ശാസ്ത്ര വിരുദ്ധത ചോദ്യം ചെയ്താല്‍ രാജ്യദ്രോഹിയാകുന്ന കാലം: ഹാമിദ് ധബോല്‍ക്കര്‍
കൊല്ലപ്പെട്ടത്തിന് ശേഷം തന്റെ പിതാവിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും മഹാരാഷ്ട്രക്ക് പുറത്തേക്കും വ്യാപിച്ചെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കറിന്റെ മകന്‍ ഹാമിദ് ധബോല്‍ക്കര്‍. നരേന്ദ്ര ധബോല്‍ക്കറിന്റെ പത്താം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013 ആഗസ്ത് 20നാണ് പൂനൈ സിറ്റിയിലെ വിത്തല്‍ റാംജി ഷിന്‍ഡെ പാലത്തിന് സമീപത്ത് വെച്ച് പ്രഭാത സവാരിക്കിടെ ധബോല്‍ക്കര്‍ക്ക് വെടിയേറ്റത്.
ധബോല്‍ക്കറിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ടില്ലെന്നും അത് മഹാരാഷ്ട്രക്ക് പുറത്തേക്ക് വ്യാപിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും ഹാമിദ് ധബോല്‍ക്കര്‍ പറയുന്നു. ‘ശാസ്ത്രബോധത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും സൂക്ഷമപരിശോധനകളുടെയും കാര്യത്തില്‍ രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്, ശാസ്ത്രീയ അടിത്തറയില്ലാത്തവര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളാണ് ഇന്ന് പൊതു ഇടങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. റാഫേല്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍ നാരങ്ങ വെക്കുന്നത് പോലുള്ള പരസ്യമായ ശാസ്ത്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ധബോല്‍ക്കര്‍ കൊല്ലപ്പെടുന്നതിന് മുമ്പും നടന്നിരുന്നെങ്കിലും അന്നൊക്കെ അത് ഇതുപോലെ പരസ്യമായിരുന്നില്ല. എന്നാല്‍, ഇന്ന് അത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പ്രകടപ്പിക്കുന്നതിനും യാതൊരു മടിയും മറയുമില്ലാതായിരിക്കുന്നു എന്നതാണ് വ്യത്യാസം. മതങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം അനാചാരങ്ങള്‍ നിലനില്‍ക്കുന്നത്. ഏതെങ്കിലും തരത്തില്‍ ഇതിനെയെല്ലാം ചോദ്യം ചെയ്താല്‍ അവര്‍ രാജ്യദ്രോഹികളും ദേശദ്രോഹികളുമാകുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. അത് കൊണ്ട് തന്നെ യുക്തിവാദികളുടെ പ്രവര്‍ത്തനം ഇന്ന് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായി മാറിയിരിക്കുന്നു.
മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് കേസര്‍കര്‍ തന്റെ ഷിര്‍ദി സന്ദര്‍ശനം കാരണമാണ് കോലാപൂരിലെ വെള്ളപ്പൊക്കം തടഞ്ഞതെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. അധികാരത്തിലിരിക്കുന്നവരും അല്ലാത്തവരുമായ പ്രമുഖര്‍ നിരന്തരമായി ഇത്തരം അവകശാവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്തരം അവകാശ വാദങ്ങള്‍ ബ്ലാക്മാജിക് വിരുദ്ധ നിയമത്തിന് കീഴില്‍ വരുന്ന കുറ്റങ്ങളായി കണക്കാക്കാമെങ്കിലും അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് വേദിയൊരുക്കയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെയും അവകാശവാദങ്ങളെയും ചെറുക്കുക എന്നത് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യങ്ങളായി മാറിയിരിക്കുകയാണ്.
ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സൗകര്യങ്ങള്‍ പോലും അന്ധവിശ്വാസ പ്രചാരണത്തിന് വേണ്ടിയാണ് പലരും ഉപയോഗിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം ആയിരത്തിലധികം കേസുകള്‍ ബ്ലാക് മാജിക് നിരോധന നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 50 ശതമാനത്തിലധികം കേസുകളും പൊലീസിന്റെയും പൗരസമൂഹത്തിന്റെയും ഇച്ഛാശക്തിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളാണ്. ഇത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകള്‍ ഇനിയുമുണ്ട്.
പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് ഇപ്പോഴും കോടതിക്ക് മുന്നിലാണ്. അത് കൊണ്ട് തന്നെ കേസിന്റെ മെറിറ്റിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കാനാകില്ല, പക്ഷേ കൊലപാതകത്തിന്റെ സൂത്രധാരന്‍മാര്‍ ഇപ്പോഴും ഒളിവിലാണ്. ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെയെല്ലാം കൊലപാതകങ്ങള്‍ വിപുലമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും അവ പരിശോധക്കപ്പെടേണ്ടതാണെന്നും സി.ബി.ഐ തന്നെ വ്യക്തമാക്കിയ കാര്യമാണ്,; ഹാമിദ് ധാബോല്‍ക്കര്‍ പറഞ്ഞു.
2013 ആഗസ്ത് 20നാണ് നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. പന്‍വേലിലെ ഒരു ഇ.എന്‍.ടി സര്‍ജന്‍ വിരേന്ദ്രസിങ് താവ്‌ഡെയാണ് കൊലപാതകത്തിന് പിന്നിലെ ആസൂത്രകനെന്ന് അന്നു തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. വെടിയുതിര്‍ത്ത സച്ചിന്‍ ആന്ദുരെ, ശരദ് കലാസ്‌കര്‍ എന്നിവരെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഗോവിന്ദ് പന്‍സാരെയുടെ കൊലപാലതകത്തിലും പ്രതികളാണ്. ശരദ്കലാസ്‌കര്‍ തീവ്രഹിന്ദുത്വ സംഘടനയായ സനാതര്‍ സന്‍സ്താനയുടെ അനുഭാവിയാണ്.
content highlights: Interview of Narendra Dhabholkar’s son on 10th Martyr’s Day