ഊറ്റം കൊള്ളാന്‍ കാല്‍പന്തല്ലാതെ സിനിമയുമുണ്ട്; 'സുഡാനി ഫ്രം നൈജീരിയ' സംവിധായകന്‍ സക്കരിയ സംസാരിക്കുന്നു
Interview
ഊറ്റം കൊള്ളാന്‍ കാല്‍പന്തല്ലാതെ സിനിമയുമുണ്ട്; 'സുഡാനി ഫ്രം നൈജീരിയ' സംവിധായകന്‍ സക്കരിയ സംസാരിക്കുന്നു
ഷെഫീഫ യൂസഫ്
Saturday, 24th March 2018, 5:00 pm

മലബാറിന്റെ മണ്ണില്‍ കൊടിയിറങ്ങാതെ എന്നും ആവേശമായി അലയടിക്കുന്ന ഒരൊറ്റ ഉത്സവമേ ഒള്ളൂ,അത് എന്തെന്ന് ആരോട് ചോദിച്ചാലും ഒരൊറ്റശബ്ദത്തില്‍ ഉറക്കെപറയും “കാല്‍പന്ത്”കളിയെന്ന്.ഭൂരിഭാഗം മലബാറികളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന നിറവും രാഷ്ട്രീയവും ജീവിതവുമെല്ലാം കുറെ വര്‍ഷങ്ങളായി ഈ പന്ത് കളിയാണ്.മൈതാനങ്ങളില്‍ പൊടിപാറിച്ചിരുന്ന പന്തുകളി വെള്ളിത്തിരയിലേക്ക് ചുവട് മാറിയപ്പോള്‍ ഇരു കൈകളും നീട്ടി കൈയടിക്കാത്തവര്‍ ആരുമില്ലായിരുന്നു.

വന്‍ താര നിരകള്‍ അണിനിരക്കാതെ സ്‌ക്രീനില്‍ എത്തിയ “സുഡാനി ഫ്രം നൈജീരിയ”പേരുപോലെ തന്നെ പ്രേക്ഷകരെ കിടുക്കിയിരിക്കുകയാണ്.വലിയ പ്രതീക്ഷയോടെ കാത്തിരുന്ന പ്രത്യേകിച്ച് മലപ്പുറത്തുകാര്‍ക്ക് ഒരുതരിപോലും നിരാശരാകേണ്ടി വന്നില്ല.ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സുഡാനിയെ സ്നേഹിക്കാത്തവര്‍ ആരുമില്ലാതായി.എന്നാല്‍, ഈ ചിത്രത്തിന് പിന്നില്‍ പഴയൊരു പള്ളിക്കൂടം കേട്ടുമടുത്ത ഒരു ആഗ്രഹത്തിന്റെ സാക്ഷാല്‍ക്കാരം കൂടിയാണ്.

പഠിക്കുന്ന കാലം തൊട്ടേ കുഞ്ഞുസിനിമകളാല്‍ കൂട്ടുകാരെയും നാട്ടുകാരെയുമൊക്കെ വിസ്മയിപ്പിച്ച് പള്ളികൂടങ്ങളോട് സിനിമ മോഹം പറഞ്ഞു നടന്ന അന്നത്തെ പയ്യനാണ് സുഡാനിയുടെ സംവിധായകന്റെ വേഷത്തില്‍ അവതരിച്ചിരിക്കുന്നത്.വര്‍ഷങ്ങളായി ഉള്ളില്‍ വളവും വെളളവും കൊടുത്ത് നട്ടുവളര്‍ത്തിയ ആ സ്വപ്നം ഇന്ന് പൂവണിഞ്ഞപ്പോള്‍ നവാഗത സംവിധായകന്‍ സക്കറിയയുടെ ഓര്‍മ്മകള്‍ ആദ്യംചെന്നെത്തിയത് ആ പള്ളിക്കൂടത്തിന്റെ കളിമുറ്റത്തേക്ക് ആയിരുന്നു. കണ്ടുതുടങ്ങുമ്പോള്‍ നമ്മുടെ ഹൃദയത്തിനടുത്തു വന്നിരിക്കുന്ന, ചിരിപ്പിക്കുകയും കണ്ണു നനയിക്കുകയും ചെയ്യുന്ന, ജീവിതത്തിന്റെ തെളിച്ചത്തെയും വെളിച്ചത്തെയും പറ്റി ചിലതൊക്കെ പറഞ്ഞുതരുന്ന സിനിമ കൂടിയാണ് സുഡാനി ഫ്രം നൈജീരിയ.സിനിമയിലേക്കുള്ള കടന്നുവരവുകളെയും ജീവിതത്തെയും കുറിച്ചുമെല്ലാം “ഡൂള്‍ന്യൂസിന്”നല്‍കിയ അഭിമുഖത്തില്‍ സക്കരിയ പങ്കുവെക്കുന്നു.

 

മലപ്പുറത്തെ ഇത്ര മനോഹരമായി അടയാളപ്പെടുത്തിയ ആദ്യത്തെ സിനിമ എന്ന് തന്നെ സുഡാനിയെ വിശേഷിപ്പിക്കാം. ഇതിന്റെ വിജയരഹസ്യം എന്താണ്?

സംശയം വേണ്ട ഞാനൊരു മലപ്പുറം ക്കാരനായതു കൊണ്ടാവാം മലപ്പുറത്തെ പ്രതിനിധീകരിച്ച് ചിത്രം സംവിധാനം ചെയ്തത്. മലപ്പുറം സ്ളാങ്ങ് ഒരിടത്തു പോലും ചോരാതെയാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും അഭിനയിച്ചിരിക്കുന്നത്. ഇതു തന്നെയാണ് സുഡാനിയുടെ ഏറ്റവും വലിയ വിജയ രഹസ്യം.

മലപ്പുറത്തെ രണ്ടു ഉമ്മമാരുടെ കഥയാണ് “സുഡാനി ഫ്രം നൈജീരിയയുടെ” ആത്മാവ് എന്നു വേണമെങ്കില്‍ പറയാം. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

സ്നേഹം കൊണ്ട് ഊട്ടുകയും, ആശങ്കകളിലും സങ്കടങ്ങളിലും ദുആ ഇരക്കുകയും, സന്തോഷങ്ങളില്‍ ആദ്യം അല്‍ഹംദുലില്ലാഹ് എന്നു പറയുകയും ചെയ്യുന്ന രണ്ടു ഉമ്മമാരുടെ കഥ തന്നെയാണിത്. ഒരു അസുഖം വന്നാല്‍ പിന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും മാറാതെ എരും പുളിം ഇല്ലാത്ത ഭക്ഷണം ഉണ്ടാക്കിത്തന്ന് “തടി നന്നാക്കുന്ന”, നെറ്റിയില്‍ ഉഴിഞ്ഞ് പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് ഊതിത്തരുന്ന, മമ്പുറത്തു പോയാല്‍ എല്ലാം നേരയാകും എന്നു വിശ്വസിക്കുന്ന രണ്ടുമ്മമാര്‍. ആ ഉമ്മമാരുടെ സ്നേഹവും വാത്സല്യവും കരുതലും കൗതുകവും തമാശയും വേദനയും പായേരപ്പെട്ടിയും എല്ലാം ഈ ചിത്രത്തില്‍ പങ്കുവെക്കുന്നു. അതില്‍ കഥാ പാത്രങ്ങളായി അഭിനയിച്ച സാവിത്രി ശ്രീധരന്‍, സരസ്സ ബാലുശ്ശേരി കഥാപാത്രത്തെ മികവുറ്റ വരാക്കിയത്.

സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്ന സുഡാനിയും മജീദ് എന്ന മലപ്പുറംകാരനും തമ്മിലുള്ള ആത്മബന്ധമാണല്ലോ ചിത്രത്തിന്റെ പ്രമേയം.സാമുവലുമായ ആത്മബന്ധം ആദ്യസിനിമയെ എത്രത്തോളം ഗുണം ചെയ്തു?

സിനിമയുടെ തുടക്കം മുതല്‍ക്കേ സാമുവലുമായി നല്ല അടുപ്പത്തിലായിരുന്നു.നടനും സംവിധായകനും എന്നതിലുപരി നല്ല കൂട്ടുകാരെ പോലെ അടുത്ത് ഇടപെഴുകിയാണ് ഞങ്ങള്‍ ഈ സിനിമ വിജയകരമായി പൂര്‍ത്തീകരിച്ചത്.ആഫ്രിക്കയില്‍ നിന്നുള്ള 19വയസുകാരനാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍.14 ചിത്രങ്ങളില്‍ സാമുവല്‍ അഭിനയിച്ചിട്ടുണ്ട്.ആദ്യമായിട്ടാണ് വിദേശഭാഷ ചിത്രത്തില്‍ മുഖംകാണിക്കുന്നത്.അഭിനയ മികവില്‍ തന്നെ വല്ലാതെ അത്ഭുതപെടുത്തിയിട്ടുണ്ട് സാമുവല്‍.ആദ്യഷോട്ടില്‍ തന്നെ പലസീനുകളും പകര്‍ത്താന്‍ സാധിച്ചു.

കൂടെയുള്ള സഹപ്രവര്‍ത്തകര്‍ക്കും ഈ 19കാരന്‍ ഒരുഅത്ഭുതമായിരുന്നു.സിനിമയില്‍ പ്രത്യേകിച്ചൊരു ലാഭവുമില്ലാഞ്ഞിട്ടും സെവന്‍സ് ക്ലബ് നടത്തിക്കൊണ്ടു പോകുന്ന മജീദിന്റെ ക്ലബിലെ കളിക്കാരാണ് സുഡാനിയും അവന്റെ ചങ്ങാതിമാരും. ഒരു ദിവസം പെട്ടെന്ന് സുഡാനിക്ക് ചെറിയൊരു അപകടം പറ്റുന്നു. തുടര്‍ന്ന്, അവന്റെ സംരക്ഷണം മജീദ് ഏറ്റെടുക്കുന്നതും പിന്നീടങ്ങോട്ടുള്ള ഇരുവരുടെയും ജീവിതവുമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിര്‍മാതാക്കളുടെ അനുവാദം ലഭിച്ചതോടെ ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളിലെയും മികച്ച നടന്മാരുടെ ലിസ്റ്റ് ഉണ്ടാക്കി. ഫേസ്ബുക്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഫിലിം ഫ്രറ്റേണിറ്റികളുമായി ബന്ധപ്പെട്ടു. ഇതിനിടെയാണ് ഗൂഗിളില്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്ന നടന്റെ ഫോട്ടോ കാണാന്‍ ഇടയാകുന്നത്.

ഫോട്ടോ കണ്ട് തോന്നിയ കൗതുകത്തെ തുടര്‍ന്നുള്ള തിരച്ചിലില്‍ നൈജീരിയയിലെ ഏറ്റവും ചെറുപ്പക്കാരനായ ടി.വി സീരീസ്-സിനിമാ നടന്‍ ആണ് അദ്ദേഹമെന്ന് മനസ്സിലാകുന്നത്. നൈജീരിയയില്‍ തന്നെ ഉള്ള ഏജന്‍സിയെ ഇ-മെയില്‍ വഴി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെയാണ് അദ്ദേഹത്തോട് കാര്യങ്ങള്‍ അവതരിപ്പിച്ചു സിനിമയിലേക്ക് ക്ഷണിക്കുന്നത്.

 

മലപ്പുറത്തുകാരുടെ അടങ്ങാത്ത ഫുട്ബോള്‍ പ്രേമം സിനിമയിലെ പ്രധാനഘടകമാണ്. കൂടാതെ, തങ്ങള്‍ ഒരു മലപ്പുറത്തുകാരനും നാട്ടുകാരുടെ പിന്തുണയെ കുറച്ച് പറയാമോ?

നാട്ടുകാര്‍ ശരിക്കും എന്നെ അത്ഭുതപെടുത്തുകയായിരുന്നു.പ്രതീക്ഷിച്ചതിലും വലിയ സഹകരമാണ് അവര്‍ ഈ സിനിമക്ക് വേണ്ടി ചെയ്തുതന്നത്.അത് വിസ്മരിക്കാന്‍ കഴിയില്ല. മലപ്പുറത്ത് വളാഞ്ചേരിക്കടുത്ത് പൂക്കാട്ടിരിയാണ് എന്റെ നാട് . ഞങ്ങളുടെ പ്രദേശത്തും അടുത്ത പ്രദേശത്തും സെവന്‍സ് ടൂര്‍ണമെന്റ്കള്‍ നടക്കാറുണ്ട്.സുഹൃത്തുക്കളില്‍ സെവന്‍സ് ടൂര്‍ണമെന്റ് കളിക്കുന്നവരുമുണ്ട്. ഞങ്ങളുടെ ഗ്രാമത്തില്‍ ആഫ്രിക്കന്‍ കളിക്കാര്‍ താമസിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ക്ലബ്ബുകളുടെ ഫാന്‍സുകാരുണ്ട്. ഗ്രൗണ്ടിന് പുറത്തെ സൗഹൃദങ്ങള്‍ ഉണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. മത്സരത്തിന്റെ വാശികള്‍ ഉണ്ട്. ഭാഷയും ദേശങ്ങളും കടന്നുള്ള സൗഹൃദങ്ങള്‍ ഉണ്ട്. കൂടിച്ചേരലുകള്‍ ഉണ്ട്. ഇങ്ങനെയുള്ള ഒരു കൗതുകത്തില്‍ നിന്നാണ് എന്റെ മനസ്സില്‍ ഈ കഥ ഉടലെടുക്കുന്നത്.

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ആദ്യ ചിത്രം എന്ന സവിശേഷത കൂടി സുഡാനി ഫ്രം നൈജീരിയക്കുണ്ട്.ഫുട്ബോള്‍ പശ്ചാത്തലമുള്ള ഒരു കഥയോടുള്ള സൗബിന്റെ സമീപനം?

നടന്റെ വേഷവുമായി സൗബിനിലേക്ക് എത്തിപ്പെടുന്നത് വളരെ യാദൃച്ഛികമായാണ്.സൗബിനെ ഒരിക്കലും ഈ സിനിമക്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല.എന്നാല്‍,തങ്ങളുടെ കാഴ്ചപ്പാടുകളെയെല്ലാം തെറ്റിച്ചാണ് സൗബിന്റെ കടന്നുവരവ്. ഫുട്ബോള്‍ പശ്ചാത്തലമുള്ള സിനിമ സൗബിനെ ലവലേഷംപോലും തളര്‍ത്തിയില്ലെന്ന് വേണം പറയാന്‍.കൂടാതെ,സൗബിന്‍ ഒരു നല്ല ഒരു വ്യക്തിയാണ്. പിന്നെ, മറ്റെല്ലാവരെയും പോലെ തന്നെ താന്‍ ഉള്‍പ്പെടുന്ന സിനിമ നന്നാവണമെന്നു ആഗ്രഹമുള്ള ആളാണ് സൗബിന്‍. ആ നിലയ്ക്ക് എല്ലാ അര്‍ത്ഥത്തിലും സൗബിന്‍ ഈ വര്‍ക്കിന്റെ ഭാഗമായിരുന്നു.ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സാരഥിയാണ് സൗബിനെ നിര്‍ദേശിക്കുന്നത്. എന്നാല്‍ രാജീവ് രവി,ഷൈജു ഖാലിദ്,സമീര്‍ താഹിര്‍ എന്നിവര്‍ സൗബിനോട് സംസാരിച്ചതോടെ അത് യാഥാര്‍ഥ്യമാകുകയായിരുന്നു.

 

ചിത്രത്തിന്റെ നിര്‍മ്മാണം ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയിന്‍മെന്റിലേക്കും സമീര്‍ താഹിര്‍, ഷൈജു ഖാലിദ് തുടങ്ങിയവരിലേക്കും എത്തിപ്പെട്ടതിനെ കുറച്ച്

ഒരു പുതുമുഖത്തോടൊപ്പം സിനിമ ചെയ്യാന്‍ ഒരു താരം താല്പര്യപ്പെടുമോ എന്നതായിരുന്നു എന്റെ പ്രധാന ആശങ്ക.അതിനാല്‍ ഈ കഥ സ്വതന്ത്ര സിനിമയായി ചെയ്യാന്‍ ആണ് തീരുമാനിച്ചത്.നവാഗതന് ഇന്‍ഡസ്ട്രിയിലേക്ക് കടക്കാന്‍ നിരവധി കടമ്പകള്‍ താണ്ടേതുണ്ട്.മലയാള സിനിമയിലുള്ള സുഹൃത്തുക്കളെ അഭിനേതാക്കളായി മനസ്സില്‍ കണ്ട് ഒരു പ്രൊജക്ട് രൂപപ്പെടുത്തിയിരുന്നു. ശേഷം രാജീവ് രവിയുടെ കളക്ടീവ് ഫേസിന്റെ ബാനറില്‍ ചെയ്യാന്‍ കഴിയുമോ എന്നു സംസാരിക്കാന്‍ വേണ്ടി അദ്ദേഹത്തെ സമീപിച്ചു. കഥ ഇഷ്ടപ്പെട്ട രാജീവ് രവി ചിത്രം സ്വതന്ത്രസിനിമയായി ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തി. ചെറു സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ സാരഥിയെ പോയി കാണാന്‍ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.സാരഥിയും ചിത്രം വലിയ കാന്‍വാസില്‍ ചെയ്യാന്‍ ഉപദേശിച്ചു. സാരഥിയുടെ തന്നെ നിര്‍ദേശപ്രകാരം ആണ് സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരെയും സമീപിക്കുന്നത്. കഥ പറയാന്‍ അവസരം കിട്ടിയെങ്കിലും പ്രതീക്ഷകളില്ലാതെ ആണ് കൊച്ചിയില്‍ പോയി ഇരുവരെയും കാണുന്നത്. എന്നാല്‍ അവര്‍ കഥ കേട്ട് ഇഷ്ടപ്പെട്ട് മുന്നോട്ടു പോകാമെന്ന് പറയുകയായിരുന്നു. പറഞ്ഞുഅറിയിക്കാന്‍ പറ്റാത്ത അത്രയും സന്തോഷം ആസമയം മനസ്സില്‍ നിറഞ്ഞിരുന്നു.

 

സുഡാനിയിലെ മറ്റ് കഥാപാത്രങ്ങള്‍ എല്ലാം തന്നെ മികച്ച് സെലക്ഷന്‍ ആയിരുന്നു. എങ്ങിനെയായിരിന്നു കഥാപാത്രങ്ങളെ കണ്ടെത്തിയത് ?

സൗബിനും സാമുവലിനും പുറമെയുള്ള ബാക്കിയുള്ള മിക്ക കഥാപാത്രങ്ങളെയും എന്റെ ചുറ്റുപാടില്‍ നിന്ന് കണ്ടെത്തിയവരാണ്. ഇവരില്‍ കൂടുതല്‍ പേരും പുതുമുഖങ്ങളും.സിനിമാ രംഗത്തുള്ള സുഹൃത്തുകളും ചിത്രത്തിലുണ്ട്.അതുപോലെ പ്രധാനപ്പെട്ട രണ്ടു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച സാവിത്രി ശ്രീധരന്‍, സരസ്സ ബാലുശ്ശേരി എന്നിവര്‍ 1960 കള്‍ മുതല്‍ മലയാള പ്രൊഫഷണല്‍ നാടക രംഗത്ത് തിളങ്ങി നില്‍ക്കുന്ന, സംസ്ഥാന അവാര്‍ഡ് നേടിയ നടിമാരാണ്.സുഹൃത്തുക്കളും നടന്മാരുമായ അനീഷ് ജി മേനോന്‍, ലുഖ്മാന്‍, തുടങ്ങിയവരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്. കോമഡി ഉത്സവത്തില്‍ പ്രശസ്തനായ നവാസ് വള്ളിക്കുന്ന് ഒരു നല്ല വേഷം ചെയ്യുന്നുണ്ട്. നാടക ഗ്രൂപ്പുകളില്‍ നിന്നുമുള്ള കുറച്ചു നല്ല അഭിനേതാക്കളും ചിത്രത്തിലുണ്ട്.ഇവരെല്ലാം മികച്ച രീതിയില്‍ തന്നെ അഭിനയിക്കുകയും സിനിമയുടെ പൂര്‍ത്തീകരണത്തിന് വേണ്ടിസഹായിക്കുകയും ചെയ്തു.

സിനിമ എന്ന ഒരു സ്വപ്നത്തിലേക്ക് താങ്കള്‍ എങ്ങിനെയാണ് എത്തുന്നത് ?

ചെറുപ്പം മുതലേ സിനിമ കൂടെ ഉണ്ട്. സിനിമ എനിക്കെപ്പോഴും വിസ്മയമായിരുന്നു. ഉള്ളില്‍ കൊണ്ടു നടന്ന മോഹം പൂവണിഞ്ഞ സന്തോഷമാണെനിക്കിപ്പോള്‍.വലിയൊരു ക്രൂവിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് ഒരു അനുഗ്രഹമായി കാണുന്നു. കുറച്ചു ഷോട്ട് ഫിലിമുകളോടൊപ്പം ഹാങ്ങ് ഓവര്‍”” ,ഒമാന്‍ ചിത്രം “”അസീല്‍”” തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച മുന്‍ പരിചയമേയുള്ളു. ഞാന്‍ ഒരു തുടക്കക്കാരന്‍ മാത്രമാണ്. സിനിമയെക്കുറിച്ച് ഒരു പാട് കാര്യങ്ങള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ മുതല്‍ ഇപ്പോള്‍ വരെ ഓരോ പുതിയ കാര്യങ്ങള്‍ ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. പൂര്‍ണ്ണ പിന്തുണ നല്‍കി കുടുംബവും സുഹൃത്തുക്കളും അതിലുപരി എന്റെ നാട്ടുകാരും എന്നോടൊപ്പമുണ്ട്. അതാണെന്റെ വിജയം.

ഷെഫീഫ യൂസഫ്
മാധ്യമപ്രവര്‍ത്തകയാണ് ലേഖിക