ന്യൂദല്‍ഹി: ബിജ് ഭൂഷന്റെ അടുത്ത് നിന്ന് വനിതാ ഗുസ്തി താരം ഒഴിഞ്ഞുമാറുന്നത് കണ്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര ഗുസ്തി റെഫറിയുടെ വെളിപ്പെടുത്തല്‍. ആ സമയത്ത്
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ കുഴപ്പമുള്ളതായി തോന്നിയെന്നും
ഒളിമ്പ്യനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവും അന്താരാഷ്ട്ര റഫറിയുമായ ജഗ്ബിര്‍ സിങ് പറഞ്ഞു. ദി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈംഗിക ആരോപണക്കേസില്‍ 125 സാക്ഷികളില്‍ ഒരാളാണ് ജഗ്ബിര്‍ സിങ്. അന്വേഷണ സംഘത്തിന് മുന്നില്‍ ഇക്കാര്യങ്ങള്‍ മൊഴിയായി നല്‍കിയിട്ടുണ്ടെന്നും ജഗ്ബിര്‍ സിങ് ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിയില്‍ പറയുന്ന സംഭവം നടന്ന അന്ന് നടന്ന ഫോട്ടോ സെഷനില്‍ പെണ്‍കുട്ടിയുടെ പെരുമാനറ്റത്തിന് എന്തോ കുഴപ്പമുണ്ടെന്ന് വ്യക്തമായിരുന്നുവെന്നും ജഗ്ബിര്‍ സിങ് പറഞ്ഞു. ഫോട്ടോ സെഷനിടെ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും എതിര്‍ത്തപ്പോള് ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടി നല്‍കിയിരുന്ന മൊഴി.
‘ബ്രിജ് ഭൂഷണ്‍ പെണ്‍കുട്ടിയുടെ അടുത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു. പെണ്‍കുട്ടി എന്തോ പറഞ്ഞ് അയാളെ തള്ളിമാറ്റി, തുടര്‍ന്ന് അവിടെനിന്ന് മാറി. പ്രസിഡന്റിന് തൊട്ടടുത്തായിരുന്നു പെണ്‍കുട്ടി നിന്നിരുന്നത്. ഞാന്‍ നല്ല ഉയരമുള്ള ആളായതിനാൽ എനിക്കത് നന്നായി കാണാമായിരുന്നു,’ ജഗ്ബിര്‍ സിങ് പറഞ്ഞു.
അതേസമയം, ബ്രിജ് ഭൂഷനെതിരായ പരാതി വ്യാജമായി നല്‍കിയതാണെന്ന് പോക്സോ കേസിലെ പരാതിക്കാരിയുടെ പിതാവ് രംഗത്തെത്തിയിരുന്നു.
തന്റെ മകളോട് അനീതിയോടെയാണ് മത്സര കാര്യങ്ങളില്‍ ബ്രിജ് ഭൂഷന്‍ പെരുമാറിയതെന്നും അതിനുള്ള പ്രതികാരമായിട്ടാണ് ഈ പരാതിയെന്നുമായിരുന്നു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നത്.
ഈ അഭിമുഖം ഗുസ്തി താരങ്ങളുടെ സമരം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്നുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ സാക്ഷിയായ റെഫറിയുടെ വെളിപ്പെടുത്തല്‍.