മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാലോകവും ബറോസിനായി കാത്തിരിക്കുന്നത്. ബറോസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും ശ്രദ്ധനേടാറുണ്ട്.
ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാലെത്തുന്നത്. വെസ്‌റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തലമൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് ബറോസില്‍ മോഹന്‍ലാലെത്തുന്നത്.
വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുക്കാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന്റെ മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം.
നടന്‍ ഇന്നസെന്റ് ബറോസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഇന്നസെന്റ് കഥകളെന്ന പേരില്‍ കൗമുദി മൂവിസില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയിലാണ് ഇന്നസെന്റ് ബറോസിനെ കുറിച്ച് സംസാരിക്കുന്നത്.
ബറോസിന്റെ ചിത്രീകരണം കാണാന്‍ ഉദയ സ്റ്റുഡിയോയില്‍ പോയതിനെ കുറിച്ചും അവിടെയുണ്ടായ അനുഭവത്തെ കുറിച്ചുമെല്ലാമാണ് ഇന്നസെന്റ് സംസാരിക്കുന്നത്.
‘മോഹന്‍ലാല്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണല്ലൊ. രണ്ട് ദിവസം മുമ്പ് അതിന്റെ ഷൂട്ടിങ് എങ്ങനെയാണ് ചെയ്യുന്നത് എന്നൊക്കെയറിയാന്‍ ഞാന്‍ ബറോസിന്റെ ലൊക്കേഷനില്‍ പോയി. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം മേക്കപ്പ് ചെയ്യുകയായിരുന്നു. ഇന്നസെന്റ് താന്‍ മാത്രേ ഇവിടെ വന്നിട്ടുള്ളു വേറെയാരും വന്നില്ല, എന്ന് ലാല്‍ എന്നെ കണ്ടപ്പാടെ പറഞ്ഞു.
ഞാന്‍ അതിനെ പറ്റി ആലോചിച്ചു. അയാള്‍ക്ക് അവിടേക്ക് എല്ലാവരും വരണമെന്ന് താല്‍പര്യമുണ്ട്. പക്ഷെ എല്ലാവരുടെയും വിചാരം അവിടേക്ക് ആരും വരുന്നതിന് അദ്ദേഹത്തിന് താല്‍പര്യമില്ലെന്നാണ്. അങ്ങനെ അദ്ദേഹം എന്നെ സിനിമയുടെ ചില സംഭവങ്ങളെല്ലാം കാണിച്ചുതരാമെന്ന് പറഞ്ഞ് അകത്തേക്ക് കൊണ്ടുപോയി.
അവിടുത്തെ സെറ്റുകളെല്ലാം കാണിച്ചുതന്നു, അത് കണ്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി തരക്കേടില്ലാത്തൊരു സംഭവമാണ് ആ സിനിമയെന്ന്. അവിടെ ക്യാമറ മാന്‍ സന്തോഷ് ശിവനും പ്രൊഡ്യൂസര്‍ ആന്റണി പെരുമ്പാവൂരും അവിടെയുണ്ടായിരുന്നു. പിന്നെ കുറച്ച് സായിപ്പുമാരും മദാമമാരും ഉണ്ടായിരുന്നു, നമ്മുടെ ആളുകള്‍ ആരേയും കാണാനില്ല.
ലാല്‍ അങ്ങനെ എന്നോട് ഷൂട്ട് ചെയ്ത സീനുകളൊക്കെ കാണിച്ചുതരാമെന്ന് പറഞ്ഞു. അതൊക്കെ കാണാന്‍ വേണ്ടി ഒരു കണ്ണാടി എനിക്ക് തന്നു, ത്രീ ഡി കണ്ണാടിയായിരുന്നു. ത്രീ ഡി സിനിമകളൊക്കെ ഇറങ്ങിയിട്ടുണ്ടെങ്കിലും ഞാന്‍ ആദ്യമായിട്ടായിരുന്നു ത്രീ ഡി കണ്ണട വെച്ചത്.
കൈ ഒക്കെ ചൂണ്ടുമ്പോള്‍ നമ്മുടെയടുത്തേക്ക് വരുന്നതുപോലെ ഒക്കെയായിരുന്നു. ഇതൊക്കെ കണ്ട് ഞാന്‍ ഞെട്ടിപോയി. ലാല്‍ ചോദിച്ചു എങ്ങനെയുണ്ടെന്ന്, വേണമെങ്കില്‍ ആ കണ്ണാടി കയ്യില്‍വെക്കാനും പറഞ്ഞു. അപ്പോള്‍ ഇതിനെയൊക്കെ വളരെ അകലെയായിട്ട് കാണിക്കാനുള്ള കണ്ണാടിയുണ്ടോയെന്നാണ് തിരിച്ച് ചോദിച്ചത്. മനസമാധാനമായിട്ട് ജീവിക്കാലോയെന്ന് കരുതിയിട്ടാണ് ചോദിച്ചതെന്ന് പറഞ്ഞു.
സിനിമ ഓടുമോ ഇല്ലയോ എന്നൊന്നുമല്ല, പക്ഷെ അതൊരു വലിയ സംഭവമായിരിക്കുമെന്നാണ് തോന്നുന്നത്. മലയാള സിനിമയില്‍ ഞാന്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ കണ്ടിട്ടില്ല. അത്രയും സമയമെടുത്താണ് ഓരോ ഷോട്ടുകളുമെടുക്കുന്നത്,’ ഇന്നസെന്റ് പറഞ്ഞു.
Content Highlights: Innocent says about Barroz and Mohanlal