ന്യൂദല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷില്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.
ആറ് ആഴ്ചയായി നിശ്ചയിച്ച ഇടവേളയാണ് എട്ട് ആഴ്ചയായി മാറ്റണമെന്ന് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍, നാഷണല്‍ എക്സ്പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ കൊവിഡ്-19 എന്നിവ ചേര്‍ന്നാണ് വാക്സീന്‍ ഡോസ് വിതരണം ചെയ്യുന്ന ഇടവേള സംബന്ധിച്ച് പുനഃപരിശോധന നടത്തിയത്.
അതേസമയം ഓക്സ്ഫോഡ് ആസ്ട്രാസെനെക്ക വാക്സിന്‍, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കില്ല.
ഇവ പഴയ പോലെ തന്നെ ആറ് ആഴ്ചത്തെ ഇടവേളയാണ് വാക്‌സീന്‍ സ്വീകരിക്കാന്‍ എടുക്കേണ്ടത്. കൊവിഡ് വാക്സീന്‍ രണ്ടാം ഡോസ് ആറ്-എട്ട് ആഴ്ചയ്ക്കുള്ളില്‍ നല്‍കുന്നതാണ് ഫലപ്രാപ്തി വര്‍ധിപ്പിക്കുക.
മാര്‍ച്ച് 20 വരെയുള്ള കണക്ക് പ്രകാരം രാജ്യത്താകമാനം 3,24,26,230 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 2.37 ശതമാനം മാത്രമാണിത്.
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ സിക്കിം, കേരളം, ഗോവ സംസ്ഥാനങ്ങളാണ് മുന്നില്‍. മാര്‍ച്ച് ഇരുപത് വരെയുള്ള കണക്ക് പ്രകാരം 6.9 ലക്ഷം ജനസംഖ്യയുള്ള സിക്കിമില്‍ ഏഴ് ശതമാനം പേര്‍ക്ക് കൊവിഡ് വാക്‌സിന്റെ ആദ്യഡോസ് നല്‍കിയിട്ടുണ്ട്.
48331 പേര്‍ക്കാണ് സിക്കിമില്‍ വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ജനസംഖ്യാപരമായി ഏറെ മുന്നിലുള്ള കേരളം വാക്‌സിന്‍ വിതരണത്തിലും മുന്നിലാണ്.
മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഇതിനോടകം 17,27,014 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ആകെ ജനസംഖ്യയുടെ 4.84 ശതമാനം പേരാണ് കേരളത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നത്.
Content Highlights: interval between doses of the Covishield vaccine should be eight weeks; Central Government with a proposal