ ചിത്രത്തില്‍ നായകനായി അഭിനയിച്ചു.

മാര്‍ക്കറ്റ് ഇല്ലെന്ന് പറഞ്ഞ് 18 അധികം നിര്‍മ്മാതാക്കള്‍ തള്ളി കളഞ്ഞ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രം. ഇന്ന മൗത്ത് പബ്ലിസിറ്റിയില്‍ തിയേറ്ററുകളില്‍ വിജയകരമായി ഓടികൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. വാരിക്കുഴിയെ കുറിച്ചും തന്റെ സിനിമാ ജീവിതത്തെ കുറിച്ചുമുള്ള വിശേഷങ്ങള്‍ ഡൂള്‍ ന്യൂസുമായി പങ്കുവെയ്ക്കുകയാണ് അമിത്.

വാരിക്കുഴിയിലെ കൊലപാതകത്തിലേക്ക് എത്തുന്നത് എങ്ങിനെയാണ്…?

തുടക്കത്തില്‍ നായക കഥാപാത്രമായിട്ടല്ലായിരുന്നു എന്നെ കാസ്റ്റ് ചെയ്തത്. മുമ്പ് ലാല്‍ ബഹദൂര്‍ ശാസ്ത്രി ചെയ്തത് കൊണ്ട് എനിക്ക് സംവിധായകന്‍ രജിഷ് ഏട്ടനുമായി പരിചയം ഉണ്ടായിരുന്നു. അങ്ങിനെയാണ് ഞാന്‍ ചിത്രത്തിന്റെ കഥ കേള്‍ക്കുന്നത്. അന്ന് കാറിലിരുന്ന് വണ്‍ ലൈന്‍ പറഞ്ഞു. അപ്പോള്‍ തന്നെ കഥ എനിക്ക് വളരെ ഇഷ്ടമായി. ശരിക്കും ഞാന്‍ ചെയ്ത റോള്‍ ചെയ്യേണ്ടിയിരുന്നത് വേറെ ഒരു ലീഡ് ആക്ടര്‍ ആയിരുന്നു. എനിക്ക് വേറെ ഒരു റോള്‍ ആയിരുന്നു പറഞ്ഞിരുന്നത്.

ദിലീഷ് ഏട്ടന്‍ ചെയ്ത റോള്‍ ആയിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മെയിന്‍ ആ്ക്ടറുടെ ഡേറ്റ് നോക്കി പോകുമ്പോള്‍ കുറെ മുന്നോട്ട് പോകേണ്ടി വന്നു. പ്രൊഡ്യൂസര്‍ റെഡിയായിരുന്നു. അതേസമയം തന്നെ ഇതേപോലെ ഒരു പള്ളീലച്ചന്‍ സ്റ്റോറി സിനിമയാകുന്നെന്ന് കേട്ടു. അപ്പോള്‍ പിന്നെ ഈ സിനിമ പെട്ടെന്ന് ചെയ്യണമായിരുന്നു.

അങ്ങിനെ ഇരിക്കുന്ന സമയം സൈറ ബാനു റിലീസ് ചെയ്തതിന്റെ പിറ്റേ ദിവസം രജിഷ് എട്ടന്‍ എന്നോട് പറഞ്ഞു. എടാ നമുക്ക് കാത്ത് നില്‍ക്കേണ്ട. നിന്നെ വെച്ച് സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്ന് പറഞ്ഞു. സംഭവം എനിക്ക് വലിയ സന്തോഷമായി, കാരണം ഈ ഫാദര്‍ വിന്‍സെന്റ് കൊമ്പന എന്ന ഈ ക്യാരക്റ്റര്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. എനിക്ക് കാത്തിരുന്ന് കിട്ടിയ സംഭവമായി.

അപ്പോള്‍ മറ്റൊരു പ്രശ്‌നം ആരംഭിച്ചു. ഉറപ്പു പറഞ്ഞ പ്രൊഡ്യൂസര്‍ എന്നെ വെച്ച് ചെയ്യാന്‍ തയ്യാറല്ലെന്ന് പറഞ്ഞു. കാരണം ഇത്രയും കോടികള്‍ മുടക്കേണ്ട പ്രോജക്ടാണ്. എനിക്ക് മാര്‍ക്കറ്റോ ഫാന്‍ ഫോളോയിംഗോ, എന്നെ ആര്‍ക്കും അറിയുകയോ ഇല്ല.

പിന്നെ ചില പ്രൊഡ്യൂസേഴ്‌സിനോട് കഥ പറയും അവര്‍ക്ക് ഇഷ്ടമാകും. പക്ഷേ എന്നെ വെച്ച് ചെയ്യാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. പതിയെ എന്റെ മനസിലും ടെന്‍ഷന്‍ ആയിരുന്നു. കാരണം കുറെ തവണ നോ എന്ന് കേള്‍ക്കുമ്പോള്‍ മെയിന്‍ ആര്‍ട്ടിസ്റ്റ് ആയി വേറെ ആരെങ്കിലും വെച്ച് ചെയ്യോ എന്നൊക്കെ ഒരു പേടി ഉണ്ടായിരുന്നു. പിന്നെ ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് രജീഷ് ഏട്ടനെ കാണാന്‍ പോകുമ്പോള്‍ ചില കാറുകളൊക്കെ കാണുമ്പോള്‍ പേടിയായിരുന്നു. ദൈവമേ വെറെ ആള് റെഡിയായോ എന്നൊക്കെ….. പക്ഷേ രജീഷ് ഏട്ടന്‍ പറഞ്ഞു ഞാന്‍ തന്നെ മതിയെന്ന്.

ഏകദേശം 18 പ്രൊഡ്യൂസര്‍മാരോട് നമ്മള്‍ കഥ പറഞ്ഞിരുന്നു. പക്ഷേ അവര്‍ക്ക് ഞാന്‍ ഉള്ളത് പ്രശ്‌നം ആയിരുന്നു. അങ്ങിനെയിരിക്കെ ബാഗ്ലൂര്‍ ഒരു പ്രൊഡ്യൂസറെ കണ്ട് തിരിച്ചുവരുന്നതിനിടെയാണ് എന്തോ ദൈവാധീനം പോലെ വയനാട് വഴി കോഴിക്കോടെക്ക് വരാന്‍ തോന്നിയത്.

അവിടെ എനിക്ക് പരിചയമുള്ള രണ്ട് പേരാണ് ഷിബുവേട്ടനും സുജി ഏട്ടനും. ഇവിടെ ചായകുടിക്കാന്‍ നിര്‍ത്തി അവരോട് ഇങ്ങനെ പറയുന്നതിനിടയ്ക്ക് അവര്‍ പറഞ്ഞു. നീ ഞങ്ങളോട് കഥ പറയ് ഇഷ്ടപ്പെടുകയാണേല്‍ നമ്മള്‍ക്ക് ചെയ്യാം എന്ന്.

ഗുണ്ടാ അച്ചന്‍ കഥാപാത്രം……

ആളുകള്‍ ഈ അച്ചന്റെ ഇടി കണ്ടിട്ടാണ് ഗുണ്ടാ അച്ചന്‍ എന്ന് പറയുന്നത്. പക്ഷേ അച്ചന്‍ അങ്ങിനെ ആകുന്നതിന് കാരണമുണ്ട്. ഒരു പൊലീസ് ബാക്ഗൗണ്ട് ഉള്ളയാള്‍ അച്ചന്‍ ആകുമ്പോള്‍ ആ ഒരു തുരുത്തില്‍ ഇങ്ങേര് ഒരു പൊലീസുകാരനാണ്. അവിടെയാരെങ്കിലും മൊട കാണിച്ചാല്‍ അച്ചന്‍ ഇടപെടും. അടിക്ക് അടി തന്നെ വേണം എന്ന ലൈനാണ്. കുറെ ആളുകള്‍ക്ക് ഇതാണ് ഇഷ്ടപെട്ടത്.

സിനിമയിലെ പോലെ ആരെയെങ്കിലും കുമ്പസാരിപ്പിച്ചിട്ടുണ്ടോ ?

റിയല്‍ ലൈഫില്‍ ഞാന്‍ എഞ്ചിനിയറിംഗ് കോളെജില്‍ ആണ് പഠിച്ചത്. അതും ഒരുപാട് കാലമെടുത്താണ് എഞ്ചിനിയറിംഗ് കഴിഞ്ഞത്. കര്‍ണാടകയിലാണ് പഠിച്ചത്. അതും എറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ള റാഗിംഗ് ഏറ്റവും കുടുതല്‍ ഉള്ള കോളെജ് ആയിരുന്നു അത്. അത് കൊണ്ട് തന്നെ നല്ല ഇടി കിട്ടിയിട്ടുണ്ട്. നല്ല ഇടി തിരിച്ച് കൊടുത്തിട്ടുണ്ട്.

സിനിമയിലേക്കുള്ള കടന്നുവരവ് എങ്ങിനെയായിരുന്നു ?

ഞാന്‍ 2010 മുതല്‍ ഓഡീഷന് നിരന്തരം പോകുമായിരുന്നു. പിന്നെ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ എന്ന ഷോയില്‍ പങ്കെടുത്തിരുന്നു. അതിനിടയ്ക്ക് കുറെ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. എ.ബി.സി.ഡി, കാശ് എന്നീ സിനിമയിലൊക്കെ. ഒരു ക്യാരക്ടര്‍ റോള്‍ ചെയ്യുന്നത് ഹണി ബീയിലാണ് അത് ഓഡീഷന്‍ വഴി.

ഒരു നായകനാവണം എന്ന ആഗ്രഹം നടന്നത് വാരിക്കുഴിയിലെ കൊലപാതകം വഴിയാണ്. സിനിമ കണ്ട ആളുകള്‍ ഒരു അഭിപ്രായം വിളിച്ച് പറയുന്നതും റിവ്യൂ ഒക്കെ എഴുതുന്നയാളുകള്‍ നമ്മുടെ പേര് വെച്ച് ഒക്കെ എഴുതുന്നത്. ഈ ഒരു നിമിഷം വരാനാണ് നമ്മള്‍ തുടങ്ങിയ അന്ന് മുതല്‍ ആഗ്രഹിച്ചിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രേമത്തിനെ കുറിച്ചുള്ള പ്രസംഗം……. 

നമ്മള്‍ ഈ കോളേജുകളില്‍ പരിപാടികള്‍ക്കൊക്കെ പോകുമ്പോള്‍ അവിടെയുള്ള സ്റ്റുഡന്‍ഡ് ചോദ്യങ്ങള്‍ ചോദിക്കും. അങ്ങിനെയൊരു പരിപാടിയില്‍ ചോദിച്ച ചോദ്യമായിരുന്നു പ്രണയമുണ്ടോ എന്ന്. അത് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ട് എന്നൊന്നും അറിയാതെയാണ് വളരെ സത്യസന്ധമായി എനിക്ക് ഉണ്ടായിരുന്ന ഒരു പ്രണയത്തെ കുറിച്ച് പറഞ്ഞത്. ആ സമയത്ത് പറ്റില്ല എന്ന് പറഞ്ഞ് റിജക്റ്റ് ചെയ്യേണ്ടി വന്നു. എന്റെ ഒരു നല്ല സുഹൃത്ത് കൂടിയാണ് അവള്‍. എന്നോട് ഈ അടുത്തുവരെ പറഞ്ഞിരുന്നത് സിനിമ എന്ന് പറഞ്ഞു നടക്കാതെ മറ്റെന്തെങ്കിലും കൂടി ചെയ്യാനായിരുന്നു. അവളുടെ ഉദ്ദേശ്യം ഞാന്‍ രക്ഷപ്പെടാന്‍ സാധ്യതയില്ല സിനിമ എന്ന പറഞ്ഞ് ജീവിതം നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ്. അത് കണ്ട് പടങ്ങള്‍ കാണുമ്പോള്‍ ഇങ്ങനെ ആ രക്ഷപ്പെടാന്‍ സാധ്യതയുണ്ട് എന്നൊക്കെയാണ്. പിന്നെ ഇന്നലെയാണ് അവര് പടം കണ്ടത്. പടം കണ്ട് കഴിഞ്ഞ് എന്നോട് പറഞ്ഞു നീ രക്ഷപ്പെടാന്‍ സാധ്യതയുണ്ട് വേറെ പണിക്കൊന്നും പോകേണ്ടി വരില്ല എന്നാണ്.

കൊച്ചുണ്ണി, പ്രേതം 2, ഇപ്പോള്‍ വാരിക്കുഴി 2018 ഒരു ഭാഗ്യ വര്‍ഷമായിരുന്നോ?

പടം തുടങ്ങുന്നേരം രജീഷ് ഏട്ടന്‍ പറഞ്ഞു താടിയും മുടിയും നമുക്ക് വളര്‍ത്താമെന്ന്. അത് വളരെ മെസിയായി മുടിയും താടിയും ഒക്കെ ചുമ്മാ വളര്‍ത്തിയതാണ്. അതേ സമയത്താണ് കായംകുളം കൊച്ചുണ്ണിയും വരുന്നത്. അതും ഇതേപോലുള്ള ഒരു ക്യാരക്ടറായിരുന്നു. കായംകുളം കൊച്ചുണ്ണി എനിക്ക് തോന്നുന്നത് ഞാന്‍ സിനിമ കാണാന്‍ തുടങ്ങിയ കാലഘട്ടം മുതല്‍. എല്ലാ വെള്ളിയാഴ്ചയും അപ്പന്റെയും അമ്മയുടെയും കൂടെ പടം കാണാന്‍ പോകുമായിരുന്നു. ആ കാലഘട്ടം മുതല്‍ എന്റെയുള്ളില്‍ എല്ലാം സിനിമയോടുള്ള ഒരു ഇഷ്ടം ഉണ്ടാക്കിയ ആളുകളില്‍ ഒരാളാണ് ലാല്‍ സാറൊക്കെ. ആ ലാല്‍ സാറെ ഒക്കെ നേരിട്ട് കാണുക തൊടാന്‍ പറ്റുക എന്നൊക്കെ വലിയ കാര്യമായിരുന്നു.

കൊച്ചുണ്ണി ചെയ്തത് ഒരു ദിവസം മംഗലാപുരത്ത് കൊച്ചുണ്ണി ചെയ്ത് അന്ന് ട്രെയിനില്‍ തിരിച്ച് എറണാകുളം എത്തി ഇവിടെ ഷുട്ട് ചെയ്ത് വീണ്ടും അങ്ങോട്ട് പോയി അങ്ങിനെയൊക്കെയായിരുന്നു. അതില്‍ നിവിന്‍, റോഷന്‍ സാര്‍ അവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റി.

അത് കഴിഞ്ഞ ഉടനെ ജയട്ടന്റെയും രഞ്ജിത് എട്ടന്റെയും പ്രേതം 2 ചെയ്യാന്‍ പറ്റി. അത് കഴിഞ്ഞാണ് വാരിക്കുഴി റിലീസ് ചെയ്യുന്നത്. അത് 2019 ആണെങ്കിലും ഒരു ഭാഗ്യവര്‍ഷമായിരുന്നു 2018.

രജിഷ് സംവിധാനം ചെയ്ത ആദ്യ സിനിമ ലാല്‍ ബഹുദൂര്‍ ശാസ്ത്രിയില്‍ സിനിമാമോഹിയായിരുന്നു. രണ്ടാമത്തെ സിനിമയില്‍ ഹീറോ ആവുന്നു…. ?

ശരിക്കും ലാല്‍ ബഹദുര്‍ ശാസ്ത്രി കണ്ടയാളുകള്‍ക്ക് അറിയാം. അര്‍ജുന്‍ എന്ന കഥാപാത്രം സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി എന്തും ചെയ്യുന്നയാളാണ്. ആ പടം അവസാനിക്കുന്നത് തന്നെ വൈറ്റില ജംങ്ഷനില്‍ ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ച് ആ പോസ്റ്റര്‍ കാണിക്കുന്ന രീതിയിലാണ്.

അന്ന് പടം കാണുമ്പോള്‍ ഞാനിങ്ങനെ അമ്മയോടൊക്കെ പറയുമായിരുന്നു ഇതേ പോലെ രജിഷ് ഏട്ടന്റെ പടത്തില്‍ തന്നെ നായകനായി അഭിനയിക്കാന്‍ കഴിയട്ടെ എന്ന്. ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് രജിഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതേ പോലെ നായകനായി എറണാകുളം വൈറ്റില ജംങ്ഷനില്‍ ഞാന്‍ നായകനായുള്ള പോസ്റ്റര്‍. ആഗ്രഹിച്ച പോലെ തന്നെ നടക്കുമ്പോള്‍ എന്തൊക്കെയോ ഉണ്ട്….

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.